ADVERTISEMENT

മഞ്ചേരി ∙ അയൽക്കാരനെ സ്നേഹിക്കണമെന്നാണല്ലോ., സ്നേഹിച്ചു, ആത്മാർഥമായി സ്നേഹിച്ചു. മൂന്നിനെതിരെ ഏഴു ഗോളുകൊണ്ട് കർണാടകയ്ക്ക് കേരളം വയറുനിറയെ സ്നേഹം കൊടുത്തു. അയൽക്കാരെ ആവശ്യത്തിലധികം സ്നേഹിച്ചു കഴിഞ്ഞ സ്ഥിതിക്ക് അകലത്തുള്ളവരെ സ്നേഹിക്കാൻ കേരളം സന്തോഷ് ട്രോഫി ഫൈനലിലേക്ക്. ബംഗാളാണോ മണിപ്പുരാണോ കേരളത്തിന്റെ സ്നേഹത്തിനർഹർ എന്ന് ഇന്നറിയാം.

സന്തോഷ് ട്രോഫി ചാംപ്യൻഷിപ് നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ കർണാടക – കേരള സെമിഫൈനൽ മത്സരം കാണാനെത്തിയവർ.

വാരിക്കോരി കൊടുത്തു

∙ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയായിരുന്നു അയൽക്കാർ തമ്മിലുള്ള പോരാട്ടം. മൈതാനത്ത് വട്ടംചുറ്റിച്ചും പ്രതിരോധത്തിന്റെ ഇടവഴികളിലൂടെ ത്രൂപാസിട്ടും കേരളം സ്നേഹപ്രകടനം തുടങ്ങിയെങ്കിലും 25–ാം മിനിറ്റിൽ ആദ്യ ഗോളിട്ട് അയൽക്കാരൻ കേരളത്തിന്റെ താടിക്കൊന്നു തട്ടി. പക്ഷേ, അതുമാത്രമേ ഓർമയുണ്ടായുള്ളൂ. ആദ്യപകുതിയിൽത്തന്നെ പിറന്നു കേരളത്തിന്റെ വക നാലുഗോളുകൾ. രണ്ടാം പകുതിയുടെ 56–ാം മിനിറ്റിൽ കേരളത്തിന്റെ അഞ്ചാം ഗോളും വന്നു. പിന്നീട് 62, 74 മിനിറ്റുകളിൽ ഓരോ ഗോളിട്ട് കേരളം ഏഴു തികച്ചു. ‍കർണാടക ഒരു ഗോളിട്ടാൽ നിമിഷങ്ങൾക്കകം മിനിമം രണ്ടു ഗോളുകളെങ്കിലും കേരളം തിരിച്ചടിക്കുന്ന രീതിയിലായിരുന്നു മത്സരം.

ഏഴാടുകയായിരുന്നു മലപ്പുറം

സ്വന്തം നാട്ടിൽ നടക്കുന്ന മത്സരം. കാണികളെല്ലാം ബന്ധുക്കൾ പോലെ സ്വന്തക്കാർ. പിന്നെങ്ങനെ കളറാക്കാതിരിക്കും. ഒന്നുംരണ്ടുമല്ല, കേരളത്തിന്റെ ഏഴുഗോളും അടിച്ചത് മലപ്പുറത്തിന്റെ താരങ്ങൾ തന്നെ. നിലമ്പൂർ മിനർവപ്പടി സ്വദേശി ടി.കെ.ജെസിൻ അ‍ഞ്ചു ഗോളടിച്ചപ്പോൾ വളാഞ്ചേരി സ്വദേശി ഷിഗിൽ ഒരു ഗോളും മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അർജുൻ ജയരാജ് ഒരു ഗോളും നേടി.

കാണികൾക്ക് ആവേശം

∙ മലയാളി താരങ്ങളുടെ ഓരോ മുന്നേറ്റത്തിനും ഗാലറിയിൽനിന്ന് ആർപ്പുവിളികളും ആരവങ്ങളും ഉയർന്നു. പയ്യനാട്ട് സന്നിഹിതരായിരുന്ന ഇരുപത്തയ്യായിരത്തിലധികം പേരുടെ മനസ്സും തൊണ്ടയും ആലപിച്ചത് മലയാളി താരങ്ങൾക്ക് ആവേശം നൽകുന്ന ഒറ്റ സംഘഗാനം തന്നെ. കേരളത്തിന്റെ ഓരോ ഗോളുകൾക്കും പയ്യനാട് സ്റ്റേഡിയത്തിന്റെ ചുമരുകളിൽനിന്ന് ഓരോ പിടി കുമ്മായം അടർന്നു വീണിട്ടുണ്ടാകണം. അത്രയ്ക്കായിരുന്നു കാണികളുടെ ആവേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com