ഗോതമ്പ്റോഡ്– തോണിച്ചാലിലെ ക്വാറികളിൽ വീണ്ടും പരിശോധന
Mail This Article
മുക്കം∙ കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ്റോഡ്– തോണിച്ചാലിലെ ക്വാറികളിൽ വിദഗ്ധ സമിതി വീണ്ടും പരിശോധന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ,വില്ലേജ് ഓഫിസർ സിജു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ, പഞ്ചായത്ത് അംഗം കോമളം തോണിച്ചാൽ, സമര സമിതി അംഗങ്ങൾ തുടങ്ങിയവർ അടങ്ങുന്ന വിദഗ്ധ സമിതിയാണ് പരിശോധന നടത്തിയത്. സമര സമിതിയുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ക്വാറികളിൽ ഒരു തവണകൂടി വിദഗ്ധസമിതി പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് തീരുമാനമെടുത്തിരുന്നു.
നേരത്തെ നടത്തിയ പരിശോധനയിൽ നൽകിയ നിർദേശങ്ങൾ പൂർണമായി നടപ്പാക്കിയെന്ന് പറയാനാവില്ലെന്നും ചെറിയ മാറ്റങ്ങൾ വരുത്തിയതാണ് ശ്രദ്ധയിൽപ്പെട്ടതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ക്വാറി അധികൃതർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയതായും പരിശോധന റിപ്പോർട്ട് ജിയോളജി വകുപ്പിന് കൈമാറുമെന്നും സമിതി അംഗങ്ങൾ പറഞ്ഞു. പരിശോധനയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ അധികൃതർക്ക് റിപ്പോർട്ടായി നൽകുമെന്നും നിലവിലെ സ്ഥിതി അറിയിക്കുമെന്നും അവർ പറഞ്ഞു.
കാരശ്ശേരി- കൊടിയത്തൂർ പഞ്ചായത്തുകളിലെ ക്വാറികൾ തമ്മിൽ ബന്ധിപ്പിച്ച് നിർമിക്കുന്ന റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് പ്രശ്നം. റോഡിൽ ലോഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടത് ഒട്ടേറെ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഒട്ടേറെ ക്വാറികളിലേക്കും ക്രഷർ യൂണിറ്റുകളിലേക്കുമായി നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോവുന്ന പ്രദേശം കൂടിയാണിത്.