ADVERTISEMENT

നാദാപുരം∙ കണ്ണൂർ വിമാനത്താവളം റോഡിനെയും പേരോട് പാറക്കടവ് റോഡിലെ ആവടിമുക്കിനെയും ബന്ധിപ്പിച്ചു നിർമിക്കുന്ന തൂണേരി പഞ്ചായത്തിലെ ഒലിപ്പിൽ മുക്ക് ആവടി മുക്ക് റോഡ് പ്രവൃത്തിയിൽ ക്രമക്കേട് ആരോപിച്ചു നാട്ടുകാർ രംഗത്തിറങ്ങി. കരാറുകാരനും നാട്ടുകാരും തമ്മിൽ നടന്ന വാക്കേറ്റം സംഘർഷത്തിലെത്തിയെങ്കിലും ജനപ്രതിനിധികൾ അടക്കമുള്ളവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. 4 കോടി രൂപ ചെലവിൽ നടത്തുന്ന പണി അവസാന ഘട്ടത്തിൽ എത്തിയതോടെയാണ്,  പലയിടങ്ങളിലും സൈഡ് സുരക്ഷിതമല്ലാത്തതും ആവശ്യമായ സാമഗ്രികൾ ഉപയോഗിക്കാത്തതും ചൂണ്ടിക്കാട്ടി നാട്ടുകാർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.

തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ റോഡ് പരിശോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 നു തുടങ്ങിയ പ്രതിഷേധവും ചർച്ചയും വൈകിട്ട് ആറോടെയാണ് ഒത്തു തീർപ്പിലെത്തിയത്. ഒരാഴ്ചയ്ക്കിടയിൽ നാട്ടുകാർ ചൂണ്ടിക്കാണിച്ച അപാകതകൾക്കു പരിഹാരം കാണാനാണു തീരുമാനം. റോഡ് സമിതി ചെയർപഴ്സൺ പി.ഷാഹിന, കൺവീനർ കെ.ടി.കെ.രാജൻ, വാർഡ് മെംബർമാരായ ലിഷ കുഞ്ഞിപ്പുരയിൽ, റഷീദ് കാഞ്ഞിരക്കണ്ടി, എൻ.സി.ഫൗസിയ, സിപിഎം നേതാക്കളായ കനവത്ത് രവി, എം.എൻ.രാജൻ തുടങ്ങിയവരായിരുന്നു പ്രതിഷേധത്തിന്റെ മുൻ നിരയിൽ. 

കുറ്റ്യാടി പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി.ബി.നളിൻ കുമാർ, ഓവർസീയർമാരായ ഇ.പി.ശരണ്യ, വി.പി.സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് നിർമാണം പരിശോധിച്ചത്. അപാകത പരിഹരിക്കാൻ കരാറുകാരനു നോട്ടിസ് നൽകുമെന്നും അതിനു ശേഷം മാത്രമേ പണം അനുവദിക്കുകയുള്ളൂവെന്നും നളിൻ കുമാർ പറഞ്ഞു.റോഡ് വികസനത്തിനായി പൊന്നും വിലയ്ക്കുള്ള സ്ഥലം സൗജന്യമായി നൽകിയ നാട്ടുകാരെ കബളിപ്പിക്കാൻ അനുവദിക്കില്ലെന്ന് റോഡ് സമിതി ചെയർപഴ്സനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com