ADVERTISEMENT

കോട്ടയ്ക്കൽ ∙ കുടുംബശ്രീ പ്രവർത്തനത്തിലൂടെ  മുഖ്യധാരയിലെത്തിയ ഒട്ടേറെ വനിതകളുണ്ട്. അക്കൂട്ടത്തിലാണ് ടി.വി.സുലൈഖാബി (67)യുടെയും സ്ഥാനം. മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്, കോട്ടയ്ക്കൽ നഗരസഭാ സ്ഥിരസമിതി അധ്യക്ഷ, നഗരസഭാധ്യക്ഷ, അർബൻ സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ ഒട്ടേറെ പദവികൾ വഹിക്കാനും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്താനുമുളള ഊർജം തന്നത് ഈ സംവിധാനമാണെന്ന് സുലൈഖാബി പറയുന്നു.1994ൽ ആണ് സംസ്ഥാന സർക്കാർ കുടുംബശ്രീയുടെ ആദ്യരൂപമായ കമ്യൂണിറ്റി ബേസ്ഡ് ന്യൂട്രീഷൻ പ്രോഗ്രാമിന് (സിബിഎൻപി ) രൂപം നൽകുന്നത്. മലപ്പുറത്തായിരുന്നു പദ്ധതിയുടെ തുടക്കം. 

ബിപിഎൽ കുടുംബങ്ങളെയാണ് ആദ്യം അയൽക്കൂട്ടങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്. നിരക്ഷരർ, 300 മീറ്ററിനുള്ളിൽ ശുദ്ധജലം ലഭിക്കാത്തവർ, മാറാ രോഗികളുള്ള കുടുംബം, വിവാഹ പ്രായം കഴിഞ്ഞവരുള്ള കുടുംബം തുടങ്ങിയ 7 ഘടകങ്ങളിൽ നാലെണ്ണമുള്ളവരെയാണ് പരിഗണിച്ചിരുന്നത്. പ്രസിഡന്റും സെക്രട്ടറിയും അടക്കം 20 അംഗങ്ങൾ അടങ്ങിയതാണ് അയൽക്കൂട്ടം. പദ്ധതിയുടെ പഞ്ചായത്ത് തല കോ ഓർഡിനേറ്ററായിരുന്നു ദീർഘകാലം സുലൈഖാബി. പൊതുരംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ് അതാണ്. 1998ൽ കുടുംബശ്രീ എന്ന പേരിൽ പദ്ധതി മാറിയപ്പോഴും മുഴുവൻ സമയ പ്രവർത്തകയായി. മേഖലയിൽ ഒട്ടേറെ സംരംഭങ്ങൾ തുടങ്ങിയത് ഇവരുടെ മേൽനോട്ടത്തിലാണ്.

വായ്പയെടുക്കാൻ സ്ത്രീകൾ മടിക്കുന്നതാണ് അയൽക്കൂട്ടങ്ങളുടെ നിലനിൽപിന് ഭീഷണിയാകുന്നതെന്ന് സുലൈഖാബി പറയുന്നു. പലിശ കൃത്യമായി അടയ്ക്കാൻ എല്ലാ അംഗങ്ങളും തയാറാകില്ലേ എന്ന ചിന്തയാണ് പലർക്കുമുള്ളത്. കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ മുന്നോട്ടുവരുന്നുണ്ട്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം. ചെറിയ രീതിയിൽ തുടങ്ങി പൊതുസമൂഹത്തിന് മാതൃകയായി മാറിയ കുടുംബശ്രീ സംരംഭങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സ്ത്രീകൾ തയാറാകണം.

സ്ത്രീധന പീഡനം, കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ അയൽക്കൂട്ടങ്ങളിൽ ചർച്ച ചെയ്ത് പരിഹാരം കാണണം. സാമ്പത്തിക സുസ്ഥിര തയ്ക്കൊപ്പം സമാധാനപരമായ കുടുംബജീവിതം എന്ന ലക്ഷ്യവും പദ്ധതിക്കുണ്ടാകണമെന്നും സുലൈഖാബി പറഞ്ഞു.മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്, എയ്ഞ്ചൽസ് വനിതാ ക്ലബ് എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിലും സുലൈഖാബി പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com