ADVERTISEMENT

മലപ്പുറം ∙ ഇത്തവണത്തെ സന്തോഷ് ട്രോഫിയിൽ തോൽവിയറിയാതെ വന്ന ഒഡീഷയെ മുട്ടുകുത്തിച്ച് സർവീസസ്. ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് സർവീസസ് വിജയിച്ചത്. നിലവിലെ ചാംപ്യന്മാരായ പട്ടാളസംഘം സെമി കാണാതെ പുറത്തായെങ്കിലും ഇന്നലെ കോട്ടപ്പടിയിൽ നടന്ന അവസാന മത്സരത്തിലേത് ആശ്വാസ വിജയമായി. 

സെമി ഫൈനലിലേക്ക് സമനില മാത്രം മതിയായിരുന്നു ഇന്നലെ ഒഡീഷയ്ക്ക്. അതുകൊണ്ടുതന്നെ ആദ്യപകുതിയിൽ അവരുടെ ലക്ഷ്യവും സമനില പിടിക്കലാണോ എന്ന മട്ടിലായിരുന്നു. മറുഭാഗത്ത് സർവീസസും കാര്യമായ മുന്നേറ്റം നടത്തിയില്ല. വിരസമായാണ് ആദ്യ പകുതി സമാപിച്ചത്. 

എന്നാൽ രണ്ടാം പകുതിയിൽ സർവീസസ് ആക്രമണ ഫുട്ബോൾ പുറത്തെടുത്തു. തുടരെത്തുടരെ ഒഡീഷ ഗോൾമുഖത്ത് ഷോട്ടുകൾ പറന്നെത്തി. 74–ാം മിനിറ്റിൽ മലയാളി താരം ബി.സുനിൽ നൽകിയ പന്ത് സർവീസസ് നായകൻ വിവേക് കുമാർ ലക്ഷ്യത്തിലെത്തിച്ചു. (1–0). ഇതോടെ ഉണർവ് വീണ്ടെടുത്ത സർവീസസ് താരങ്ങൾ ഒഡീഷയുടെ ഗോൾമുഖത്ത് കുതിച്ചെത്തിയപ്പോൾ 82–ാം മിനിറ്റിൽ മധ്യനിരതാരം നിഖിൽ ശർമയുടെ വക അടുത്ത ഗോളും വീണു. ഞെട്ടിത്തരിച്ചു പോയ ഒഡീഷൻ താരങ്ങൾ ചില ആക്രമണങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. 

ആദ്യ ചുവപ്പു കാർഡ്

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പരുക്കൻ കളിക്ക് ഒഡീഷയുടെ അഭിഷേക് റാവത്ത് ചുവപ്പു കാർഡ് കണ്ട് പുറത്തായതും ടീമിനു നാണക്കേടായി. ഇത്തവണത്തെ സന്തോഷ് ട്രോഫിയിലെ ആദ്യ ചുവപ്പു കാർഡ് ആയിരുന്നു ഇത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com