ADVERTISEMENT

മലപ്പുറം∙ നാലു വാക്കു സംസാരിക്കുന്നതിനിടെ ആറു വട്ടം ചിരിക്കും മണിപ്പുർ കോച്ച് ഗിഫ്റ്റ് റെയ്ഖാൻ. നാലുവട്ടം പന്തു തട്ടുന്നതിനിടെ ആറുവട്ടം കൗണ്ടർ അറ്റാക്ക് നടത്തുന്ന സ്വന്തം ടീമിനെപ്പോലെ മാരകമാണ് ആ ചിരിയും. കാരണം ‘നിങ്ങളെ വെള്ളം കുടിപ്പിച്ചിരിക്കും’ എന്ന ഉറപ്പുള്ള ‘വാഗ്ദാന’മാണ് ആ ചിരി.   ബി ഗ്രൂപ്പിലെ സർവീസസിനും കർണാടകയ്ക്കും ഗുജറാത്തിനുമെല്ലാം ഇപ്പോൾ അക്കാര്യം അറിയാം. ആ ചിരിയിൽ വിജയത്തിലേക്കുള്ള ഒരു ത്രൂ പാസ് ഒളിഞ്ഞിരിപ്പുണ്ടെന്ന്. ഈ മൂന്നു ടീമുകളെയും അട്ടിമറിച്ച് ഒൻപതു പോയിന്റോടെ അപ്രതീക്ഷിതമായാണ് ബി ഗ്രൂപ്പിൽനിന്ന് മണിപ്പുർ സെമി പ്രവേശനം നേടുന്നത്. അതിന്റെ കഥയും തിരക്കഥയും സംവിധാനവുമെല്ലാം ഗിഫ്റ്റ് റെയ്ഖാൻ തന്നെ.  29ന്  ബംഗാളുമായുള്ള സെമി ഫൈനലിന് കളത്തിലിറങ്ങാനുള്ള ഒരുക്കത്തിനിടയിൽ ഗിഫ്റ്റ് റെയ്ഖാൻ മനോരമയോടു സംസാരിച്ചപ്പോൾ.

ഇതുവരെയുള്ള മത്സരങ്ങളെക്കുറിച്ച്

∙  ഗ്രൂപ്പ് റൗണ്ടിലെ നാലു മത്സരങ്ങളും മണിപ്പുർ താരങ്ങൾ നന്നായിത്തന്നെ കളിച്ചു. ഒഡീഷയ്ക്കെതിരെയുള്ള തോൽവി അപ്രതീക്ഷിതമായിരുന്നു. 2002ൽ ആണ് ഞങ്ങൾ അവസാനമായി സന്തോഷ് ട്രോഫി നേടുന്നത്.  ഞങ്ങളുടെ നാട്ടിൽ വച്ചായിരുന്നു കളി. എതിരാളികൾ കേരളവും. ഫൈനലിൽ അന്നു ജയിച്ചതിൽപിന്നെ 20 വർഷമായി മറ്റൊരു സന്തോഷ് ട്രോഫി കിരീടത്തിനായി നാടു കാത്തിരിക്കുകയാണ്.  ആ കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കണമെന്ന വാശി ഞങ്ങൾക്കെല്ലാവർക്കുമുണ്ട്. 

പരിശീലനം

∙  ആറുമാസത്തെ തയാറെടുപ്പുകളുമായി എത്തിയവരാണ് മണിപ്പുർ ടീം. വടക്കു കിഴക്കൻ ടീമുകളിൽത്തന്നെ ഏറ്റവുമാദ്യം സന്തോഷ് ട്രോഫിക്കായി പരിശീലനം തുടങ്ങിയതും ‍ഞങ്ങൾ തന്നെ. 120 അംഗങ്ങളുടെ ക്യാംപായിരുന്നു ആദ്യം. അതിൽനിന്ന് മികച്ച 60 താരങ്ങളെ ഉൾപ്പെടുത്തി അടുത്ത ക്യാംപ്. അങ്ങനെ മൂന്നു ഘട്ടങ്ങളായി ക്യാംപുകൾ നടത്തി അവസാന 20 ടീം അംഗങ്ങളെ കണ്ടെത്തുകയായിരുന്നു. കൃത്യമായ ഹോംവർക്ക് ചെയ്തുതന്നെയാണു വന്നിരിക്കുന്നത്. ബാക്കിയെല്ലാം അന്നന്നത്തെ ഭാഗ്യം പോലിരിക്കും. 

ശൈലി

∙  മികച്ച  പ്രതിരോധം, കളി നിയന്ത്രണം, കൗണ്ടർ അറ്റാക്ക്. ഇതാണ് ഞങ്ങളുടെ ടീമിന്റെ ശൈലി. വേഗവും സ്റ്റാമിനയുമുള്ള ശരീരപ്രകൃതിയാണ് ഞങ്ങളുടെ താരങ്ങളുടേത്. എതിർ ടീമിനെ വേഗംകൊണ്ട് അട്ടിമറിക്കുന്നതാണ് രീതി. ഇതുവരെയുള്ള കളികളിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ശക്തനായ ഒറ്റ എതിരാളിയേ ഉണ്ടായിരുന്നുള്ളൂ. അത് ഇവിടത്തെ ചൂടാണ്. തണുത്ത മലയോരങ്ങളിൽനിന്നു വരുന്ന ഞങ്ങൾക്ക് ഇത്ര കടുത്ത ചൂട് സഹിക്കാനാകില്ല. പക്ഷേ, സെമി മുതൽ കളി രാത്രിയിലായതിനാൽ ആ ഘടകവും ഞങ്ങൾക്കനുകൂലമാകും.

കേരളത്തെക്കുറിച്ച്

∙ ഞങ്ങളെപ്പോലെ ഫുട്ബോളിനെ സ്നേഹിക്കുന്ന നാട്. ഗോകുലം എഫ്സിയിൽ ആറു മാസം ടെക്നിക്കൽ ഡയറക്ടറായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അന്ന് ഗോകുലത്തിന്റെ ഹെഡ് കോച്ചായിരുന്ന ബിനോ ജോർജ് (നിലവിൽ കേരള ടീമിന്റെ മുഖ്യപരിശീലകൻ) എനിക്കു ജ്യേഷ്ഠസഹോദരനെപ്പോലെയാണ്. മാത്രമല്ല, ഇപ്പോൾ കേരള ടീമിൽ കളിക്കുന്ന ഭൂരിഭാഗം താരങ്ങളെയും എനിക്കു നേരിട്ടറിയാം. അവരുടെ മികവും പോരായ്മകളുമെല്ലാം അറിയാം. കേരളവുമായി  ഫൈനൽ കളിക്കേണ്ടിവന്നാൽ അത് മണിപ്പുരിനു ഗുണമാകുമല്ലോ (ചിരിക്കുന്നു) 

കേരളവുമായി ഫൈനൽ വന്നാൽ ഭയക്കുന്നതെന്താണ്‌

∙  ഗ്രൗണ്ട് സപ്പോർട്ട്.  നിറഞ്ഞ ആ ഗാലറി മുഴുവൻ കേരളത്തിനെയായിരിക്കുമല്ലോ പ്രോത്സാഹിപ്പിക്കുക. മികച്ച ഫുട്ബോൾ നീക്കങ്ങൾ ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായാൽ മണിപ്പുരിനു വേണ്ടിയും കയ്യടിക്കണമെന്നു നിങ്ങളവരോടു പറയണം. 

സന്തോഷ് ട്രോഫി ടീമിനെ പരിശീലിപ്പിക്കുന്നത് ഇതാദ്യമല്ലേ

∙ അതെ, എന്റെ വലിയ സ്വപ്നം കൂടിയായിരുന്നു ഈ അവസരം. പല ഐഎസ്എൽ, ഐപിൽ ടീമുകളിൽനിന്നെല്ലാം പരിശീലക റോളിലേക്ക് ക്ഷണം വന്നിരുന്നു. പക്ഷേ, പണവും പ്രശസ്തിയുമൊന്നും ചിലപ്പോൾ നമ്മുടെ മനസ്സിനെ സ്വാധീനിക്കില്ല. സ്വന്തം നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടുമ്പോൾ അതുതന്നെയാണു പ്രധാനം.  ചർച്ചിൽ ബ്രദേഴ്സ്, വാസ്കോ, ഇന്ത്യൻ ബാങ്ക് ഉൾപ്പെടെ പല മുൻനിര ടീമികൾക്കു വേണ്ടിയും ഞാൻ കളിച്ചിട്ടുണ്ട്. പക്ഷേ, മണിപ്പുരിനു വേണ്ടി ബൂട്ടു കെട്ടാൻ എനിക്കു സാധിച്ചിട്ടില്ല.  പരിശീലക വേഷത്തിൽ  ആ കടം വീട്ടാനുള്ള അവസരമാണ് ഇപ്പോൾ. ദൈവത്തിന്റെ സമ്മാനം എന്ന നിലയ്ക്കാണ് രക്ഷിതാക്കൾ ‘ഗിഫ്റ്റ്’ എന്നെനിക്കു പേരിട്ടത്.  മണിപ്പുരിന് സന്തോഷ് ട്രോഫിയെന്ന ഗിഫ്റ്റ് സമ്മാനിക്കണമെന്നാണ് എന്റെ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com