ADVERTISEMENT

കോഴിക്കോട്∙ നൈനാംവളപ്പ് മഹാകാളികാവിൽ ഇന്നലെ തിറയുത്സവത്തിന്റെ തിരക്കുകളാണ്. ഒരുവശത്ത് ചെണ്ടമേളം. മുറ്റത്ത് വെള്ളാട്ടും തിറകളും. ഇതിനിടെയാണ് ഉച്ചയ്ക്ക് കാവിന്റെ മുറ്റത്ത് കണ്ണംപറമ്പ് ജുമാമസ്ജിദിന്റെ ഭാരവാഹികളെ ക്ഷേത്രഭാരവാഹികൾ പൊന്നാടയണിയിച്ച് ആദരിച്ചത്. ഇതിനു പിന്നിൽ സ്നേഹത്തിൽ ചാലിച്ചൊരു കഥയുണ്ട്. കഴിഞ്ഞ പെരുമഴക്കാലത്ത് മരം വീണു തകർന്ന ക്ഷേത്രം പുനർനിർമിച്ചു നൽകിയത് കണ്ണംപറമ്പ് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. പുനർനിർമാണം കഴിഞ്ഞ ശേഷം നടക്കുന്ന ആദ്യത്തെ ഉത്സവമാണ് ഇത്തവണത്തേത്. 


നൈനാംവളപ്പ് മഹാകാളി കാവിന്റെ പുനർനിർമാണത്തിൽ പങ്കാളികളായ കണ്ണംപറമ്പ് പള്ളി കമ്മിറ്റി അംഗങ്ങളെ കാവു കമ്മിറ്റി ആദരിച്ചപ്പോൾ.
നൈനാംവളപ്പ് മഹാകാളി കാവിന്റെ പുനർനിർമാണത്തിൽ പങ്കാളികളായ കണ്ണംപറമ്പ് പള്ളി കമ്മിറ്റി അംഗങ്ങളെ കാവു കമ്മിറ്റി ആദരിച്ചപ്പോൾ.

 കോഴിക്കോട് നഗരത്തിലെ ഏറ്റവും വലിയ ശ്മശാനഭൂമിയുള്ളത് തെക്കേപ്പുറത്ത് കടലിനോടു ചേർന്നു കിടക്കുന്ന കണ്ണംപറമ്പിലാണ്. അനേക നൂറ്റാണ്ടുകളായി നഗരത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിശ്വാസികൾ ആശ്രയിക്കുന്നത് കണ്ണംപറമ്പ് പള്ളിയെയാണ്. നൈനാംവളപ്പ് ക്ഷേത്രത്തിന് ഏഴു നൂറ്റാണ്ടോളം പഴക്കമുണ്ടെന്നാണ് വിശ്വാസം. വളപ്പിൽ, അയിനിപ്പുള്ളി, കൊളക്കാട് എന്നീ മൂന്നു കുടുംബങ്ങളാണ് ക്ഷേത്രത്തിന്റെ നടത്തിപ്പുകാർ. നാലാമത്തെ നടത്തിപ്പുകാരായ പുത്തൻപുര കുടുംബം അന്യംനിന്നു പോയി. 

മുസ്‌ലിം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിനു നടുക്കാണ് മഹാകാളികാവ്. ഈ പ്രദേശത്ത് ആകെ മൂന്ന് ഹിന്ദു കുടുംബങ്ങളേയുള്ളു. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ എല്ലാ ആവശ്യങ്ങൾക്കും  മുന്നിലുണ്ടാകാറുണ്ട് നാട്ടിലെ മു‌സ്‌ലിംകൾ. കഴിഞ്ഞ കാലവർഷത്തിലൊരു ദിവസം  ഉച്ചകഴിഞ്ഞു  വീശിയടിച്ച കാറ്റിൽ കാവിനു പിറകിലെ ആൽമരത്തിന്റെ വലിയ കൊമ്പുകൾ ഒടിഞ്ഞുവീണ് ദേവിയുടെ ശ്രീകോവിലിന്റെ മേൽക്കൂരയുടെ ഒരു വശം തകർന്നു. 

തൊട്ടടുത്ത അയ്യപ്പന്റെ ശ്രീകോവിൽ പൂർണമായും തകർന്നു. ക്ഷേത്ര ഭാരവാഹികൾക്കും   മുൻപേ പ്രദേശവാസികളായ മുസ്‌ലിംകൾ ഓടിയെത്തി. ഷീറ്റുകൾ വലിച്ചുകെട്ടുകയും മരക്കമ്പ് മുറിച്ചു നീക്കുകയും ചെയ്തു. പിന്നെ, ക്ഷേത്രം പുനർനിർമിക്കാൻ പള്ളിക്കമ്മിറ്റി ധനസഹായവുമായി മുന്നോട്ടുവന്നു. നിർമാണജോലികൾക്കു സഹായം നൽകി. അങ്ങനെ ഒരാഴ്ച മുൻപ് ക്ഷേത്രനിർമാണം  പൂർത്തിയായി. തുടർന്നാണ്  പുനർനിർമാണത്തിനു മുൻകയ്യെടുത്ത പള്ളിക്കമ്മിറ്റി ഭാരവാഹികളെ ഉത്സവദിവസം ആദരിക്കാൻ ക്ഷേത്രക്കമ്മിറ്റി തീരുമാനിച്ചത്. 

പള്ളിക്കമ്മിറ്റി പ്രസിഡന്റ് എ.പി. അഹമ്മദ്കോയ, സെക്രട്ടറി എം.പി.സക്കീർ ഹുസൈൻ, ട്രഷറർ ടി.പി.കുഞ്ഞാദു, വൈസ് പ്രസിഡന്റ് ടി.വി.ഉമ്മർ‍, സെക്രട്ടറി എം.പി.സാലിഹ്, ടി.വി.റസാക്ക്, എൻ.വി അബ്ദുൽറഹ്മാൻ തുടങ്ങിയവരെയാണ് ആദരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com