ADVERTISEMENT

ബേപ്പൂർ ∙ ലക്ഷദ്വീപിൽ നിന്നു തുറമുഖം വഴി കൊപ്രയുടെ വരവ് തുടങ്ങി. കവരത്തി, ആന്ത്രോത്ത്, അമിനി, കടമത്ത്, അഗത്തി ദ്വീപുകളിൽ നിന്നു ടൺ കണക്കിനു കൊപ്രയാണ് ഉരുവിൽ തുറമുഖത്ത് എത്തിക്കുന്നത്.കൊപ്രയ്ക്കു വിപണി വില വളരെ കുറവായതു കാരണം ഇതുവരെ ഉൽപന്നം എത്തിക്കാൻ ദ്വീപുകാർ വിമുഖത കാണിച്ചിരുന്നു. ഇനിയും കാത്തിരുന്നാൽ മൺസൂണിൽ കൊപ്ര സൂക്ഷിക്കാൻ കഴിയാതെ പ്രയാസപ്പെടേണ്ടി വരുമെന്നു കണ്ടാണു പലരും വിലക്കുറവ് അവഗണിച്ചു വൻകരയിലേക്ക് ചരക്ക് എത്തിക്കുന്നത്. 

മുൻ വർഷങ്ങളിൽ ക്വിന്റലിന് 13,500 രൂപ വരെ ലഭിച്ചിരുന്ന കൊപ്രയ്ക്കു ഇപ്പോൾ ക്വിന്റലിനു 9500 രൂപയാണ് വിപണി വില. ഇതു നാളികേര കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കും. എങ്കിലും മറ്റു മാർഗം ഇല്ലാത്തതിനാലാണു  കൊപ്ര വിറ്റഴിക്കുന്നത്.മംഗളൂരു തുറമുഖം വഴിയും കൊപ്ര ഇറക്കുമതിയുണ്ട്. കർണാടകയിലും വിപണി വില കുറഞ്ഞതോടെയാണു കർഷകർ ബേപ്പൂരിലേക്കു കയറ്റുമതി വർധിപ്പിച്ചത്. നാളികേരമാണ് ദ്വീപിലെ ഏക കാർഷിക വിള. ദ്വീപ് നിവാസികളിൽ മിക്കവരും തെങ്ങു കൃഷിയിൽ വ്യാപൃതരാണ്.

വർഷത്തിൽ കുറഞ്ഞതു 10,000 ടൺ കൊപ്ര ദ്വീപിൽ നിന്നു കയറ്റി അയയ്ക്കുന്നതായാണു കണക്കുകൾ. എന്നിട്ടും താങ്ങു വില പ്രഖ്യാപിച്ച് കൊപ്ര സംഭരിക്കാൻ ദ്വീപ് അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com