ADVERTISEMENT

കോട്ടയ്ക്കൽ ∙ കോട്ടയ്ക്കൽ  ആര്യവൈദ്യശാല മുൻ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയർ ഉപയോഗിച്ചിരുന്ന 25 വർഷത്തിലധികം പഴക്കമുള്ള കാർ വിലയ്ക്കുവാങ്ങി അദ്ദേഹത്തിന്റെ ആദ്യകാല ഡ്രൈവറുടെ കുടുംബം. ദീർഘകാലം വാരിയരുടെ ഡ്രൈവറായിരുന്ന കോട്ടയ്ക്കൽ നെല്ലിക്കപ്പറമ്പ് പരേതനായ പിലാക്കൽ മൊയ്തീൻകുട്ടിയുടെ ഭാര്യ പാത്തുമ്മയാണ് മകൻ സൈതലവിയോട് വാഹനം വാങ്ങാൻ നിർദേശിച്ചത്.

കോട്ടയ്ക്കൽ ആര്യവൈദ്യശാല മുൻ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയരും ഡ്രൈവർ പിലാക്കൽ മൊയ്തീൻകുട്ടിയും. (ഫയൽ ചിത്രം)

വാരിയരും മൊയ്തീൻകുട്ടിയും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചെറുപ്പകാലത്ത് കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സജീവ പ്രവർത്തകരായിരുന്നു ഇരുവരും. പിന്നീട്  ഡ്രൈവർ എന്ന നിലയിൽ മൊയ്തീൻകുട്ടി വർഷങ്ങളോളം വാരിയരെ നിഴൽ പോലെ പിൻതുടർന്നു. ആര്യവൈദ്യശാലയിൽ നിന്നു വിരമിച്ച ശേഷവും വാരിയർ ആവശ്യപ്പെട്ടതു പ്രകാരം അദ്ദേഹം 15 വർഷത്തോളം ജോലിയിൽ തുടർന്നു. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളാൽ പിന്നീട് സ്വയം ഒഴിഞ്ഞുപോവുകയായിരുന്നു.

ഈ കാറിൽ മൊയ്തീൻകുട്ടി വാരിയരുമായി  സംസ്ഥാനത്തിന് അകത്തും പുറത്തും ദീർഘകാലം സഞ്ചരിച്ചിട്ടുണ്ട്. മൊയ്തീൻകുട്ടി 8 വർഷം മുൻപ് മരിച്ചു. വാരിയർ കഴിഞ്ഞവർഷം ജൂലൈ10നും. കാർ വിൽക്കുന്നുണ്ടെന്നറിഞ്ഞ പാത്തുമ്മ വിദേശത്തുനിന്നു അവധിക്കു നാട്ടിലെത്തിയ മകൻ സൈതലവിയോട് വിവരം പറഞ്ഞു. ആര്യവൈദ്യശാലാ അധികൃതരുമായി ബന്ധപ്പെട്ട യുവാവ് കഴിഞ്ഞദിവസമാണ് വാഹനം വാങ്ങിയത്. മൊയ്തീൻകുട്ടിയുമൊത്ത് വാരിയർ ഒട്ടേറെ തവണ ഈ കാറിൽ വീട്ടിൽ വന്നിട്ടുണ്ടെന്നും വാഹനം സ്വന്തമാക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും പാത്തുമ്മ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com