ADVERTISEMENT

മലപ്പുറം ∙ സ്വകാര്യ ചാനൽ പ്രളയത്തിനു മുൻപ്, വിദൂരക്കാഴ്ചകളിലേക്കുള്ള ജില്ലയുടെ ഏക ജാലകമായിരുന്ന മലപ്പുറം ദൂരദർശൻ കേന്ദ്രം ഓർമയാകുന്നു. കുന്നുമ്മലിൽ പ്രവർത്തിക്കുന്ന പ്രസാർ ഭാരതി ടെലിവിഷൻ റിലേ കേന്ദ്രം ഡിസംബർ 31നു പ്രവർത്തനം നിർത്തും. ജില്ലയിൽ നിന്നു ഇനി മുതൽ ഭൂതല സംപ്രേഷണമുണ്ടാകില്ല. ഇതോടെ, ഒരു തലമുറയുടെ ഗൃഹാതുരതയുടെ ഭാഗമായ ആന്റിനകൾ പൂർണമായി ഇല്ലാതാകും. ആന്റിന വഴി ഇനി ദൂരദർശൻ പരിപാടികൾ കാണാനാകില്ല. നിലവിലെ സംവിധാനം നിർത്തുമ്പോൾ ഡിജിറ്റൽ ഭൂതല സംപ്രേഷണത്തിനു സംവിധാനമൊരുക്കുമെന്നു പ്രസാർ ഭാരതി പ്രഖ്യാപിച്ചിരുന്നെങ്കിലും അതു നടപ്പാക്കാതെയാണു കേന്ദ്രത്തിനു പൂട്ടു വീഴുന്നത്.

നിലവിൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കാര്യത്തിൽ നിർദേശമൊന്നും നൽകിയിട്ടില്ല. തൃശൂർ ദൂരദർശൻ കേന്ദ്രത്തിനു കീഴിൽ വരുന്ന പാലക്കാട്, ഷൊർണൂർ, ഇടുക്കി ഭൂതല സംപ്രേഷണ കേന്ദ്രങ്ങളും 31നു പ്രവർത്തനം നിർത്തും. 33 വർഷം ജില്ലയിൽ കാഴ്ചയുടെ വിരുന്നൊരുക്കിയ ദൂരദർശൻ കേന്ദ്രമാണ് ഓർമയാകുന്നത്. 1988 ൽ ആയിരുന്നു ഉദ്ഘാടനം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭൂതല സംപ്രേഷണ സംവിധാനമൊരുക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണു കേന്ദ്രം സ്ഥാപിച്ചത്. ആദ്യ ഘട്ടത്തിൽ 100 വാട്ട് ശക്തിയുള്ള ട്രാൻസ്മിറ്ററായിരുന്നു കേന്ദ്രത്തിൽ സ്ഥാപിച്ചത്.

മലപ്പുറം ദൂരദർശൻ കേന്ദ്രം.

പിന്നീട് ഇതു 500 വാട്ടാക്കി ഉയർത്തി. ഇതോടെ, മലപ്പുറത്തും സമീപ പ്രദേശങ്ങളിലുമുള്ളവർക്കു ഇൻഡോർ ആന്റിനകൾ വഴി തന്നെ ദൂരദർശൻ കാഴ്ചകൾ കാണാനുള്ള വഴിയൊരുങ്ങി. നേരത്തേ രാവിലെ 5 മുതൽ രാത്രി 12 വരെയായിരുന്നു സംപ്രേഷണം. പിന്നീട് ഇതു രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാക്കി. 12 ജീവനക്കാർ വരെയുണ്ടായിരുന്ന കേന്ദ്രത്തിൽ നിലവിൽ 3 പേരാണുള്ളത്. സീനിയർ എൻജിനീയറിങ് അസിസ്റ്റന്റ്, എൻജിനീയറിങ് അസിസ്റ്റന്റ്, ടെക്നിഷ്യൻ എന്നിവരാണു നിലവിലുള്ളത്.

ഉത്സവത്തിന്റെ ഓർമ

1988 ൽ നടന്ന മലപ്പുറം കേന്ദ്രം ഉദ്ഘാടനച്ചടങ്ങ് നാടിന്റെ ഉത്സവമായിരുന്നു. പ്രതിപക്ഷ നേതാവ് കെ.കരുണാകരനാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എസ്.കൃഷ്ണകുമാർ സ്വിച്ച് ഓൺ നിർവഹിച്ചു. ആയിരക്കണക്കിനാളുകളാണു ഉത്സവപ്രതീതിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്. മലപ്പുറത്തിനു പിന്നാലെ മഞ്ചേരിയിലും പിന്നീട് ദൂരദർശൻ റിലേ കേന്ദ്രം തുടങ്ങിയിരുന്നു. 2018ൽ തന്നെ അത് അടച്ചു പൂട്ടി.

കാഴ്ചക്കാരുണ്ട്, ഇപ്പോഴും

കാഴ്ചകൾ ഡിജിറ്റൽ യുഗത്തിലേക്കു മാറിയതോടെ, ഭൂതല സംപ്രേഷണത്തിന്റെ കാലം കഴിഞ്ഞുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണു കേന്ദ്രങ്ങൾ പൂട്ടാൻ പ്രസാർ ഭാരതി തീരുമാനിച്ചത്. നേരത്തേ മുതൽ ഇതിനുള്ള നീക്കങ്ങളുണ്ടെങ്കിലും വിവിധ തലങ്ങളിൽ നിന്നുള്ള സമ്മർദത്താൽ നീണ്ടുപോകുകയായിരുന്നു. കാഴ്ചക്കാർ കുറഞ്ഞെങ്കിലും ഇപ്പോഴും ഭൂതല സംപ്രേഷണത്തെ മാത്രം ആശ്രയിക്കുന്നവരുണ്ട്. മലപ്പുറം കേന്ദ്രത്തിൽ സംപ്രേഷണത്തിന്റെ സമയം വെട്ടിച്ചുരുക്കിയപ്പോൾ ഒട്ടേറെ പേരാണു ഫോൺ വിളിച്ചു പ്രതിഷേധിച്ചത്. ടെലിവിഷൻ കാഴ്ചയ്ക്കായി മാസം പണം മുടക്കാൻ സാമ്പത്തിക സ്ഥിതിയില്ലാത്ത പാവപ്പെട്ടവരാണ് ഇതിൽ കൂടുതൽ.

അൽപം ദൂരദർശൻ ചരിതം

1959 ൽ ആണ് ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്. തുടർന്ന് ദൂരദർശൻ ആകാശവാണിക്കു കീഴിലുള്ള ഒരു സംവിധാനമായി തുടങ്ങി. 1976 ജനുവരി 1ന് ദൂരദർശൻ സ്വതന്ത്ര സംവിധാനമായി പ്രവർത്തിച്ചു. 1982ൽ ഡൽഹി ഏഷ്യാഡിനു വേദിയായതോടെയാണു രാജ്യത്ത് ടെലിവിഷൻ രംഗത്ത് വിപ്ലവം അരങ്ങേറിയത്. ഏഷ്യാഡ് നാടിന്റെ നാനാഭാഗത്തെത്തിക്കുന്നതിനായി ശക്തിയുള്ള ഭൂതല സംപ്രേഷണ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. കേരളത്തിൽ തിരുവനന്തപുരത്താണു ആദ്യം തുടങ്ങിയത്. ഇതിന്റെ തുടർച്ചയായാണു ജില്ലാ ആസ്ഥാനങ്ങളിലും ഭൂതല സംപ്രേഷണ കേന്ദ്രങ്ങൾ തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com