വടകര മണ്ഡലം: കെ.കെ.ശൈലജയ്ക്ക് 25000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് സിപിഎം
Mail This Article
കോഴിക്കോട്∙ വടകര ലോക്സഭ മണ്ഡലത്തിൽ കെ.കെ.ശൈലജയ്ക്ക് 25000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം ലഭിക്കുമെന്ന് സിപിഎം വിലയിരുത്തൽ. മുൻ തിരഞ്ഞെടുപ്പുകളിൽ കിട്ടിയ ഉറച്ച വോട്ടുകളും പുതിയ വോട്ടർമാർ അടക്കമുള്ളവരുടെ കണക്കുകളും സഹിതം പാർട്ടി ഘടകങ്ങളിൽ നിന്നു ലഭിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. താഴെ തലത്തിൽ നടത്തിയ ശക്തമായ പ്രവർത്തനങ്ങളാണ് വിജയം ഉറപ്പാണെന്നു സിപിഎം പറയുന്നതിന്റെ കാരണം.
എൽജെഡി ഇടതുപക്ഷത്തേക്ക് വന്ന ഉടനെയാണ് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് ഉണ്ടായത്. അതിനാൽ അവരുടെ പ്രവർത്തനം വേണ്ടത്ര ഉണ്ടായില്ല. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ എൽജെഡി ലയിച്ച് ആർജെഡി ആയി. ആർജെഡിയും സിപിഐയും അടക്കമുള്ളവരുടെ പ്രവർത്തനം വടകരയിൽ മുൻപത്തെക്കാൾ ശക്തമായിരുന്നു എന്നാണു പാർട്ടി വിലയിരുത്തൽ.
ഒരു വർഷം നീണ്ട പ്രവർത്തനത്തിലൂടെയാണ് എൽഡിഎഫ് പുതിയ വോട്ടർമാരെ കണ്ടെത്തി വോട്ടർ പട്ടികയിൽ ചേർത്തത്. ഈ പ്രവർത്തനം പുതിയ വോട്ടുകൾ ഭൂരിഭാഗവും ലഭിക്കാൻ സഹായിച്ചു. കെ.മുരളീധരൻ വടകരയിൽനിന്നു പിന്മാറിയ ശേഷം ലീഗിന്റെ സമ്മർദത്തിലാണ് ഷാഫി പറമ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി എത്തിയത്. ഇതു പരമ്പരാഗത കോൺഗ്രസ് വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ടെന്നും അവർ വിലയിരുത്തുന്നു. കാലാകാലങ്ങളായി കിട്ടുന്ന വോട്ടുകളുടെ കൃത്യമായ കണക്ക് ബൂത്ത്, ലോക്കൽ തലത്തിൽ നിന്നു ശേഖരിച്ചപ്പോഴും കെ.കെ.ശൈലജയ്ക്ക് തന്നെയാണത്രേ മുൻതൂക്കം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്നിൽ പോയ കൂത്തുപറമ്പിൽ ഇക്കുറി കെ.കെ.ശൈലജ മുന്നിലെത്തും. ഇതിനു പുറമേ തലശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിലും വൻ ഭൂരിപക്ഷം നേടും. നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ യുഡിഎഫ് നേരിയ ഭൂരിപക്ഷം നേടിയാലും അതിനെ മറികടക്കാനുള്ള ഭൂരിപക്ഷം ശൈലജ നേടുമെന്നും വിലയിരുത്തിയിട്ടുണ്ട്. ബൂത്ത്, ലോക്കൽ കമ്മിറ്റികൾ നൽകിയ വോട്ട് കണക്കിനു പുറമേ പുതിയ വോട്ടുകൾ, കെ.കെ.ശൈലജയ്ക്ക് ലഭിക്കാവുന്ന നിഷ്പക്ഷ വോട്ടുകൾ എന്നിവ കൂടി ചേർത്താണ് 25000 വോട്ടിനെങ്കിലും ജയിക്കുമെന്ന് സിപിഎം വിലയിരുത്തുന്നത്.