ഷാഫി തിരിച്ചെത്തി; ഒപ്പമെത്തി ശൈലജയും പ്രഫുലും
Mail This Article
കുറ്റ്യാടി∙ വിദേശത്തെ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ അഭ്യർഥിച്ച ശേഷം മണ്ഡലത്തിൽ തിരിച്ചെത്തിയ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പര്യടനം തുടങ്ങി. രാവിലെ മൊകേരി ഗവ. കോളജിൽ വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. കൊന്നപ്പൂക്കൾ വിതറിയും ഇളനീർ പൂത്തിരി കത്തിച്ചുമാണ് വിദ്യാർഥികൾ ഷാഫിയെ വരവേറ്റത്. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജ വിജയകുമാർ, ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.
വടകര∙ കുരിക്കിലാട് കോ ഓപ്പറേറ്റീവ് കോളജിലും ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളജ്, മണിയൂർ എൻജിനീയറിങ് കോളജ്, വില്യാപ്പള്ളി എംഇഎസ് കോളജ് എന്നിവിടങ്ങളിലും ഷാഫി വോട്ട് അഭ്യർഥിച്ച് എത്തി.
പ്രഫുൽ കൃഷ്ണൻ
വടകര∙ എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണന്റെ പര്യടനം ചോമ്പാൽ ഹാർബറിൽ തുടങ്ങി. പുതുപ്പണം ആയുർവേദ ആശുപത്രി, സമീപത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎഡ് സെന്റർ, ചീനം വീട് യുപി സ്കൂൾ, മേപ്പയിൽ ഭദ്രകാളി ക്ഷേത്രം, വടകര കോടതി, ഓർക്കാട്ടേരി എന്നിവിടങ്ങളിൽ അദ്ദേഹം പര്യടനം നടത്തി. കറുകയിൽ മണൽ കടവിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രഫുൽ പറഞ്ഞു.
കെ.കെ.ശൈലജ
വടകര∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ ഇന്നലെ പയ്യോളി അയനിക്കാട് ഭാഗങ്ങളിലായിരുന്നു പ്രചാരണം.
യുഡിഎഫ് ഓഫിസുകൾ
തൊട്ടിൽപാലം∙ കായക്കൊടി പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കാഞ്ഞിരോളിയിൽ നാദാപുരം നിയോജക മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് വി.പി.കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ഇ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
കുറ്റ്യാടി∙ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മുള്ളൻകുന്നിൽ ഓഫിസ് തുറന്നു. കെപിസിസി മെംബർ കെ.പി.രാജൻ ഉദ്ഘാടനം ചെയ്തു. വി.കെ.കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.
ജ്യൂസിന് ഷാഫിയുടെ പേര്
നാദാപുരം∙ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം കൊഴുപ്പിക്കാൻ കുടിക്കാനുള്ള ജ്യൂസിനു ഷാഫി എന്നു പേരിട്ടു. നാദാപുരം മണ്ഡലം കെഎംസിസിയാണ് ഈ പേരിനു പിന്നിൽ. നോമ്പു തുറക്കാനും മറ്റുമായി ഏറ്റവും അധികം ശീതള പാനീയം ചെലവാകുന്ന കാലമായതിനാൽ ഷാഫിയുടെ ബഹുവർണ ചിത്രവും കൈപ്പത്തി ചിഹ്നവും അടങ്ങിയ വിവിധ ഇനം ജ്യൂസുകളാണ് കെഎംസിസി പരീക്ഷിച്ചത്.