ADVERTISEMENT

കൂരാച്ചുണ്ട് ∙ കായണ്ണ പഞ്ചായത്തിൽ 5, 6, 7 വാർഡുകളിലെ 150 കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന കരികണ്ടൻപാറ ശുദ്ധജല പദ്ധതി നോക്കുകുത്തിയായി. ആദ്യഘട്ടത്തിൽ 50 ലക്ഷവും രണ്ടാം ഘട്ടത്തിൽ ലോക ബാങ്കിന്റെ ഗ്രാന്റിൽ നിന്ന് ഒരു കോടിയോളം രൂപയും ചെലവഴിച്ച പദ്ധതിയിൽ വെള്ളം ലഭിച്ചത് ഉദ്ഘാടന ദിവസം മാത്രമാണെന്നു ഗുണഭോക്താക്കൾ പറയുന്നു. 7 വർഷം മുൻപ് പദ്ധതി ആരംഭിച്ചെങ്കിലും ഒരു വർഷം മുൻപാണ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ട പ്രവൃത്തിയിൽ കരാറുകാരനും പഞ്ചായത്തും തമ്മിൽ കേസ് നടപടികളും വൈകാൻ കാരണമായി. പിന്നീട് പൈപ്പ് ലൈൻ തകരാറും മോട്ടർ കേടായതും പമ്പിങ് പ്രശ്നവും കുടിവെള്ളം ലഭിക്കുന്നതിനു തടസ്സമായി.

കരികണ്ടൻപാറ, കൊളോറുപാറ, പൂവത്താംകുന്ന്, അങ്കകല്ല്, ഊളേരി മേഖലകളിലെ കുടുംബങ്ങളാണ് ഈ പദ്ധതിയെ ആശ്രയിക്കുന്നത്. ഈങ്ങോറച്ചാൽ‌ കിണറിനോടു ചേർന്ന് പമ്പ് ഹൗസിനു സമീപത്ത് പൈപ്പ് പൊട്ടിയതാണ് ഇപ്പോൾ പ്രശ്നം. പൈപ്പ് നന്നാക്കാൻ പഞ്ചായത്ത് കരാറുകാരനെ ഏൽപിച്ചെങ്കിലും പ്രവൃത്തി നടന്നിട്ടില്ല. ജലജീവൻ പദ്ധതിയുമായി ബന്ധിപ്പിച്ച് ഈ പദ്ധതി നവീകരിക്കാനാണു കായണ്ണ പഞ്ചായത്ത് തീരുമാനം. പാറമതു മേഖലയിൽ‌ ജലജീവൻ പദ്ധതിക്ക് ടാങ്ക് നിർമാണം പൂർത്തിയായി. ഈ ടാങ്കിൽ നിന്നു കരികണ്ടൻപാറ പദ്ധതിക്ക് വെള്ളം എത്തിക്കാനാണ് ലക്ഷ്യം.

പദ്ധതി ആസൂത്രണത്തിന്റെ പിഴവും നടത്തിപ്പിലെ അപാകതയും മോണിറ്ററിങ് നടക്കാത്തതുമാണ് സർക്കാർ ഖജനാവിലെ ലക്ഷങ്ങൾ പാഴാകാൻ കാരണം. പഞ്ചായത്ത് നാമമാത്രമായി വാഹനത്തിൽ വെള്ളം എത്തിച്ചു തരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വോൾട്ടേജ് പ്രശ്നം നിലവിലുള്ളതിനാൽ ജല അതോറിറ്റി പദ്ധതിയിൽ നിന്നു കുടിവെള്ള വിതരണം മുടങ്ങുന്നതും ജലക്ഷാമത്തിനു കാരണമാണ്. ജലജീവൻ പദ്ധതിയുമായി ബന്ധിപ്പിച്ച് മുഴുവൻ കുടുംബങ്ങൾക്കും ജലവിതരണം നടത്താൻ ശ്രമിച്ചു വരികയാണെന്ന് പഞ്ചായത്ത് മെംബർ പി.കെ.ഷിജു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com