ADVERTISEMENT

ചക്കിട്ടപാറ ∙ പഞ്ചായത്തിൽ 5ാം വാർഡിലെ മുതുകാട് കുളത്തൂർ ആദിവാസി കോളനിയിൽ ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ കോളനി നിവാസികൾ നെട്ടോട്ടത്തിൽ. കോളനിയിലെ നീരുറവയിൽ പൈപ്പിട്ടാണു ഒട്ടേറെ കുടുംബങ്ങൾ വെള്ളം എടുത്തിരുന്നത്. ഈ നീരുറവ കൂടി വറ്റിയതോടെ വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. കോളനിയിൽ താമസിക്കുന്ന 27 കുടുംബങ്ങളിൽ മേൽ ഭാഗത്ത് താമസിക്കുന്ന 20 കുടുംബങ്ങളാണ് ജലപ്രശ്നം നേരിടുന്നത്.

വിദൂരങ്ങളിൽ നിന്നു തലച്ചുമടായും നീരുറവയിൽ രാത്രി കാവലിരുന്നുമാണു വെള്ളം ശേഖരിക്കുന്നത്. മുൻപ് നരേന്ദ്രദേവ് കോളനിയിലെ കുളത്തിൽ നിന്നു ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പൈപ്പ് സ്ഥാപിച്ച് കൊളത്തൂർ കോളനിയിൽ ജലവിതരണം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ നരേന്ദ്രദേവ് കോളനിയിലെ കുളത്തിൽ വെള്ളം വറ്റിയതോടെ പൈപ്പിൽ കൊളത്തൂർ കോളനിയിലേക്കുള്ള ശുദ്ധജല വിതരണം നിലച്ചു. 

ഒരു മാസമായി നീരുറവ വറ്റിയതോടെ പഞ്ചായത്തിനോട് വാഹനത്തിൽ ശുദ്ധജലം എത്തിച്ചുതരണമെന്ന് കോളനിക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജലം ഉടൻ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. ജലജീവൻ പദ്ധതിയിൽ ജലസ്രോതസ്സ്, സംഭരണി, പമ്പ് ഹൗസ്, വിതരണ പൈപ്പ്, വീടുകളിൽ ടാപ്പ് എന്നിവ സ്ഥാപിച്ചെങ്കിലും പ്രവർത്തനം ആരംഭിക്കാത്തതാണ് കോളനി നിവാസികളുടെ പ്രധാന പ്രശ്നം.

വർഷങ്ങളായി ശുദ്ധജല പദ്ധതിക്കായി ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതർ പൂർത്തീകരിച്ചിട്ടില്ലെന്നു കോളനിക്കാർ പറയുന്നു. കോളനിയിലെ വീടുകളിൽ വെള്ളം ലഭിക്കാത്തതിനാൽ കുടുംബങ്ങൾ പുഴയോരത്തേക്കു താമസം മാറ്റുകയാണ്. സീതപ്പാറ, ചെങ്കോട്ടക്കൊല്ലി, കൂവപ്പൊയിൽ പുഴയോരത്തേക്കാണു മാറി താമസിക്കുന്നത്. കോളനിയിൽ പഞ്ചായത്ത് കുടിവെള്ള വിതരണം ഉടൻ ആരംഭിക്കണമെന്നും ജലജീവൻ പദ്ധതി ഉടൻ പൂർത്തീകരിച്ച് ജലവിതരണം ആരംഭിക്കണമെന്നുമാണ് കോളനി നിവാസികൾ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com