ADVERTISEMENT

പെരിന്തൽമണ്ണ∙ സെയ്തലവിയുടെ നെൽപ്പാടം കണ്ണിനു കുളിരേകുന്ന ഒരു പരീക്ഷണ ശാലയാണ്. ഇവിടെ വിളയുന്നത് 17 ഇനം നെൽവിത്തുകൾ. വ്യത്യസ്ത ഇനം നെല്ലിനങ്ങൾ വിളഞ്ഞു നിൽക്കുന്ന പാടം കൃഷിയെ സ്നേഹിക്കുന്നവരുടെ മനസ്സു നിറയ്ക്കുന്ന കാഴ്ചയാണ്. മൂർക്കനാട് പാടശേഖരത്തിൽ വെങ്ങാട് കീഴ്മുറി പാടശേഖരത്തിലെ രണ്ടേക്കർ വയലിലാണ് കരുപറമ്പ് വലിയ പാലത്തിങ്ങൽ സെയ്തലവിയുടെ (60) വേറിട്ട കാർഷിക വിപ്ലവം. 32 വർഷക്കാലം വിദേശത്ത് തൊഴിൽ ചെയ്ത സെയ്‌തലവി അവിടെനന്ന് മടങ്ങിയെത്തിയ ശേഷം കഴിഞ്ഞ 10 വർഷമായി കൃഷിയിൽ സജീവമാണ്. കൃഷിയാണ് സെയ്തലവിയുടെ ജീവനും ജീവിതവും. 

കൃഷിവകുപ്പ് നൽകുന്ന ഉമ, പൊന്മണി വിത്തുകളൊഴികെ ബാക്കിയെല്ലാം നാടൻ നെല്ലിനങ്ങളാണ്. ചേറ്റാടി, നെയ്‌ച്ചീര, വലിച്ചൂരി, കാക്കിശാല, മല്ലിക്കുറുവ, രക്തശാലി, മട്ടത്രിവേണി, കറുവാച്ചി, മുള്ളൻ കഴമ തുടങ്ങിയ നെല്ലിനങ്ങളെല്ലാം ഇവിടെയുണ്ട്. ഇവയിൽ പലതും ഔഷധഗുണമുള്ളവയാണ്. ചേറ്റാടിക്കാണ് കൂടുതൽ വിളവ് ലഭിക്കുകയെന്ന് സെയ്തലവിയുടെ അനുഭവസാക്ഷ്യം. അത്യുൽപാദനമല്ല ലക്ഷ്യമെന്നും വിസ്മൃതിയിലാണ്ടു പോകുന്ന നാടൻ വിത്തിനങ്ങളെ സംരക്ഷിക്കുക കൂടിയാണ്  ഉദ്ദേശിക്കുന്നതെന്നും സെയ്‌തലവി പറയുന്നു.  പൂർണമായും ജൈവരീതിയിലാണ് ഇവിടെ കൃഷി ചെയ്യുന്നത്. 

വയനാട്ടിൽ നിന്നാണ് കൂടുതൽ വിത്തിനങ്ങൾ ലഭിച്ചത്. സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഇതിനായി കറങ്ങി. കഴിഞ്ഞ വർഷം അഞ്ചിനം വീത്തുകൾ കൃഷി ചെയ്‌തുകൊണ്ടായിരുന്നു തന്റെ പരീക്ഷണത്തിന്റെ തുടക്കം. തൃപ്തനാകാതെ കൂടുതൽ അന്വേഷണം നടത്തിയാണ് ഇത്തവണ 17 വരെ എത്തിച്ചത്. നെൽക്കൃഷിക്കൊപ്പം തെങ്ങുകൃഷിയും പശു വളർത്തലുമുണ്ട് സെയ്തലവിക്ക്. സെയ്തലവിയുടെ പരീക്ഷണങ്ങൾക്ക് പിന്തുണയും സഹായവുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടിനുണ്ട്.

മുൻപ് പുഞ്ച ഉൾപ്പെടെ 3 വിള കൃഷി ചെയ്തിരുന്നു. എന്നാൽ കാലാവസ്ഥാമാറ്റവും തൊഴിലാളി ക്ഷാമവും കാരണം രണ്ടു വിളയായും പിന്നീട് ഒറ്റ വിളയിലേക്കും ചുരുങ്ങി. കഴിഞ്ഞ തവണയുണ്ടായ അതിവർഷത്തിൽ തോടും പാടവും ഒന്നായി വലിയ തോതിൽ കൃഷി നശിച്ചു. ഭാര്യ സഫിയയും മക്കളായ സഫ്‌വാനും സൂഫിയാനും സഫ്നയും ഐഷ സനയും എല്ലാ പിന്തുണയും നൽകുന്നുണ്ട്. അടുത്ത തവണ കൂ‌ടുതൽ വിത്തുകൾ കൃഷി ചെയ്യാനുള്ള അന്വേഷണത്തിലാണ് സെയ്തലവി ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com