ADVERTISEMENT

എടപ്പാൾ ∙ മേൽപാലം നിർമാണം അന്തിമഘട്ടത്തിൽ എത്തിയതോടെ ടാറിങ്ങിന് മുന്നോടിയായുള്ള ജോലികൾക്ക് ഇന്നു തുടക്കമാകും. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി 9 മുതൽ നാളെ രാവിലെ 6 വരെ ടൗണിൽനിന്ന് കുറ്റിപ്പുറം റോഡിലേക്കുള്ള ഗതാഗതം നിരോധിക്കും. പാലത്തിനു താഴ്ഭാഗത്തും മുകളിലും ആണ് ടാറിങ് നടത്തുക. കുറ്റിപ്പുറം റോഡിൽ കാനകൾ പൊളിച്ച് റോഡ് നിരപ്പാക്കുന്ന ജോലികളാണ് ഇന്ന് തുടങ്ങുക. തൃശൂർ–കുറ്റിപ്പുറം റോഡുകളെ ടാറിങ്ങിന് സജ്ജമാക്കുന്ന ജോലികൾ കഴിയുന്നതോടെ കാലാവസ്ഥ അനുകൂലമാണെങ്കിൽ ഈ ആഴ്ച ടാറിങ് പൂർത്തീകരിക്കാനാണ് നീക്കം.  

വൈദ്യുതക്കാലുകൾ മാറ്റുന്ന ജോലികളും ഇതിനോടകം പൂർത്തിയാക്കും. പൊന്നാനി റോഡിൽനിന്ന് ടൗണിന് കുറുകെ ഭൂമിക്ക് അടിയിലൂടെ കേബിൾ കൊണ്ടുപോകുന്ന ജോലികൾ 2 ദിവസത്തിനകം അവസാനിക്കും. പിന്നീട് ഈ ലൈനിലൂടെ വൈദ്യുതി വിതരണം ആരംഭിച്ചാൽ കുറ്റിപ്പുറം റോഡിലെ വൈദ്യുതക്കാലുകളും കേബിളുകളും നീക്കം ചെയ്യും. സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികളും അന്തിമഘട്ടത്തിൽ ആണ്. കെൽട്രോണിന്റെ നേതൃത്വത്തിൽ ആണ് ഈ ജോലികൾ നടക്കുന്നത്. ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ ഈ ജോലികളും പൂർത്തിയാക്കും. വൈകാതെ ഉദ്ഘാടന ദിവസവും പ്രഖ്യാപിക്കും.

ഗതാഗത പരിഷ്കാരം; യോഗം 31ന്

എടപ്പാൾ ∙ മേൽപാലം ഉദ്ഘാടനം ചെയ്യുന്നതോടെ എടപ്പാളിൽ നടപ്പിലാക്കേണ്ട ഗതാഗത പരിഷ്കാരങ്ങൾ ചർച്ച ചെയ്യാൻ 31ന് യോഗം ചേരും. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗമാണ് 11.30ന് വ്യാപാര ഭവനിൽ നടക്കുക. കെ.ടി.ജലീൽ എംഎൽഎയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എടപ്പാൾ, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി, സമിതി, ഓട്ടോ–ടാക്സി യൂണിയൻ ഭാരവാഹികൾ, വിവിധ പാർട്ടി പ്രതിനിധികൾ, ബസ് ഓണേഴ്സ് ഭാരവാഹികൾ, പൊലീസ് – മോട്ടർ വാഹന വകുപ്പ്, ഗതാഗത പരിഷ്കാരവുമായി ബന്ധപ്പെട്ട പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുമെന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അറിയിച്ചു. 

യോഗത്തിൽ വാഹനങ്ങളുടെ പാർക്കിങ്ങും മറ്റു കാര്യങ്ങളും ചർച്ച ചെയ്യും. ബസുകൾ നിലവിൽ നിർത്തിയിടുന്ന സ്ഥലത്തുനിന്ന് മുന്നോട്ട് നീക്കി പാർക്ക് ചെയ്യാനാണ് ആലോചന. പാലത്തിൽനിന്ന് വാഹനങ്ങൾ ഇറങ്ങി വരുന്നതിന് സമീപം ബസുകൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്ക് ഇടയാക്കും എന്നതിനാൽ ആണിത്. ഓട്ടോ – ടാക്സി, ഗുഡ്സ് ഓട്ടോ എന്നിവയ്ക്കും സ്ഥലം അനുവദിക്കേണ്ടതുണ്ട്. പാലത്തിന് താഴെ പാർക്കിങ് അനുവദിക്കുമോ എന്നത് സംബന്ധിച്ചും തീരുമാനമെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നവംബർ ആദ്യ ആഴ്ച മുതൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കാൻ ആണ് ധാരണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com