ADVERTISEMENT

കോഴിക്കോട്∙ ഉൽസവക്കാലത്തെ വിലക്കയറ്റം പിടിച്ചു നിർത്താൻ താലൂക്കു തോറും വിലക്കുറവിൽ അവശ്യസാധനങ്ങൾ വിൽക്കാനുള്ള ചന്തകൾ ആരംഭിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും എവിടെയും സാധനങ്ങൾ എത്തിയില്ല. 13 സബ്സിഡി ഇനങ്ങളിൽ മൂന്നോ നാലോ ഇനങ്ങൾ മാത്രമേ ബസാറുകളിൽ സ്റ്റോക്ക് ഉള്ളൂ.ഓരോ താലൂക്കിലും ഏറ്റവും യോജ്യമായ സപ്ലൈകോ സൂപ്പർ മാർക്കറ്റിലായിരിക്കും ഈസ്റ്റർ, വിഷു, റമസാൻ ഉത്സവച്ചന്തകൾ നടത്തുക എന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിപണി ഇടപെടലിന് അടുത്തിടെ 200 കോടിയും അതിനു മുൻപ് 80 കോടിയും അനുവദിച്ചിട്ടുണ്ടെന്നാണു സർക്കാർ നിലപാട്. ഇതുപയോഗിച്ചാണു ചന്തകൾ സജ്ജമാക്കുന്നത്. 28 മുതൽ ഏപ്രിൽ 13 വരെയാണ് ഉത്സവച്ചന്തകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നലെ എല്ലായിടത്തും ബോർഡുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും ഒഴിഞ്ഞ അലമാരകളാണ് ആവശ്യക്കാരെ സ്വീകരിച്ചത്. കോവൂർ സപ്ലൈകോ ബസാറിലാണു കോഴിക്കോട്ടെ ഉത്സവച്ചന്ത. വെളിച്ചെണ്ണ, ചെറുപയർ, ഉഴുന്ന്, കടല എന്നിവ മാത്രമാണ് ഇവിടെയുള്ളത്. മുളകും അരിയും ഉടനെ എത്തുമെന്നു ജീവനക്കാർ പറയുന്നു. കഴിഞ്ഞയാഴ്ച എത്തിയ 6 ചാക്ക് കെ അരി 2 ദിവസം കൊണ്ടു തീർന്നു. ഇന്നലെ അധികൃതരെത്തി സൂപ്പർ മാർക്കറ്റിന് മുന്നിൽ ഫെയറിന്റെ വലിയ ഫ്ലെക്‌സ് ബാനർ സ്ഥാപിച്ചെങ്കിലും സാധനങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. താമരശ്ശേരി താലൂക്കിലെ ഉത്സവച്ചന്ത കാരാടി സപ്ലൈക്കോ സൂപ്പർ മാർക്കറ്റിലാണ്. ആകെയുള്ള 13 സബ്‌സിഡി ഇനങ്ങളിൽ കടല, ചെറുപയർ, ഉഴുന്ന്, വെളിച്ചെണ്ണ, മുളക് എന്നിവ മാത്രമാണ് ഇവിടെ സ്റ്റോക്ക് ഉള്ളത്. വടകര താലൂക്കിൽ പുതിയ സ്റ്റാൻഡിന് അടുത്തുള്ള സപ്ലൈകോ ബസാറിലാണ് ഉത്സവച്ചന്ത.

3 ഇനങ്ങൾ മാത്രമാണ് ഇവിടെ ഇന്നലെ സ്റ്റോക്ക് ഉണ്ടായിരുന്നത് – ചെറുപയർ, കടല, ഉഴുന്നുപരിപ്പ് എന്നിവ. മുളക് ഉടൻ എത്തിക്കുമെന്ന് ജീവനക്കാർ പറയുന്നു.കൊയിലാണ്ടി മാവേലി സ്റ്റോറിൽ പരിപ്പും ഉഴുന്നും മാത്രമേ എത്തിയിട്ടുള്ളൂ. സബ്സിഡിയായി സാധനങ്ങൾ വിൽക്കണമെന്ന ഉത്തരവൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നു ജീവനക്കാർ പറഞ്ഞു.അതേ സമയം, വർഷാന്ത്യ സ്റ്റോക്ക് എടുപ്പും മറ്റു തിരക്കുകളും കാരണമാണ് വൈകുന്നതെന്നും 3 ദിവസത്തിനുള്ളിൽ ചന്തകൾ പൂർണതോതിൽ പ്രവർത്തന സജ്ജമാകുമെന്നും സപ്ലൈകോ അധികൃതർ വ്യക്തമാക്കി. സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ എല്ലാ ഇനങ്ങളും വാങ്ങാനുള്ള പർച്ചേസ് ഓർഡർ നൽകിക്കഴിഞ്ഞതായും ഏപ്രിൽ 1 മുതൽ പ്രവർത്തനം കാര്യക്ഷമമാകുമെന്നും പറഞ്ഞു.

സബ്‌സിഡി വില
∙ വെളിച്ചെണ്ണ കിലോ 147 
∙ ചെറുപയർ 49
∙ കടല 38
∙ ഉഴുന്ന് 50 
(എല്ലാം 500 ഗ്രാം വില)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com