ADVERTISEMENT


മലപ്പുറം∙ അട്ടിമറിയിലൂടെ ഭരണം പിടിക്കാൻ ഫിദൽ കാസ്ട്രോയും പോരാളികളും ക്യൂബയിലേക്കു പുറപ്പെട്ടത് ചോരുന്നൊരു ബോട്ടിലായിരുന്നു. പക്ഷേ, വിപ്ലവം ചോർന്നില്ലെന്നതു രാഷ്ട്രീയ ചരിത്രം. അതേ ക്യൂബയിൽ കായികപഠനം പൂർത്തിയാക്കിയ സതീവൻ ബാലൻ അഖിലേന്ത്യാ അന്തർസർവകലാശാലാ ഫുട്ബോൾ ടൂർണമെന്റിലേക്കു പുറപ്പെട്ടതും പരിമിതികൾ ഏറെയുള്ള കാലിക്കറ്റ് സർവകലാശാലാ ടീമുമായിട്ടായിരുന്നു.

കിരീടം ചോർന്നില്ലെന്നു മാത്രമല്ല, അഖിലേന്ത്യാ ടൂർണമെന്റിൽ ഒരു ഗോൾ പോലും ചോർന്ന് കാലിക്കറ്റിന്റെ പോസ്റ്റിൽ വീണതുമില്ല. ഇത് ഫുട്ബോൾ ചരിത്രം. അനന്തപത്മനാഭന്റെ നാട്ടിൽനിന്നെത്തി നിധി പോലെ സൂക്ഷിക്കാവുന്ന നാലാം കിരീടമാണ് സതീവൻ ബാലൻ കാലിക്കറ്റ് സർവകലാശാലയ്ക്കു സമ്മാനിച്ചത്. അഖിലേന്ത്യാ കിരീടപ്പോരാട്ടത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും കാലിക്കറ്റ് സർവകലാശാലാ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ സതീവൻ ബാലൻ സംസാരിക്കുന്നു.

? നാലാം തവണയും കാലിക്കറ്റിന് ദേശീയ ട്രോഫി നേടിക്കൊടുത്തു. എന്തു തോന്നുന്നു
ഇതിനു മുൻപുള്ള വർഷങ്ങളെക്കാളേറെ ഇത്തവണ വലിയ സന്തോഷമുണ്ട്. കാരണം മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ കാലിക്കറ്റിന്റെ സ്ക്വാഡ് ഏറെ മികച്ചതെന്നു പറയാനാവില്ല. പക്ഷേ, ഓരോ കളി കഴിയുന്തോറും ടീം കൂടുതൽ ഒത്തിണക്കവും കളി മികവും കാണിച്ചതു തുണയായി. കാലിക്കറ്റ് സർവകലാശാലയുടെ ആദ്യ അഖിലേന്ത്യാ കിരീടനേട്ടത്തിന്റെ അൻപതാം വാർഷിക വേളയിൽത്തന്നെ മറ്റൊരു കിരീടം കൂടി എത്തിക്കാനായതിൽ വളരെ സന്തോഷമുണ്ട്.

? കേരളത്തിലെ മറ്റു സർവകലാശാലകളെ അപേക്ഷിച്ച് കാലിക്കറ്റ് സർവകലാശാലാ ഫുട്ബോൾ ടീമുകൾക്കുള്ള പ്രധാന പ്ലസ് എന്താണ്
പ്രതിഭകളുടെ ധാരാളിത്തം തന്നെയാണ് പ്രധാന പ്ലസ്. ഫുട്ബോളിനെക്കുറിച്ചു കൃത്യമായ ധാരണ ഇവിടത്തെ താരങ്ങൾക്കുണ്ട്. ഒരു ഗെയിം പ്ലാൻ പറഞ്ഞുകൊടുത്താൽ അത് എളുപ്പത്തിൽ മനസ്സിലാക്കാനും മൈതാനത്ത് പ്രയോഗിക്കാനും അവർക്കു കഴിയും. മലബാറിന്റെ ഫുട്ബോൾ സംസ്കാരം തന്നെയാണ് ഇതിന്റെയെല്ലാം അടിത്തറ.

? ദേശീയ ട്രോഫി നേടിയെങ്കിലും ദക്ഷിണമേഖലാ മത്സരങ്ങളിൽ മൂന്നാം സ്ഥാനം മാത്രമായിരുന്നു കാലിക്കറ്റിന്, എന്തുപറ്റി
കോവിഡിന്റെ ആധിക്യം മൂലം ശരിക്കുള്ള പരിശീലനം കോളജ് തലത്തിൽ കുട്ടികൾക്ക് കിട്ടാത്ത സ്ഥിതി വന്നു. അതുപോലെ സർവകലാശാലാ തലത്തിലും രണ്ടാഴ്ച മാത്രമേ പരിശീലനത്തിനു ലഭിച്ചുള്ളൂ. കൂടുതൽ പരിശീലന മത്സരങ്ങൾ കളിക്കാനുള്ള അവസരങ്ങളും നഷ്ടമായി. ദക്ഷിണമേഖലയിൽ യോഗ്യതാ മത്സരത്തിൽ അണ്ണാമല യൂണിവേഴ്സിറ്റിയെ തോൽപിച്ചു. അന്നു തന്നെയായിരുന്നു ലീഗ് റൗണ്ടിൽ കരുത്തരായ എംജി സർവകലാശാലയെ നേരിടേണ്ടി വന്നതും. ഒരു സെൽഫ് ഗോളിനായിരുന്നു നമ്മുടെ പരാജയം. അതോടെ ദക്ഷിണമേഖലയിൽ ഒന്നാമതെത്തുക എന്ന ലക്ഷ്യമുപേക്ഷിച്ച് ദേശീയ ടൂർണമെന്റിലേക്കു ശക്തമായ ടീം കെട്ടിപ്പടുക്കുക എന്നതിനായി മുൻഗണന. അതെന്തായാലും ഗുണം ചെയ്തു.

? ഇത്തവണ ടീം നേരിട്ട പ്രധാന പ്രതിസന്ധികൾ എന്തൊക്കെയായിരുന്നു. അതിനെ എങ്ങനെയാണ് അതിജീവിച്ചത്
പരിശീലനത്തിനുള്ള സമയക്കുറവു തന്നെയാണ് പ്രധാന പ്രതിസന്ധി. അതുപോലെ എംജി സർവകലാശാലയിലെ മാച്ച് ഷെഡ്യൂളും നമ്മെ ബാധിച്ചു. ഒരുദിവസം തന്നെ രണ്ടു മത്സരങ്ങൾ വന്നത് താരങ്ങളെ ക്ഷീണിപ്പിക്കുന്നതായിരുന്നു. തുടർച്ചയായ മൂന്നു ദിവസങ്ങളിൽ നമുക്ക് രണ്ടു മത്സരങ്ങൾ വീതം കളിക്കേണ്ടി വന്നിട്ടുണ്ട്. റിസർവ് താരങ്ങളെയും മറ്റും ഇറക്കിയാണ് അതിജീവിച്ചത്.

? അഖിലേന്ത്യാ ടൂർണമെന്റിൽ ഒരു ഗോൾ പോലും കാലിക്കറ്റ് വഴങ്ങിയിട്ടില്ല. എന്തായിരുന്നു തന്ത്രം
ഗോൾ വഴങ്ങിയാൽ മാനസികമായ മേധാവിത്തം എതിർ ടീമിനു ലഭിക്കും. അതൊഴിവാക്കുക എന്നതുതന്നെയായിരുന്നു പ്രധാന തന്ത്രം. ഡിഫൻസും ഗോളിയും മിഡ്ഫീൽഡ് താരങ്ങളും അവസരത്തിനൊത്ത് ഉയർന്നതോടെ തന്ത്രം ഫലിച്ചു.

? ഈ ടൂർണമെന്റിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ ടീം ഏതാണ്
ആതിഥേയരായ എംജി സർവകലാശാല തന്നെയാണ് ഏറ്റവും വെല്ലുവിളി ഉയർത്തിയത്. ഹോം ടീം കളിക്കുമ്പോൾ അതിന്റേതായ ആനുകൂല്യം അവർക്കു ലഭിക്കുമല്ലോ. കൂടാതെ ദക്ഷിണമേഖലാ ലീഗ് മത്സരത്തിൽ നമ്മൾ അവരോടു പരാജയപ്പെട്ടിരുന്നു. ഇതിന്റെ മാനസിക മുൻതൂക്കവും അവർക്കു ലഭിച്ചു. പക്ഷേ, ഇക്കാരണങ്ങളെയെല്ലാം മറികടക്കാൻ നമ്മുടെ ടീമിനായി.

? ഫൈനൽ മത്സരത്തിൽ കരുത്തരായ ജലന്തർ സന്ത് ബാബ ഭാഗ് സിങ് സർവകലാശാലയെ മറികടക്കാൻ പ്രയോഗിച്ച തന്ത്രം എന്തായിരുന്നു.
പൊതുവേ, ഉത്തരേന്ത്യൻ ടീമുകൾ ലോങ് പാസിലൂടെ കളം പിടിക്കാനാണു ശ്രമിക്കുക. ആദ്യം തന്നെ ഇത്തരം ലോങ് പാസ് ക്ലിയർ ചെയ്ത് സെക്കൻഡ് ബോളിലൂടെ കളി കൈപ്പിടിയിലാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതുപോലെ രണ്ടു ടീമുകളുടെയും ആ ദിവസത്തെ രണ്ടാമത്തെ കളിയായിരുന്നു ഈ ഫൈനൽ. രണ്ടു ടീമുകളിലെ താരങ്ങളും തളർന്നിട്ടുണ്ടാകും. അതുകൊണ്ട് ആദ്യ ഹാഫിൽ തന്നെ സ്കോർ ചെയ്ത് ഗെയിം വരുതിയിലാക്കാനും ശ്രദ്ധിച്ചു. സെക്കൻഡ് ഹാഫിലേക്കു നീട്ടിക്കൊണ്ടു പോയാൽ പ്രതീക്ഷിച്ച പ്രകടനം താരങ്ങൾക്കു കാഴ്ചവയ്ക്കാൻ സാധിച്ചെന്നു വരില്ല. എന്തായാലും തന്ത്രം ഫലിച്ചു. നമ്മൾ ജയിച്ചു.

വെൽഡൺ ബോയ്സ്...

തേഞ്ഞിപ്പലം ∙ അശുതോഷ് മുഖർജി കപ്പ് കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയത്തിൽ എത്തിച്ച് അഖിലേന്ത്യാ അന്തർ സർവകലാശാലാ പുരുഷ ഫുട്ബോൾ ജേതാക്കളായ താരനിരയുടെ ആഹ്ലാദം. ക്യാംപസ് കവാടത്തിൽനിന്ന് താരങ്ങളെയും പരിശീലകരെയും മറ്റും അധ്യാപകരും വിദ്യാർഥികളും ഉന്നതോദ്യോഗസ്ഥരും ചേർന്ന് ഭരണകാര്യാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കുകയായിരുന്നു. താരങ്ങളും കോച്ച് സതീവൻ ബാലനും ചേർന്ന് അശുതോഷ് മുഖർജി കപ്പ് വിസി ഡോ. എം.കെ.ജയരാജിന് കൈമാറിയപ്പോൾ ഒത്തുകൂടിയവരുടെ ആഹ്ലാദം കരഘോഷമായി മുഴങ്ങി.

അന്തർസർവകലാശാലാ ഫുട്ബോൾ കിരീടം കാലിക്കറ്റ് ടീമംഗങ്ങൾ വൈസ് ചാൻസലർ ഡോ. എം.കെ.ജയരാജിനു കൈമാറുന്നു.

കാലിക്കറ്റ് അഖിലേന്ത്യാ ഫുട്ബോൾ കിരീടം ആദ്യമായി നേടിയതിന്റെ സുവർണ ജൂബിലി വർഷത്തിൽ കപ്പുയർത്തിയ ടീമിനുള്ള ഔദ്യോഗിക സ്വീകരണം ഇന്നു വൈകിട്ട് സെനറ്റ് ഹൗസിൽ നടത്തും. ഇന്നലെ ടീമംഗങ്ങളെ സ്വീകരിക്കാൻ പിവിസി ഡോ. എം.നാസർ, റജിസ്ട്രാർ ഡോ. ഇ.കെ.സതീഷ്, സിൻഡിക്കറ്റ് അംഗങ്ങളായ കെ.കെ.ഹനീഫ, ടോം കെ.തോമസ്, ഡോ. എം.മനോഹരൻ, സെനറ്റ് അംഗം വിനോദ് എൻ.നീക്കാംപുറത്ത്, കായിക ഡയറക്ടർ ഡോ. വി.പി.സക്കീർ ഹുസൈൻ തുടങ്ങിയവർ എത്തിയിരുന്നു. അഖിലേന്ത്യാ ഫുട്ബോൾ കിരീടം നേടിയതിന്റെ ആഹ്ലാദം വിസി സെനറ്റ് യോഗത്തിലും പങ്കുവച്ചു. അഖിലേന്ത്യാ വോളിബോൾ, അഖിലേന്ത്യാ ബേസ്ബോൾ കിരീടങ്ങൾ കൂടി നേടിയതോടെ കാലിക്കറ്റ് ഇക്കുറി വലിയ ആഹ്ലാദത്തിലാണെന്നും വിസി പറഞ്ഞു.

ഒരു ഗോളും കടക്കാത്ത വൻമതിൽ

മലപ്പുറം∙ ടൂർണമെന്റിലാകെ ഒരു ഗോൾ പോലും വഴങ്ങാതെയാണ് കാലിക്കറ്റ് സർവകലാശാല അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്ബോൾ കിരീടം നേടിയത്. ഈ ക്ലീൻ ഷീറ്റിനു പിന്നിലെ കാവൽക്കരുത്തിന്റെ പേരാണ് പി.കെ.ശുഹൈബ്. എംഇഎസ് മമ്പാട് കോളജിന്റെ ഈ താരം പോസ്റ്റിനു മുൻപിൽ വൻമതിൽ പോലെ നിലയുറപ്പിച്ചപ്പോൾ ഒരു പന്തുപോലും വര കടന്നില്ല. ഒട്ടേറെ മിന്നും സേവുകൾ നടത്തിയ ശുഹൈബ് തന്നെയാണ് ടൂർണമെന്റിലെ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടതും. ബിരുദ അവസാന വർഷ വിദ്യാർഥിയായ ശുഹൈബിന് ഇതൊരു തിരിച്ചുവരൽ കൂടിയാണ്.

ബിരുദ ഒന്നാം വർഷ വിദ്യാർഥി ആയിരുന്നപ്പോൾ തന്നെ സർവകലാശാലാ ടീമിലുണ്ടായിരുന്നു. പക്ഷേ, ആ വർഷം കാലിക്കറ്റ് സർവകലാശാല അഖിലേന്ത്യാ മത്സരത്തിലെ ലീഗ് റൗണ്ടിൽ പുറത്തായി. കളിക്കിടെ ഇടതുകാലിനു പരുക്കേറ്റ് ഒരു വർഷത്തോളം വിശ്രമം വേണ്ടിവന്നതിനാൽ കഴിഞ്ഞ ടൂർണമെന്റിൽ പങ്കെടുക്കാനായില്ല. മൂന്നാം തവണ പക്ഷേ, ശുഹൈബ് മിന്നിച്ചു. ഒരു ഗോൾ പോലും അനുവദിക്കാതെ അഖിലേന്ത്യാ കിരീടം കരവലയത്തിലൊതുക്കി. കരുവാരകുണ്ട് കണ്ണത്ത് പി.കെ. ഉമ്മർ, ഉമ്മുൽ ഫാഹിദ ദമ്പതികളുടെ മകനാണ്. ബ്രസീലിയൻ ഗോൾ കീപ്പർ അലിസൻ ബെക്കറാണ് ശുഹൈബിന്റെ ഇഷ്ടതാരം.

മിന്നൽ മിഷാൽ; മുക്കത്തെ മെസ്സി

മലപ്പുറം∙ അഖിലേന്ത്യാ അന്തർസർവകലാശാലാ ഫുട്ബോൾ പോരാട്ടത്തിനിറങ്ങിയ വമ്പൻ കപ്പലുകളെയെല്ലാം മുക്കിക്കളഞ്ഞത് മുക്കത്തുനിന്നു പുറപ്പെട്ടൊരു ടോർപിഡോയാണ്. പേര് പി.കെ.മിഷാൽ. മുക്കം എംഎഎംഒ കോളജിന്റെ മിന്നൽ സ്ട്രൈക്കർ. അഖിലേന്ത്യാ കിരീടം വീണ്ടും കാലിക്കറ്റ് സർവകലാശാലയുടെ ഷെൽഫിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരം. രണ്ടു ഗോളും രണ്ട് ഗോൾ അസിസ്റ്റുമുൾപ്പെടെ കിടിലൻ പ്രകടനമാണ് ടൂർണമെന്റിൽ പുറത്തെടുത്തത്. ടൂർണമെന്റിലെ മികച്ച സ്ട്രൈക്കറായി തിരഞ്ഞെടുക്കപ്പെട്ടതും മിഷാൽ തന്നെ. ചരിത്ര ബിരുദം രണ്ടാം വർഷ വിദ്യാർഥിയായ മിഷാലിന്റെ സർവകലാശാലാതലത്തിലെ ആദ്യ അഖിലേന്ത്യാ ടൂർണമെന്റ് കൂടിയാണിത്. മാവൂർ പെരുവയൽ സ്വദേശിയായ പി.കെ.കബീർ, എം.സുലൈഖ ദമ്പതികളുടെ മകനാണ് മിഷാൽ. സ്കൂളിൽ പഠിക്കുന്ന കാലത്ത് അണ്ടർ 19 നാഷനൽ ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ ജഴ്സിയണിഞ്ഞിരുന്നു. ലയണൽ മെസ്സിയാണ് ഇഷ്ടതാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com