ADVERTISEMENT

കോഴിക്കോട് ∙ തന്റെ പരാതിയിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത സമരത്തിന്. തന്റെ മൊഴിയെടുത്ത വനിതാ ഡോക്ടർ ശരിയായി മൊഴി രേഖപ്പെടുത്തിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി. അതിന്മേൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് അതിജീവിത ആവശ്യപ്പെട്ടത്. എന്നാൽ, റിപ്പോർട്ട് നേരിട്ടു നൽകാനാവില്ലെന്നും, വിവരാവകാശ കമ്മിഷൻ ചെയർമാന് അപ്പീൽ നൽകിയാൽ റിപ്പോർട്ട് ലഭിക്കുമെന്നുമായിരുന്നു സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയുടെ മറുപടി.

റിപ്പോർട്ട് 2 ദിവസത്തിനകം ലഭിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്നു യുവതി അറിയിച്ചു. ഡോ. കെ.വി.പ്രീതിക്കെതിരെയായിരുന്നു യുവതിയുടെ പരാതി. താൻ പറഞ്ഞ കാര്യങ്ങളല്ല ഡോക്ടർ രേഖപ്പെടുത്തിയത് എന്നാണ് ആരോപണം. അതിനിടെ, ഇന്നലെ രാവിലെ പത്തരയോടെ കമ്മിഷണറെ കാണാനെത്തിയ അതിജീവിതയെ ഓഫിസ് കവാടത്തിനു മുൻപിൽ റോഡിൽ പൊലീസ് തടഞ്ഞു നിർത്തിയതായും പരാതിയുണ്ട്. തന്നെ മാത്രം അകത്തു വിടണമെന്നും, വനിതാ പൊലീസ് നിൽക്കുന്നിടത്തോ വിശ്രമമുറിയിലോ കാത്തുനിൽക്കാം എന്നു യുവതി പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല.

കമ്മിഷണർ വരുന്നതു വരെ റോഡരികിൽ നിൽക്കേണ്ടി വന്നു. അതിജീവിത എന്ന പരിഗണന നൽകാതെ തന്നെ പൊതുസ്ഥലത്തു പ്രദർശന വസ്തുവാക്കിയെന്നു യുവതി ആരോപിച്ചു. അതേ സമയം, അതിജീവിതയെ തടഞ്ഞിട്ടില്ലെന്നും, കമ്മിഷണറുടെ ഓഫിസിലേക്കു യുവതിയും കൂടെയുള്ളവരും എത്തിയപ്പോൾ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണു ചെയ്തതെന്നും പൊലീസ് പറഞ്ഞു.  കമ്മിഷണർ എത്തിയ ശേഷം കാണാൻ അനുവദിച്ചതായും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com