ADVERTISEMENT

കൊണ്ടോട്ടി ∙ 1988ൽ വിഷുക്കൈനീട്ടമായി മലപ്പുറത്തിനു കിട്ടിയ വലിയ സമ്മാനമായിരുന്നു കോഴിക്കോട് വിമാനത്താവളം. മലപ്പുറത്തിനു മാത്രമല്ല, മലബാറിന്റെ വികസനത്തിലേക്കുള്ള ആകാശവാതിലാണ് അന്നു തുറന്നത്. ഓരോ വിഷുദിനത്തിലും വിമാനത്താവളത്തിന്റെ വാർഷികം കടന്നുപോകുമ്പോൾ വികസനത്തിന്റെയും അതിജീവനത്തിന്റെയും കഥകളാണു കരിപ്പൂരിനു പറയാനുള്ളത്. 

1988 ഏപ്രിൽ 13നായിരുന്നു വിമാനത്താവളത്തിന്റെ ഉദ്ഘാടനം. 36 വയസ്സ് പിന്നിടുമ്പോൾ, ഈ വിഷുദിനത്തിൽ ലക്ഷദ്വീപ്, മലേഷ്യ ഉൾപ്പെടെയുള്ള പുത്തൻ സർവീസുകളാണ് കോഴിക്കോട് വിമാനത്താവളം മുന്നോട്ടുവയ്ക്കുന്നത്. വിമാനാപകടത്തിനു ശേഷമുള്ള നിയന്ത്രണങ്ങൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ടാണ് ഈ അതിജീവനമെന്നതും കരിപ്പൂരിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

karipur-airport
കോഴിക്കോട് വിമാനത്താവളം (ഫയൽ ചിത്രം)

വിഷു സമ്മാനങ്ങൾ ചുരുക്കത്തിൽ:
∙ മേയ് ഒന്നു മുതൽ ലക്ഷദ്വീപിലേക്ക് കോഴിക്കോട്ടുനിന്ന് ഇൻഡിഗോ കമ്പനി സർവീസ് ആരംഭിക്കുന്നു. അഗത്തിയിലേക്ക് 78 പേർക്കു സഞ്ചരിക്കാവുന്ന വിമാനം ദിവസവും സർവീസ് ഉണ്ടാകും. കൊച്ചിവഴിയാണ് അഗത്തിയിലേക്കു പോകുന്നത് എന്നതിനാൽ, കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കാർക്കും  ഈ സർവീസ് ഏറെ പ്രയോജനപ്പെടും

∙ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ആഴ്ചതോറുമുള്ള എയർ ഇന്ത്യയുടെ സർവീസുകൾ 77ൽനിന്ന് 87 ആക്കി. ബെംഗളൂരുവിലേക്കു പുതിയ സർവീസ് ആരംഭിച്ചു. രാജ്യാന്തര സർവീസുകളായ റാസൽഖൈമ, ദമാം സർവീസുകളുടെ എണ്ണം കൂട്ടി.

∙ 21 മുതൽ ഇൻഡിഗോയുടെ ബെംഗളൂരു –കോഴിക്കോട് സർവീസ് ആരംഭിക്കും. ബെംഗളൂരുവിൽനിന്ന് 12.25ന് പുറപ്പെട്ട് 2.30നു കരിപ്പൂരിലെത്തും. 2.50നു പുറപ്പെട്ടു 4.15ന് ബെംഗളൂരുവിലെത്തും. 30 വരെയാണ് ഈ സമയം. മേയ് ഒന്നു മുതൽ ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ട്. രാവിലെ 8.50നു പുറപ്പെട്ട്
10നു കരിപ്പൂരിലെത്തും.

∙ മലേഷ്യ ആസ്ഥാനമായ എയർ ഏഷ്യ ബെർഹാഡ് കമ്പനി ക്വാലലംപുർ –കോഴിക്കോട് സെക്ടറിൽ ജൂൺ മുതൽ സർവീസ് ആരംഭിക്കുന്നു. മേയ് മുതൽ ടിക്കറ്റ് ബുക്കിങ് തുടങ്ങും. ക്വാലലംപുരിനു പുറമേ കോഴിക്കോട് –ബാങ്കോക്ക് സർവീസും ഈ വർഷം ഉണ്ടായേക്കും.

∙ ശ്രീലങ്കൻ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഫിറ്റ്സ് എയർ കൊളംബോ –കോഴിക്കോട് സർവീസും ഈ വർഷം.

∙ ഇൻഡിഗോ എയർലൈൻസ് നേരത്തേ നിർത്തലാക്കിയ ദമാം സർവീസ് ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com