ADVERTISEMENT

കോഴിക്കോട്∙ ജില്ലയിലെ 2 പാർലമെന്റ് മണ്ഡലങ്ങളിലും ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ്. കേരളം ഈ തിരഞ്ഞെടുപ്പിൽ 2004ലെ ഫലം ആവർത്തിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന അദ്ദേഹത്തിന് എന്തുകൊണ്ട് കോൺഗ്രസിനു വോട്ടു ചെയ്യേണ്ടതില്ലെന്ന വാദത്തിന് വ്യക്തമായ വിശദീകരണമുണ്ട്. തിരഞ്ഞെടുപ്പിനെക്കുറിച്ച് റിയാസ് തന്റെ വിലയിരുത്തലുകൾ ‘മലയാള മനോരമ’യുമായി പങ്കുവയ്ക്കുന്നു;

വടകരയിലെ ഫലം നിർണായകമാണല്ലോ. ജയം തിരിച്ചുപിടിക്കാൻ തന്ത്രങ്ങൾ എന്തെല്ലാം?
ഏതു പ്രതിസന്ധിക്കാലത്തും ഇടതുമുന്നണിക്കൊപ്പം നിന്ന പാരമ്പര്യമുണ്ട് വടകര മണ്ഡലത്തിന്. കോലീബി സഖ്യത്തെപ്പോലും തോൽപിച്ച് 1991ൽ ഇടതുമുന്നണിയെ തുണച്ചതാണ് ആ പാരമ്പര്യം. കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്ന് ജനത്തിനറിയാം. വൻഭൂരിപക്ഷത്തോടെയുള്ള വിജയമാണ് വടകരയിൽ പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ പരമ്പരാഗത വോട്ടർമാരിൽത്തന്നെ ഇത്തവണ അഭിപ്രായ വ്യത്യാസമുണ്ട്. ആ വോട്ടുകൾകൂടി ഞങ്ങൾ കാണുന്നുണ്ട്. 

ടി.പി. വധം കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിൽ വിധി നിർണയിച്ചതായി വിലയിരുത്തപ്പെടുന്നു. ഒടുവിലെ ഹൈക്കോടതിവിധി പ്രകാരവും 2 പാർട്ടിക്കാരെ ശിക്ഷിച്ചു. ഇത്തവണ ഇതിനെ എങ്ങനെയാണ് നേരിടുന്നത്?
 ടി.പി. കേസുമായി പാർട്ടിക്കു ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. ആ സാഹചര്യത്തിൽ ഇതു തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന പ്രശ്നമില്ല. ഇടതുപക്ഷം അതിൽ കക്ഷിയല്ല. ടി.പി. വധത്തിനു ശേഷമാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ഇടതുമുന്നണി വിജയിച്ചത്. 2021ൽ തൊട്ടടുത്ത കുറ്റ്യാടി മണ്ഡലം യുഡിഎഫിൽനിന്ന് ഇടതുമുന്നണി പിടിച്ചെടുത്ത കാര്യവും ഓർക്കണം. 

ബിജെപിയുടെ ഭീഷണി നേരിടലാണല്ലോ കോൺഗ്രസിന്റെയും സിപിഎം ഉൾപ്പെടെ ഇടതുമുന്നണിയുടെയും പ്രധാന ലക്ഷ്യം. കേരളത്തിലെ മത്സരത്തെ ഈ സാഹചര്യത്തിൽ എങ്ങനെ കാണുന്നു?
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടുന്നത് ഓരോ വ്യത്യസ്ത പാർട്ടികളാണ്. അവിടങ്ങളിൽ ബിജെപി നടത്തുന്ന പ്രചാരണമാണ് ഇവരെ വിജയിപ്പിച്ചിട്ടെന്തു കാര്യം എന്നത്. ആ പ്രചാരണമാണ് ബിജെപിയെപ്പോലെ കോൺഗ്രസ് കേരളത്തിലെ ‍ഇടതുമുന്നണിക്കെതിരെ നടത്താൻ ശ്രമിക്കുന്നത്. പലതുള്ളി പെരുവെള്ളം എന്നാണല്ലോ. ഓരോ സംസ്ഥാനത്തും ബിജെപിയെ ശക്തമായി എതിർക്കുന്നവർ ജയിച്ചുവരണം. കോൺഗ്രസ് ബിജെപിയായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കേരളത്തിൽ ഇടതുപക്ഷം തന്നെയാകണം ജയിച്ചു വരേണ്ടത്. കോൺ‍ഗ്രസിനേക്കാൾ മറ്റു താൽപര്യങ്ങളെല്ലാം മറന്ന് മറ്റെല്ലാ കക്ഷികളെയും കോർത്തിണക്കാൻ ഇടതുപക്ഷത്തിനാകും. 

പാർലമെന്റ് തിരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ കൂടിയായി ഇതിനെ കാണാമോ?
വികസനം ചർച്ച ചെയ്യുമെന്നതിൽ സംശയമില്ല. അത്തരമൊരു ചർച്ച നടന്നാൽ അതു ഇടതുമുന്നണിക്ക് 100% അനുകൂലമായിരിക്കും. 2019ലെ പ്രത്യേക സാഹചര്യത്തിലാണ് ഇടതുമുന്നണി ഒറ്റപ്പെട്ടുപോയത്. എന്നാൽ തുടർന്നുവന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി തുടർഭരണം നേടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com