അടിക്കാടുകൾ ഉണങ്ങുന്നു; അഗ്നിഭീതിയിൽ കിനാലൂർ

Mail This Article
ബാലുശ്ശേരി ∙ വേനൽ ചൂട് കഠിനമായി ഉയരുമ്പോൾ കിനാലൂർ മേഖലയെ തീപിടിത്തം ആശങ്കയിലാക്കുന്നു. തോട്ടങ്ങളിലും കുന്നുകളിലും റോഡരികിലുമുള്ള അടിക്കാടുകളും പുല്ലുകളും ഉണങ്ങിയ നിലയിലാണ്.ചെറിയൊരു തീപ്പൊരി വീണാൽ പോലും ഇവിടെ അത് വൻ തീപിടിത്തമായി മാറുന്നതാണ് പതിവ്. ഇതാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിലും തീ പടർന്നിരുന്നു. എറമ്പറ്റ കുന്നിൽ ഉണ്ടായ തീപിടിത്തം മണിക്കൂറുകൾ കഴിഞ്ഞാണ് നിയന്ത്രണവിധേയമായത്. കുന്നിൻ മുകളിലേക്ക് അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്ക് എത്താനും കഴിയില്ല. അതിനാൽ കമ്പുകൾ ഉപയോഗിച്ചു തീ തല്ലിക്കെടുത്തേണ്ടിയും വന്നിരുന്നു.
ഉണങ്ങിയ കാടുകൾ കത്തിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ എതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായി. കിനാലൂരിൽ തീപിടിത്തമുണ്ടായാൽ നരിക്കുനിയിൽ നിന്നാണു അഗ്നിരക്ഷാ സേന എത്തേണ്ടത്. കഴിഞ്ഞ ദിവസം നരിക്കുനിയിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റിനു പുറമെ പേരാമ്പ്രയിൽ നിന്നു ഒരു യൂണിറ്റും എത്തിയിരുന്നു.ആദ്യ ദിവസം തീപിടിത്തമുണ്ടായ ഉഷ സ്കൂൾ ഗ്രൗണ്ടിനു സമീപമാണ് കെഎസ്ഇബിയുടെ സബ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ബാലുശ്ശേരി മണ്ഡലത്തിനു അഗ്നിരക്ഷാ നിലയം അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.