ADVERTISEMENT

സ്ത്രീ ശാക്തീകരണത്തിന്റെ പര്യായപദമായി മാറിയിരിക്കുന്നു കുടുംബശ്രീ. ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിൽ ശ്രീ പരത്തിയ ഈ കൂട്ടായ്മ രൂപീകൃതമായിട്ട് 25 വർഷമാകുന്നു. കുടുംബശ്രീ വാർഷിക ദിനത്തിൽ വിജയത്തിന്റെ ചില പെൺകൂട്ടായ്മകളെ പരിചയപ്പെടാം...

വിജയം തയ്ച്ച് വസ്ത്ര ബുട്ടീക്

കോഡൂർ താണിക്കലിലെ വസ്ത്രനി‍ർമാണ യൂണിറ്റായ ‘വസ്ത്ര ബുട്ടീക്കി’ൽ ജോലിയിലേർപ്പെട്ടിരിക്കുന്ന കുടുംബശ്രീ പ്രവർത്തകർ.
കോഡൂർ താണിക്കലിലെ വസ്ത്രനി‍ർമാണ യൂണിറ്റായ ‘വസ്ത്ര ബുട്ടീക്കി’ൽ ജോലിയിലേർപ്പെട്ടിരിക്കുന്ന കുടുംബശ്രീ പ്രവർത്തകർ.

മലപ്പുറം∙ ആറു വർഷം മുൻപ് അഞ്ചു വനിതകൾ 10,000 രൂപ വീതം മുതൽ മുടക്കിൽ ആരംഭിച്ച കോഡൂർ താണിക്കലിലെ കുടുംബശ്രീ വസ്ത്രനിർമാണ യൂണിറ്റാണു ‘വസ്ത്ര ബുട്ടീക്’. ഇപ്പോൾ 12 പേർക്ക് സ്ഥിരമായും നാൽപതോളം പേർക്കു പരോക്ഷമാമായും ജോലി നൽകുന്ന സ്ത്രീകൾ നയിക്കുന്ന മികച്ച  സംരംഭമാണിത്. 12 ലക്ഷം രൂപയോളമാണു വാർഷിക വിറ്റുവരവ്. മാക്സികൾ, ടോപ്പുകൾ, ടു പീസുകൾ എന്നിവ മൊത്തമായി ചില്ലറയായും നിർമിച്ചു വിൽപന നടത്തുന്നു. കൂടാതെ പേപ്പർ ബാഗുകൾ, വിവിധതരം കാരി ബാഗുകൾ, മാസ്ക്കുകൾ തുടങ്ങിയവയും നിർമിക്കുന്നു. താണിക്കലിലെ റംലത്ത് കരിമ്പൻ, ഒ.കെ.മുനീറ, സീനത്ത് കരിമ്പൻ, നസീറ കരിമ്പൻ, ഹസനത്ത് മണിയറയിൽ എന്നിവർ ചേർന്നാണു 2015ൽ സംരംഭം തുടങ്ങിയത്. വനിതകൾക്കു ഫാഷൻ ഡിസൈനിങ്, പേപ്പർ കാരിബാഗ് നിർമാണം, സ്ക്രീൻ പ്രിന്റിങ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. 

രുചിയുടെ പരപ്പനങ്ങാടി കൂട്ടായ്മ

പരപ്പനങ്ങാടി ∙ പരപ്പനങ്ങാടിയിലെ കുടുംബശ്രീ കൂട്ടായ്മയ്ക്കു നല്ല നാടൻ ഭക്ഷണത്തിന്റെ രുചിയാണ്. കൂട്ടായ്മയുടെ കീഴിൽ  ജനകീയ ഹോട്ടലുകളും മറ്റു കച്ചവട സ്ഥാപനങ്ങളും നടത്തുന്നു. പരപ്പനങ്ങാടി ടൗണിൽ കെ.അനിലയുടെ നേതൃത്വത്തിലും പുത്തരിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പി.രജനിയുടെ നേതൃത്വത്തിലും ജനകീയ ഹോട്ടൽ നടത്തുന്നു. തച്ചറുകണ്ടം പ്രദേശത്ത് ന്യൂട്രിഫുഡ് യൂണിറ്റ് വിജയകരമായി പ്രവർത്തിക്കുന്നു. കാളികാവിൽ പൊടിമില്ലുമുണ്ട്. 

കെ.സുബൈദയുടെ നേതൃത്വത്തിൽ വിവിധ വസ്തുക്കൾ മിതമായ നിരക്കിൽ പൊടിച്ചുനൽകുന്നു. ഇഡ്ഡലി മാവ് നിർമിച്ചു പാക്കിങ് നടത്തുന്നുമുണ്ട്. കൊപ്ര ആട്ടി വെളിച്ചെണ്ണ എടുക്കുന്ന യൂണിറ്റ് ചെട്ടിപ്പടിയിൽ പ്രവർത്തിക്കുന്നു. പപ്പട നിർമാണ യൂണിറ്റ്, കൂൺ ഉൽപാദന യൂണിറ്റ് എന്നിവയും നടത്തുന്നു. കൂടാതെ റെഡിമെയ്ഡ് യൂണിറ്റുകളും നടത്തുന്നുണ്ട്. പ്രസിഡന്റ് പി.പി.സുഹറാബി, വൈസ് പ്രസിഡന്റ് കെ.റഹ്‌യാനത്ത്, കൺവീനർ പി.ഷീജ എന്നിവർ നേതൃത്വം നൽകുന്നു.

പെൺമേളം  തീർത്ത്ശ്രീരാഗം

തൃക്കലങ്ങോട് ശ്രീരാഗം ശിങ്കാരിമേളം ടീം അംഗങ്ങൾ പരിശീലനത്തിൽ
തൃക്കലങ്ങോട് ശ്രീരാഗം ശിങ്കാരിമേളം ടീം അംഗങ്ങൾ പരിശീലനത്തിൽ

മഞ്ചേരി∙ തൃക്കലങ്ങോട് ശ്രീരാഗം ശിങ്കാരിമേളം ടീം എന്ന പെൺകൂട്ടായ്മ ജില്ലയ്ക്ക് അകത്തും പുറത്തുമായി ചെണ്ടയിൽ കൊട്ടിക്കയറ്റം നടത്തുകയാണ്. സംഘത്തിലുള്ളത് 20 പേർ. എല്ലാവരും പഞ്ചായത്തിലെ വിവിധ അയൽക്കൂട്ടം അംഗങ്ങൾ. 2018 മേയിൽ ആണ് തുടക്കം.  4 വർഷം പൂർത്തിയാകുമ്പോൾ ഒട്ടേറെ വേദികളിൽ സംഘം മേളപ്പെരുക്കം തീർത്തു. ചെന്നൈയിൽ വിവാഹത്തിനു കൊട്ടാൻ പോയതോടെ സംസ്ഥാനത്തിനു പുറത്തേക്കും വനിതാമേളം മുഴങ്ങിത്തുടങ്ങി. ശാന്ത, സരോജിനി, ശോഭന, ശ്രീജ, ജാനകി, മോനിഷ, കുഞ്ഞിലക്ഷ്മി, ഷാനി, സുലോചന, ബിന്ദു, കാർത്ത്യായനി, ലീല തുടങ്ങിയവരാണ് ശ്രീരാഗത്തിന്റെ അമരക്കാർ.

വിജയം ചേരുവ ചേർത്ത് ന്യൂട്രിമിക്സ്

കുടുംബശ്രീ കൂട്ടായ്മയിൽ കീഴുപറമ്പ് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ന്യൂട്രിമിക്‌സിൽ ജോലിചെയ്യുന്ന വനിതകൾ.
കുടുംബശ്രീ കൂട്ടായ്മയിൽ കീഴുപറമ്പ് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ന്യൂട്രിമിക്‌സിൽ ജോലിചെയ്യുന്ന വനിതകൾ.

അരീക്കോട് ∙ കുടുംബശ്രീ കൂട്ടായ്മയുടെ വിജയമാണു 10 വനിതകളുടെ നേതൃത്വത്തിലുള്ള കീഴുപറമ്പ് പഞ്ചായത്തിലെ ന്യൂട്രിമിക്‌സ്. കീഴുപറമ്പ്, അരീക്കോട്, കുഴിമണ്ണ, മുതുവല്ലൂർ, പെരുവള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ഇരുനൂറോളം അങ്കണവാടികളിലേക്കു 16 വർഷമായി ധാന്യക്കൂട്ട് ഒരുക്കുന്നത് കൂട്ടായ്മയാണ്. വാടകക്കെട്ടിടത്തിൽ അടുപ്പുകൂട്ടി തീകത്തിച്ചു തുടങ്ങിയ സംരംഭം ഇന്ന് ജില്ലയിലെ അറിയപ്പെടുന്ന കുടുംബശ്രീ കൂട്ടായ്മകളിലൊന്നാണ്. 13 തരം ധാന്യങ്ങൾ ക്രമമായി ചേർത്തു വേവിച്ചും യന്ത്രങ്ങളുടെ സഹായത്തോടെ സംസ്‌കരിച്ചുമെടുത്താണു കൂട്ട് തയാറാക്കുന്നത്. വൈ.പി.ജുമൈല, കെ.റംല, വി.ഷീജ, പി.കെ.സംസാർബീഗം, എം.ടി.ഫാത്തിമ, പി.പി.സുലൈഖ, പി.പി.കദീജ, കെ.സഫിയ, കെ.ടി.അസ്മാബി, എ.പി.അർഷിത എന്നിവരാണു നേതൃത്വം.

കുരുന്നുകൾക്ക് കുറുവയുടെ രുചിക്കൂട്ട്

കൊളത്തൂർ∙ നൂറുകണക്കിന് കുരുന്നുകൾക്ക് പോറ്റമ്മയായി കുറുവ പഞ്ചായത്തിലെ വനിതാ കൂട്ടായ്മ. 2 പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും അങ്കണവാടികളിലെ കുരുന്നുകൾക്ക് ഇവർ ഒരുക്കുന്നത് പോഷകാഹാരത്തിന്റെ സമ്പൂർണ രുചിക്കൂട്ട്.പാങ്ങ് കച്ചേരിപ്പടിയിലെ സമൃദ്ധം ന്യൂട്രിമിക്സിന്റെ അകത്തളം ദിവസവും രാവിലെ ഒൻപതരയോടെ സജീവമാകും. 

ഗ്രൂപ്പ് ലീഡറും പ്രസിഡന്റുമായ കെ.സുബൈദയുടെയും സെക്രട്ടറി കെ.സ്‌മിതയുടെയും നേതൃത്വത്തിൽ വി.പി.സുഹറ, കെ.പ്രസന്ന, വി.മിനി, ടി.ഹാജിറ, ടി.റൈഹാനത്ത്, എം.അജിത, പി.രത്നകുമാരി, സി.സുബൈദ എന്നിവരടങ്ങിയ സംഘത്തിന് പിന്നെ വൈകുന്നേരം വരെ വിശ്രമമില്ലാത്ത മണിക്കൂറുകളാണ്.മലപ്പുറം നഗരസഭയിലേക്കും കുറുവ, പുറത്തൂർ പഞ്ചായത്തുകളിലേക്കുമുള്ള അങ്കണവാടി കുട്ടികളുടെ പോഷകാഹാരം നൽകുന്നത് ഇവിടെനിന്നാണ്. 14 വർഷമായി ഈ സംഘം പോഷകാഹാര രുചിക്കൂട്ടൊരുക്കാൻ തുടങ്ങിയിട്ട്. പ്രതിദിനം 1000 കിലോഗ്രാം ന്യൂട്രിമിക്‌സാണ് ഇവിടെ തയാറാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com