ADVERTISEMENT

കോഴിക്കോട് ∙ പൊക്കുന്ന് പ്രദേശത്തു വെള്ളമില്ലാതെ ജനങ്ങൾ വലയുന്നു, പരിഹാരം കാണാൻ കഴിയാതെ അധികൃതരും നെട്ടോട്ടത്തിൽ. പൊക്കുന്ന് ജംക്‌ഷനു താഴെ ഭാഗത്ത് ഉൾപ്പെടെ പ്രദേശത്താണു വെള്ളം ലഭിക്കാത്തത്. ഈ ഭാഗത്ത് ഈ വർഷം ആകെ വിരലിലെണ്ണാവുന്ന ദിവസങ്ങളിലാണു വാട്ടർ അതോറിറ്റി പൈപ്പിൽ വെള്ളം എത്തിയത്. 1 മാസത്തോളമായി വെള്ളം തീരെ ഇല്ല.

പ്രദേശത്തെ കിണറുകൾ വറ്റിപ്പോയി. ചില കിണറുകളിൽ കുറച്ചു വെള്ളം ഉണ്ടെങ്കിലും അതു പമ്പു ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. കുറച്ചു പേർ അത്യാവശ്യത്തിനു വെള്ളം പണം നൽകി വരുത്തുകയാണ്. അതിനു പറ്റാത്തവരും ഉണ്ട്. ഒട്ടേറെ തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇന്നലെ രാവിലെ കൗൺസിലർ കെ.ഈസ അഹമ്മദ്, പൊക്കുന്ന് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി.അബൂബക്കർ, സെക്രട്ടറി ബി.വി.അൻവർ, ഡോ.മൻസൂർ അലി തുടങ്ങിയവർ മലാപ്പറമ്പ് വാട്ടർ അതോറിറ്റി അധികൃതരെ കണ്ടു പ്രശ്നങ്ങൾ വിശദീകരിച്ചു. തുടർന്ന് ഇന്നലെ ഉച്ച കഴിഞ്ഞു എൻജിനീയറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പൈപ്‌ലൈൻ പരിശോധിച്ചു. കാര്യമായ തകരാറ് എവിടെയും കണ്ടെത്തിയില്ല.

തകരാറില്ലെങ്കിൽ പിന്നെ വെള്ളം എത്താത്തത് എന്തു കൊണ്ട് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം ഇല്ല. രാത്രിയോടെ പ്രശ്നത്തിനു പരിഹാരം കാണാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലം വിട്ടു. വൈകിട്ടോടെ ചെറിയ തോതിൽ വെള്ളം എത്തിയിരുന്നു.

പ്രദേശത്തെ സലഫി മസ്ജിദിലും വെള്ളം ഇല്ല. ഈ മസ്ജിദിൽ ധാരാളം ആളുകൾ നമസ്കരിക്കാൻ എത്തുന്നതാണ്. വെള്ളം ഇല്ലാത്തതിനാൽ അവർ അംഗശുദ്ധി വരുത്താൻ ഏറെ ബുദ്ധിമുട്ടുന്നു. വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തിയാണ് ആളുകൾ പള്ളിയിൽ എത്തുന്നത്.

ഇരുട്ടിൽ തപ്പി അധികൃതർ
പൊക്കുന്നു ജംക്‌ഷനു താഴെ ഭാഗം വെള്ളം എത്താത്തതിനു കാരണം തേടി അധികാരികൾ ഇരുട്ടിൽ തപ്പുകയാണ്. പൈപ്പിൽ ചോർച്ച ഉണ്ടോ എന്നാണ് ഇന്നലെ കാര്യമായി പരിശോധിച്ചത്. എന്നാൽ എവിടെയും ചോർച്ച കണ്ടെത്താൻ കഴി‍ഞ്ഞിട്ടില്ല. ഒരുപാട് ഉയർന്ന സ്ഥലവും അല്ല. കഴിഞ്ഞ നവംബർ വരെ കൃത്യമായി വെള്ളം ലഭിച്ചിരുന്നതാണ്.

ഡിസംബറോടെ കുറഞ്ഞു തുടങ്ങി. ഈ വർഷം കുറഞ്ഞ ദിവസങ്ങളിലാണു ലഭിച്ചത്. ഇപ്പോൾ പൂർണമായും മുടങ്ങുകയും ചെയ്തു. പുതിയ പൈപ്‌ലൈൻ സ്ഥാപിച്ചതിലെ അപാകത ആണോ പ്രശ്നമെന്നു പരിശോധിക്കണം. എവിടെയോ ക്രമം തെറ്റിച്ചു വാൽവുകൾ തുറക്കുകയോ അടയ്ക്കുകയോ ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com