ADVERTISEMENT

ഫറോക്ക് ∙ ഐഒസി ഡിപ്പോയ്ക്കു സമീപം റെയിൽവേ വളപ്പിൽ തീപിടിത്തം. പുറ്റെക്കാട് റോഡിൽ ഐഒസി യാർഡ് ഗേറ്റിനു സമീപത്താണ് രാത്രി 7നു ഉണങ്ങിയ പുല്ലിൽ തീ പടർന്നത്. ആൾ പൊക്കത്തിൽ തീ ഉയർന്നു പ്രദേശമാകെ പുക വ്യാപിച്ചു. ഭീതിയിലായ നാട്ടുകാർ റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്റ്റേഷൻ മാസ്റ്റർ ഐഒസി ഡിപ്പോയിലും അഗ്നിരക്ഷാ സേനയിലും സന്ദേശം നൽകി. ഐഒസി അധികൃതർ കമ്പനിയിലെ അഗ്നിരക്ഷാ മാർഗം ഉപയോഗിച്ച് തീയണയ്ക്കാൻ തുടങ്ങി. ഇതിനകം തീ ആളിപ്പടർന്ന് പ്രദേശത്തെ അടിക്കാട് പൂർണമായും കത്തിനശിച്ചു. 

റോഡ് വീതിയില്ലാത്തതിനാൽ മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ വലിയ വാഹനത്തിന് പ്രദേശത്ത് എത്താൻ കഴിഞ്ഞില്ല. പിന്നീട് ചെറിയ വാഹനം ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഐഒസി ഡിപ്പോയ്ക്കു ചുറ്റുപാടും വീതിയുള്ള റോഡ് ഇല്ലാത്തത് അത്യാഹിത വേളകളിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുമെന്ന ആശങ്ക ഉയർന്നു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ പി.സുനിൽ, ഇ.ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾക്കൊപ്പം ട്രോമ കെയർ വൊളന്റിയർമാർ, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. രാമനാട്ടുകര∙ കൃഷിഭവൻ റോഡിൽ ആലിൻചുവട് കിൻഫ്ര വയൽ പ്രദേശത്ത് വൻ അഗ്നിബാധ. വൈകിട്ട് 4.30നും രാത്രി 8.30നും ആണ് 50 ഏക്കറോളം വരുന്ന വയലിലെ ഉണങ്ങിയ പുല്ലിൽ തീ പടർന്നത്.

5 ഏക്കറോളം പ്രദേശത്തെ അടിക്കാട് പൂർണമായും കത്തിനശിച്ചു.ആൾ പൊക്കത്തിൽ തീ ഉയർന്നു പ്രദേശമാകെ പുക വ്യാപിച്ചത് ജനങ്ങളെ ആശങ്കപ്പെടുത്തി. പരിസരവാസികൾ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കാറ്റിൽ തീപടർന്നു. ഒടുവിൽ അഗ്നിരക്ഷാ സേനയെ അറിയിച്ചു. മീഞ്ചന്തയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ പി.സുനിൽ, ഇ.ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ നാട്ടുകാർക്കൊപ്പം ഏറെ പ്രയത്നിച്ചാണ് തീയണച്ചത്.

മാണിക്കോത്ത് താഴെ വയലിന് തീ പിടിച്ചു
നന്മണ്ട∙ പതിന്നാലെ നാല് മാണിക്കോത്ത് താഴെ വയലിനു തീ പിടിച്ചു. മണിക്കൂറുകളോളം തീ കത്തി. ഇരുപതോളം ഏക്കറിലാണ് തീ പടർന്നത്. മറ്റു കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും തീ പടരാതിരിക്കാൻ അഗ്നിരക്ഷാ സേനയും നാട്ടുകാരും കഠിന പ്രയത്നമാണ് നടത്തിയത്. 5 മണിക്കൂറിനു ശേഷമാണ് തീ അണയ്ക്കാനായത്. നരിക്കുനി നിലയത്തിലെ അസിസ്റ്റന്റ് ‌സ്റ്റേഷൻ ഓഫിസർ എം.സി.മനോജിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com