ADVERTISEMENT

കോഴിക്കോട്∙ ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ടുവന്ന് കോഴിക്കോട് ഭാഗങ്ങളിൽ വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മാത്തോട്ടം ഷംജാദ് മൻസിൽ യു.ഷഹൽ (23) ആണ് അറസ്റ്റിലായത്. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ ഇൻസ്പക്ടർ എം.ടി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

2023 ഒക്ടോബർ 21ന് ആയിരുന്നു സംഭവം. ചേവായൂർ പൊലീസും ഡാൻസാഫും ചേർന്ന് കണ്ണാടിക്കൽ ഒറ്റകണ്ടത്തിൽ വീട്ടിൽ കാമിൽ ജബ്ബാർ എന്ന ജാസർ അറാഫത്തിനെ 66.650 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജാസറിന് ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എടുത്ത് കൊടുത്തതും വാങ്ങാനുളള പണമിടപാടുകൾ നടത്തിയതും ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരാൻ ഒരുക്കങ്ങൾ നടത്തി കൊടുത്തതും ഷഹലാണെന്ന് കണ്ടെത്തി.

ജാസർ പിടിയിലായതിനു പിന്നാലെ ഷഹൽ ഒളിവിൽ പോയി. പിടിക്കപ്പെടാതിരിക്കാൻ പല സ്ഥലങ്ങളിലായിരുന്നു താമസം. ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സാപ്പ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഇയാളെ കുറിച്ച് ആർക്കും വ്യക്തമായ അറിവില്ലാതിരുന്നത് പൊലീസിനെ ഏറെ കുടുക്കി. എന്നാൽ ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഷഹലിനെതിരെ മുൻപ് ടൗൺ സ്റ്റേഷനിൽ ലഹരിമരുന്ന് കേസുണ്ട്. കോഴിക്കോട്ടേക്ക് ലഹരിമരുന്ന് കൊണ്ടുവരുന്ന സംഘത്തിലെ പ്രധാന കണ്ണികളിൽ ഒരാളാണ് ഇയാള്‍.

ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എഎസ്ഐ കെ.അബ്ദുറഹ്മാൻ, അനീഷ് മൂസേൻവീട്, കെ.അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, ചേവായൂർ സ്റ്റേഷനിലെ എസ്ഐ സജി മാണിയാടത്ത്, എസ്‌സിപിഒ സന്ദീപ് സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com