പടക്കമെറിഞ്ഞ് കട കത്തിക്കാൻ ശ്രമം; പന്നിക്കോട് അങ്ങാടിയിൽ ലഹരി മരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടം
Mail This Article
കൊടിയത്തൂർ∙ പന്നിക്കോട് അങ്ങാടിയിൽ പടക്കമെറിഞ്ഞ് കട കത്തിക്കാൻ ശ്രമം. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മദ്യ, ലഹരി മരുന്ന് മാഫിയ മണിക്കൂറുകളോളം അങ്ങാടിയിൽ അഴിഞ്ഞാടി. വിഷുവിന്റെ തലേന്നു രാത്രി 9.30ന് ആണ് പന്നിക്കോട് അങ്ങാടിയിൽ ലൗഡ് സ്പീക്കറിൽ പാട്ടു വച്ച് ഡാൻസ് ആരംഭിച്ചത്. പന്നിക്കാേട്ടുകാർക്കു പുറമേ മുക്കം, കൊടിയത്തുർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെയും നേതൃത്വത്തിലായിരുന്നു പ്രകടനം. പ്രായപൂർത്തിയാവാത്തവർ ഉൾപ്പെടെ 20 പേരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പി.കെ.കൂൾബാറിലേക്ക് പടക്കം എറിഞ്ഞതോടെ ബേക്കറിക്കു തീപിടിച്ചു.
തൊട്ടടുത്ത കട വൃത്തിയാക്കുന്നവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീ കെടുത്തി. കടയുടമ നടത്തിയ പരിശോധനയിൽ തീ പടരുന്നത് കാണുകയും പിന്നീട് തീ പൂർണമായും അണയ്ക്കുകയുമായിരുന്നു. അതിനിടെ കടയുടമയെ വിളിച്ചു വരുത്തിയത് തൊട്ടടുത്ത കടക്കാരാണന്നു പറഞ്ഞ് ലഹരി മാഫിയ കടയിലെ ജീവനക്കാരെ ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തിൽ സാരമായി പരുക്കേറ്റ പന്നിക്കോട് സ്വദേശികളായ സഫീർ, ബാസിത് എന്നിവർ ചികിത്സ തേടി. നാട്ടുകാർ വിവരമറിയിച്ച ശേഷം സ്ഥലത്തെത്തിയ പൊലീസ് ഇവരെ വിരട്ടി ഓടിക്കുകയായിരുന്നു.