ADVERTISEMENT

ആതവനാട് ∙ തിത്തേര്യക്കുടയും കൊടിക്കൂറകളും ഉയർന്നു, മേള സമേതം നാടൻകലകൾ ചുവടുവച്ചു. അങ്ങനെ, വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തീയാട്ടുത്സവം വീണ്ടും കാർഷിക സംസ്കൃതിയുടെ ഓർമപ്പെടുത്തലായി. വിവിധ ദേശങ്ങളിൽനിന്ന് ആചാരപൂർവമെത്തിയ കൊടിവരവുകൾ വർണാഭമായ ഉത്സവക്കാഴ്ചയൊരുക്കി. പൂതൻ, തിറ, ഇണപ്പൊയ്ക്കാളകൾ എന്നിവ കൊടിവരവുകളെ മികവുറ്റതാക്കി. കാട്ടാളവേഷം തീയാട്ടുത്സവത്തിന്റെ മാത്രം പ്രത്യേകതയായി.

രാവിലെ കതിനവെടിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മേലരി കനലാട്ടക്കുഴിയിൽ എത്തിക്കൽ, നെല്ലളവ്, പറ നിറയ്ക്കൽ, തീയാട്ടുകൊള്ളൽ, തോറ്റം ചൊല്ലൽ, കാവുതീണ്ടൽ, മേലരിക്കു തീ കൊളുത്തൽ, പകലാട്ടം, മുടിയാട്ടം, എഴുന്നള്ളിപ്പ്, ചുരികപ്പിടിത്തം, കാടുകാണൽ, തായമ്പക, കനലാട്ടം, ആയിരം തിരിയുഴിച്ചിൽ, കൽപന എന്നിവയുണ്ടായി. ക്ഷേത്രത്തിന്റെ കിഴക്കേനട ഇന്നലെ വൈകിട്ട് മാത്രമാണ് തുറന്നത്. പൂജകൾക്ക് തന്ത്രി കൽപുഴ ശങ്കരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കടക്കോട്ട് തലമന ഇല്ലം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നിവർ കാർമികരായി. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ഇന്നു രാവിലെ നടക്കുന്ന അരിയളവോടെ ഉത്സവം സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com