ഇന്ന് പാലിയേറ്റീവ് കെയർ ദിനം സ്നേഹം തൊടുമ്പോൾ

മഞ്ചേരിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റ്.
SHARE

മലപ്പുറം ∙ എങ്ങിനെ നോക്കിയാലും അദ്ഭുതം തന്നെയാണ് പാലിയേറ്റീവ് കെയർ പ്രസ്ഥാനം. ഒരു കൂട്ടം നല്ല മനുഷ്യർ പ്രതിഫലേച്ഛയൊന്നുമില്ലാതെ വീട്ടിലേക്കു വരുന്നു. രോഗിയായ ബന്ധുവിനെ പരിചരിക്കുന്നു. അവരുടെ സങ്കടം കേൾക്കുന്നു.  ആശ്വസിപ്പിക്കുന്നു. മുറിവുകൾക്കു മരുന്നുവച്ചു കെട്ടുന്നു, കുളിപ്പിക്കുന്നു. ജീവകാരുണ്യം, ഔദാര്യം എന്നീ വാക്കുകളൊന്നും അവർ ഉപയോഗിക്കാറേയില്ല. ഇതു ഞങ്ങളുടെ ഉത്തരവാദിത്തം എന്നേ പറയാറുള്ളൂ. അവർക്ക് പ്രശസ്തി വേണ്ട, പണം വേണ്ട, അവാർഡ് വേണ്ട. നാലാൾക്കിടയിൽ അറിയപ്പെടണമെന്നില്ല.

പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഉറ്റവർ രോഗം വന്ന് കിടപ്പിലാകുമ്പോൾ, എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിൽക്കുന്ന കുടുംബാംഗങ്ങൾക്ക് ഈ മനുഷ്യർ ദേവദൂതർക്കു സമമമാണ്. ഇവർ ചെയ്യുന്നതാകട്ടെ സമാനതകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ പ്രഖ്യാപനവും. സാന്ത്വന പരിചരണരംഗത്ത് (പാലിയേറ്റീവ് കെയർ) കേരളത്തിനു തന്നെ വഴികാട്ടിയായ ജില്ലയാണു മലപ്പുറം. ആദ്യകാലത്ത് ആശുപത്രികളിൽ ഒതുങ്ങിയിരുന്ന സാന്ത്വന പരിചരണത്തെ സമൂഹമധ്യത്തിലേക്ക് കൊണ്ടുവന്നത് മലപ്പുറംകാരായിരുന്നു. ആ മാതൃകയിപ്പോൾ കേരളം മുഴുവൻ പടർന്നു പന്തലിച്ചിരിക്കുന്നു.

പതിനായിരങ്ങൾക്ക് സാന്ത്വനം

∙ നമ്മുടെ ജില്ലയിൽ രണ്ടുതരത്തിലാണ് സാന്ത്വന പരിചരണം മുന്നോട്ടുപോകുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പരിരക്ഷാ പാലിയേറ്റീവും മറ്റൊന്ന് അതതുപ്രദേശത്തെ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മകൾ നടത്തുന്ന സാന്ത്വന പരിചരണവും. 2006 –2007 കാലഘട്ടത്തിൽ പരിരക്ഷ എന്ന പേരിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണ സംവിധാനത്തിനു തുടക്കമിട്ടിരുന്നു. ഇതിനെ സംസ്ഥാന സർക്കാർ മാതൃകയായി സ്വീകരിക്കുകയും 2008ൽ സംസ്ഥാനത്ത് പാലിയേറ്റീവ് പോളിസി നടപ്പാക്കുകയും ചെയ്തു.  രാജ്യത്തുതന്നെ പാലിയേറ്റീവ് പോളിസി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം കൂടിയായി ഇതോടെ കേരളം.

പരിരക്ഷാ പാലിയേറ്റീവ് എന്നാണ് ഇത് ആദ്യഘട്ടത്തിൽ അറിയപ്പെട്ടത്. ഇതനുസരിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും സ്വന്തം ഫണ്ട് ഉപയോഗിച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. ഇന്നു സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇത്തരം പാലിയേറ്റീവ് യൂണിറ്റുകളുണ്ട്.   വാഹനവാടക, നഴ്സിന് ഓണറേറിയം, മരുന്ന് എന്നിവയ്ക്കെല്ലാം തദ്ദേശ സ്ഥാപനങ്ങളാണ് ഫണ്ട് വകയിരുത്തുന്നത്. മാസത്തിൽ കുറഞ്ഞത് 16 ദിവസം ഈ യൂണിറ്റുകൾ ഗൃഹസന്ദർശനം നടത്തി രോഗികൾക്കു പരിചരണം നൽകുന്നു. ജില്ലയിൽ 32,000 രോഗികൾക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്. ആയുർവേദ, ഹോമിയോ ചികിത്സാ വിഭാഗങ്ങളും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ പങ്കുചേരുന്നുണ്ട്.

നാട് കൈകോർത്തു

ജനങ്ങളുടെ പങ്കാളിത്തം കൂടി ഉൾപ്പെടുത്തിയപ്പോഴാണ് സാന്ത്വന പരിചരണ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായത്. അതിനു തുടക്കമിട്ടതാകട്ടെ നമ്മുടെ ജില്ലയും. കേരളത്തിലെ ആദ്യ കമ്യൂണിറ്റി ബേസ്ഡ് പാലിയേറ്റീവ് ക്ലിനിക് 1996ൽ മഞ്ചേരിയിൽ സ്ഥാപിക്കപ്പെട്ടു. ഇതിനുശേഷം പൂർണമായും ജനകീയ ഫണ്ട് സമാഹരണത്തിലൂടെ നന്മയുള്ള കുറച്ചു മനുഷ്യരുടെ നേതൃത്വത്തിൽ നാട്ടിലെങ്ങും പാലിയേറ്റീവ് ക്ലിനിക്കുകൾ വന്നുതുടങ്ങിയതോടെ സാന്ത്വന പരിചരണരംഗം കൂടുതൽ മികച്ചതായി. മലപ്പുറം ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (എംഐസി) സെന്റർ കമ്മിറ്റിക്കാണ് ഇത്തരത്തിലുള്ള പാലിയേറ്റീവ് സംഘങ്ങളുടെയെല്ലാം ഏകോപനച്ചുമതല.

നിലവിൽ ഈ ജനകീയ കൂട്ടായ്മയ്ക്കു കീഴിൽ 98 പാലിയേറ്റീവ് ക്ലിനിക്കുകൾ ജില്ലയിലുണ്ട്. മുപ്പതോളം ഡോക്ടർമാർ, ഇരുനൂറിലധികം നഴ്സുമാർ, ആറായിരത്തിലധികം വൊളന്റിയർമാർ എന്നിങ്ങനെ വലിയൊരു സംഘം തന്നെ പരിചരണരംഗത്തു പ്രവർത്തിക്കുന്നു.  ഈ ക്ലിനിക്കുകളുടെയെല്ലാം പ്രവർത്തനത്തിന് ഒരുവർഷം ഏകദേശം 18 കോടി രൂപ വേണ്ടിവരും. സന്മനസ്സുള്ളവർ നൽകുന്ന സംഭാവനയിലൂടെ മാത്രമാണ് ഈ തുക കണ്ടെത്തുന്നത്.

പിരിവിനായി വലിയ ക്യാംപെയ്നുകളോ, ഫ്ലെക്സടിക്കലോ ഒന്നുമില്ല. നാട്ടുകാർ അറിഞ്ഞു തരുന്നതുമാത്രം വാങ്ങിക്കുന്നു. ആരുടെ പരിചരണത്തിനാണ് താൻ കൊടുക്കുന്ന തുക വിനിയോഗിക്കുന്നതെന്നു പോലും സംഭാവന നൽകുന്നവർക്കറിയണമെന്നില്ല.  പക്ഷേ, ഒരുകാര്യം അവർക്കറിയാം. ഏതോ ഒരു വീട്ടിൽ വേദനകൊണ്ടു പുളയുന്ന ഒരാൾക്ക് ആശ്വാസം പകരാൻ അവർ നൽകിയ സംഭാവനയ്ക്കാകുന്നുണ്ടെന്ന്.  നിലവിൽ ഇരുപത്തെട്ടായിരത്തിലധികം രോഗികൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നുണ്ട്.

തുടക്കം മഞ്ചേരിയിൽ 

മഞ്ചേരി∙ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ ആദ്യ പാലിയേറ്റീവ് ക്ലിനിക് സ്ഥാപിച്ചതിന്റെ പെരുമ മഞ്ചേരിക്ക് അവകാശപ്പെട്ടതാണ്. ഡോ. കെ.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ 1996ൽ ആണ് മഞ്ചേരി വലിയട്ടിപ്പറമ്പിലെ കെട്ടിടത്തിൽ ക്ലിനിക് വന്നത്. കാൻസർ രോഗികളുടെ പരിചരണം ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനം. ആദ്യഘട്ടത്തിൽ ഒപി മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ജില്ലയിൽനിന്നു മാത്രമല്ല, പാലക്കാട്, ഗൂഡല്ലൂർ പ്രദേശങ്ങളിൽനിന്നുവരെ ആളുകൾ ക്ലിനിക്കിലെത്തി. ഒരു ഡോക്ടറെയോ നഴ്സിനെയോ ആശ്രയിച്ച് ഒപിയിൽ ഒതുങ്ങേണ്ടതല്ല പാലിയേറ്റീവ് പ്രവർത്തനം എന്ന തിരിച്ചറിവിൽ കൂടുതൽ പേർക്ക് സാന്ത്വന ചികിത്സ നൽകാനായി ആവശ്യമുള്ളവർക്ക് വീടുകളിൽ പോയി പരിചരണം തുടങ്ങി.

2016 മുതൽ ചെരണിയിലെ സ്വന്തം കെട്ടിടത്തിലാണു പ്രവർത്തനം. നിലവിൽ മഞ്ചേരിയിലെ ഈ ക്ലിനിക്കിനു കീഴിൽ 5 ഹോം കെയർ യൂണിറ്റ് പ്രവർത്തിക്കുന്നു. 600 പേർ ഈ ക്ലിനിക്കിനെ ആശ്രയിക്കുന്നു. 2 ഡോക്ടർമാരുടെയും 6 നഴ്സുമാരുടെയും സേവനം ലഭ്യമാണ്. സ്വന്തമായി വാഹനവുമുണ്ട്. ക്ലിനിക് ആരംഭിച്ച ഘട്ടത്തിൽ കാൻസർ രോഗികൾക്കുള്ള പരിചരണം മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ സേവനം ആവശ്യമുള്ള ഏതു രോഗികൾക്കും ക്ലിനിക്കിനെ ആശ്രയിക്കാം. പുതിയ വർഷം പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനാണു തീരുമാനം.

ഉള്ളം നോവും മറ്റുള്ളവരുടെ നോവറിയുമ്പോൾ  

കൊളത്തൂരിൽ നിർമാണം നടക്കുന്ന പാലിയേറ്റീവ് ക്ലിനിക്ക് കെട്ടിടത്തിനു സമീപം സുനിൽ കെ.വാരിയം പാലിയേറ്റീവ് പ്രവർത്തകർക്കൊപ്പം.

കൊളത്തൂർ∙ സുനിൽ കെ.വാരിയത്തിന് സാന്ത്വന പരിചരണമാണ് ജീവിതം. കൊളത്തൂർ ടൗണിനടുത്ത് സുനിലിന്റെ വീട്ടുവളപ്പിൽ തന്നെ പാലിയേറ്റീവ് കെയർ ക്ലിനിക്കിന് കെട്ടിടം ഉയരുന്നത് അതിന്റെ നേർസാക്ഷ്യം.  കസഖ്സ്ഥാനിൽ പെട്രോളിയം കമ്പനിയുടെ ചീഫ് അക്കൗണ്ടന്റായിരുന്ന സുനിൽ(57) ഒരു ഉൾവിളി പോലെയാണ് ജോലി മതിയാക്കി നാട്ടിലെത്തി സാന്ത്വന പ്രവർത്തനത്തിൽ സജീവമായത്. 2 വർഷത്തിലേറെയായി സാന്ത്വന പരിചരണമാണ് ജീവിത നിയോഗം. കിടപ്പു രോഗികളെ സന്ദർശിക്കലും പാലിയേറ്റീവ് വൊളന്റിയർമാർക്ക് പരിശീലനവും പരിചരണവും എല്ലാമായി രാവിലെ മുതൽ സജീവം.

കൊളത്തൂരിൽ 2014ൽ ആരംഭിച്ച പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കെട്ടിടമില്ലാത്തതുമൂലം ക്ലിനിക് ആരംഭിക്കാനാവാത്തത് പാലിയേറ്റീവ് പ്രവർത്തകരെ മാനസികമായി  വിഷമിപ്പിച്ചപ്പോഴാണ് ടൗണിനടുത്തുള്ള  6 സെന്റ് കെട്ടിടം നിർമിക്കാനായി സൊസൈറ്റിക്ക് സൗജന്യമായി റജിസ്റ്റർ ചെയ്ത് നൽകിയത്. ഇവിടെ കെട്ടിടം നിർമിക്കാനുള്ള ധനശേഖരണവുമായി നെട്ടോട്ടത്തിലാണിപ്പോൾ സുനിലിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം പ്രവർത്തകർ. കെട്ടിടത്തിന്റെ കോൺക്രീറ്റിങ് വരെയെത്തി.  പണി പൂർത്തിയാക്കാൻ 10 ലക്ഷം രൂപ കൂടി വേണം.

എന്തു വന്നാലും മേയ് അവസാനത്തോടെ കെട്ടിടം സജ്ജമാക്കുമെന്നാണ് ഇവരുടെ ദൃഢനിശ്ചയം. കൊളത്തൂർ പാലിയേറ്റീവ് സൊസൈറ്റിക്കു കീഴിൽ 426 രോഗികളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ 214 പേരും ദിവസവും പരിചരണം ആവശ്യമുള്ളവരാണ്. മാസത്തിൽ 4 ദിവസം ഡോക്ടമാരുടെ സേവനവും ആഴ്ചയിൽ 5 ദിവസം നഴ്സുമാരുടെ പരിചരണവും ആഴ്ചയിൽ 6 ദിവസം വൊളന്റിയർമാരുടെ സേവനവും വീടുകളിലെത്തിക്കുന്നു. ഇതിനായി സെക്രട്ടറി യൂസഫ് കാരാട്ടിലിന്റെ നേതൃത്വത്തിൽ 26 വൊളന്റിയർമാർ സർവസജ്‌ജം. ആംബുലൻസും ഹോംകെയർ വാഹനവും ഉണ്ട്.

അച്ഛൻ വഴികാട്ടി; മകളുടെ ജീവിതം അശരണർക്കൊപ്പം  

ഉള്ളാട്ടിൽ രാഗിണി

കോട്ടയ്ക്കൽ∙ ജീവകാരുണ്യരംഗത്തും സാന്ത്വന പരിചരണരംഗത്തും പിതാവിന്റെ പാത പിന്തുടരുകയാണ് പടിഞ്ഞാക്കര ഉള്ളാട്ടിൽ രാഗിണി. ആദിവാസികൾ, വനിതകൾ, കുട്ടികൾ തുടങ്ങിയവർക്കായി സ്വജീവിതം സമർപ്പിച്ചിട്ട് വർഷങ്ങളായി. വ്യവസായ സംരംഭകനായ എം.കെ.രാമുണ്ണി നായർ ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു. പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്തായിരുന്നു തുടക്കം. ഭർത്താവിന്റെ അകാലമരണത്തോടെ ജീവിതം പൂർണമായി അശരണർക്കായി മാറ്റിവച്ചു.

നിലമ്പൂരിലെയും വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസികൾ, രോഗികളായ കുട്ടികൾ തുടങ്ങിയവർക്കൊപ്പമായി സഹവാസം. 4 വർഷം മുൻപ് ‘സൊലസ്’ എന്ന കാരുണ്യ പ്രസ്ഥാനത്തിന്റെ ജില്ലാ ഘടകം കോട്ടയ്ക്കലിൽ രൂപീകരിച്ചപ്പോൾ കൺവീനറായി. പല രോഗങ്ങളാൽ പ്രയാസപ്പെടുന്ന 350 കുട്ടികൾ നിലവിൽ യൂണിറ്റിലുണ്ട്. ഇവർക്കുള്ള  മരുന്നുകൾ, ഭക്ഷണം എല്ലാം ‘സൊലസ്’ നൽകുന്നു. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ വീട് നിർമാണത്തിനും സഹായിക്കുന്നു.

തോക്കാംപാറ വാർഡിലെ ഇടതു സ്വതന്ത്ര കൗൺസിലറായതോടെ ഉത്തരവാദിത്തം വർധിച്ചു. കോവിഡ് ബാധിതർക്കുള്ള മരുന്നും ഭക്ഷണവും പതിവായി എത്തിച്ചു കൊടുക്കുന്നുണ്ട്. അരി, പച്ചക്കറി തുടങ്ങിയ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നു. അമ്മയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി 5 സെന്റ് സ്ഥലം വാർഡിൽ അങ്കണവാടി കെട്ടിടം നിർമിക്കാനായി കുടുംബം വിട്ടുകൊടുത്തതിനു പിറകിലും ഇവരുടെ ശ്രമമുണ്ട്.

അശരണർക്കു തണലായി കൊണ്ടോട്ടിയിലെ കേന്ദ്രം 

കൊണ്ടോട്ടി തുറക്കൽ പനയംപറമ്പിലെ പാലിയേറ്റീവ് കെയർ പുനരധിവാസ കേന്ദ്രം.

കൊണ്ടോട്ടി ∙ ജീവിത വഴിയിൽ ആശങ്കയിലാകുന്നവർക്കുള്ള ആശ്രയ കേന്ദ്രമാണു തുറക്കൽ പനയംപറമ്പിലെ പാലിയേറ്റീവ് കെയർ. ബിസ്മി കൾചറൽ സെന്ററിന്റെ നേതൃത്വത്തിലാണു പ്രവർത്തനം. നിർധന രോഗികളും ഭിന്നശേഷിക്കാരും പഠനത്തിനു വഴിയില്ലാത്തവരുമായി ആയിരക്കണക്കിനു കുടുംബങ്ങളാണു കേന്ദ്രത്തിന്റെ തണലിൽ കഴിയുന്നത്. വീടില്ലാത്തവർക്കു താമസിക്കാനുള്ള പുനരധിവാസ കേന്ദ്രംതന്നെ ഇവിടെയുണ്ട്.

വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഒട്ടേറെപ്പേർക്കു വീടുകൾ, കിണറുകൾ, ശുചിമുറികൾ തുടങ്ങിയവ നിർമിച്ചു നൽകി. ദിവസവും ഫിസിയോ തെറപ്പി യൂണിറ്റ് പ്രവർത്തിക്കും. നിലവിൽ 32 രോഗികൾക്കു താമസ സൗകര്യത്തോടെയും ഫിസിയോ തെറപ്പി നൽകുന്നു.മച്ചിങ്ങലകത്ത് ബഷീർ, കെ.പി.അബ്ദുൽ ഖാദർ, ഡോ.ഉമ്മർ, എം.എം.അബ്ദുറഹിം തുടങ്ങിയവരുടെ നേതൃത്വത്തിലാണു കേന്ദ്രത്തിന്റെ പ്രവർത്തനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA