ADVERTISEMENT

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പൊലീസ് സ്റ്റേഷനുകളുള്ള ജില്ലയാണ് മലപ്പുറം. ഏറി വരുന്ന കുറ്റകൃത്യങ്ങളുടെ രീതിയാകട്ടെ അനുദിനം ഞെട്ടിക്കുന്നതുമാണ്. മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യനെ നിലമ്പൂരിൽ കൊലപ്പെടുത്തി പുഴയിൽ തള്ളിയതു പോലെ അപൂർവയിനം കേസുകളും കൂടി വരുന്നു. സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റുകളാണ് ചിലപ്പോഴൊക്കെ പുറത്തു വരുന്നത്. ജില്ലയിൽ ഒരു കാലത്ത് ചർച്ചയായ ചില കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി ഒന്നന്വേഷിക്കാം.

കുറ്റിപ്പുറം ∙ തവനൂർ കടകശ്ശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഇയ്യാത്തുമ്മ(70)യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് അടുത്ത മാസം ഒരു വർഷമാകും. ശരീരത്തിലെ ആഭരണങ്ങൾ കാണാതായതും കിടപ്പു മുറിയിൽ രക്തം കണ്ടെത്തിയതും കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് എത്തിയിരുന്നത്. എന്നാൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോൾ മരണകാരണം ഹൃദയാഘാതമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയ്യാത്തുമ്മ ആക്രമിക്കപ്പെട്ടിട്ടില്ലെന്നു വ്യക്തമായതായും അന്വേഷണ സംഘത്തിൽപെട്ട കുറ്റിപ്പുറം സിഐ ശശീന്ദ്രൻ മേലയിൽ പറഞ്ഞു.

2021 ജൂൺ 20ന് വൈകിട്ട് 6നാണ് ഇയ്യാത്തുമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തലേദിവസം വരെ ഇവരുടെ പക്കൽ 25 പവനോളം വരുന്ന ആഭരണങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ മൊഴി നൽകിയത്. പണവും ഉണ്ടായിരുന്നതായി പറയുന്നു. പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും വീട്ടിൽനിന്ന് ഇവയൊന്നും കണ്ടെത്താനായിരുന്നില്ല.ഇയ്യാത്തുമ്മയ്ക്ക് ഭക്ഷണം എത്തിക്കാറുള്ള ബന്ധുവാണ് ആദ്യം മൃതദേഹം കണ്ടത്. കിടപ്പുമുറിയിൽ രക്തം വാർന്ന നിലയിലായിരുന്നു. പിൻവശത്തെ വാതിൽ തുറന്നു കിടക്കുകയുമായിരുന്നു. സംഭവദിവസം ഉച്ചയോടെ ബൈക്കിലെത്തിയ 2പേർ വീടിന് മുൻവശത്തുണ്ടായിരുന്നതായി പ്രദേശവാസികൾ മൊഴിനൽകിയതോടെ പൊലീസ് അന്വേഷണം ആ വഴിക്കായി. തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

വീടിനു സമീപം അന്വേഷണസംഘം ക്യാംപ് ഓഫിസും തുറന്നു. പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും പുറത്തുവിട്ടു.  ഇയ്യാത്തുമ്മയുടെ ബന്ധുക്കൾ അടക്കമുള്ള പ്രദേശവാസികളെ തുടർച്ചയായി ചോദ്യംചെയ്തു. ദേശീയപാതയിലെ സിസിടിവികൾ അടക്കം അരിച്ചുപെറുക്കി. പ്രതികളെ പിടികൂടാത്ത നടപടിയിൽ പ്രതിഷേധിച്ച് മഹിളാ സംഘടനകൾ വീടിനുമുൻപിൽ പ്രതിഷേധ ജ്വാലവരെ സംഘടിപ്പിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹൃദയാഘാതമെന്ന നിഗമനത്തിലേക്കെത്തുമ്പോൾ അങ്ങനെയുള്ള മരണത്തിന് മറ്റാരെങ്കിലും കാരണമായോ എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. മോഷണത്തിന് എത്തിയ ആരെയെങ്കിലും കണ്ടാണോ ഇയ്യാത്തുമ്മയ്ക്ക് ഹൃദയാഘാതം വന്നത്? അതല്ല, മരിച്ചു കിടക്കുമ്പോൾ എത്തിയ ആരെങ്കിലുമാണോ ആഭരണങ്ങൾ കൈക്കലാക്കിയത്? അന്വേഷണം ഇനി ആ വഴിക്കാകും.

ഇനിയും വിചാരണ തുടങ്ങാതെ മങ്കടയിലെ ആയിഷ കൊലക്കേസ്

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെ കൊലപ്പെടുത്തിയ സംഭവങ്ങളിൽ നാടിനെ ഞെട്ടിച്ച മറ്റൊരു കേസായിരുന്നു രാമപുരം മുട്ടത്തിൽ ആയിഷ(72 ) യുടേത്. കേസിൽ ഇവരുടെ പേരക്കുട്ടിയുടെ ഭർത്താവ് മമ്പാട് സ്വദേശി പാന്താർ വീട്ടിൽ നിഷാദ് അലി അറസ്റ്റിലായിരുന്നു. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.

2021 ജൂലൈ 16നാണ് സംഭവം. പേരക്കുട്ടികൾ തങ്ങളുടെ വീട്ടിലേക്ക് ആയിഷയെ കൂട്ടിക്കൊണ്ടു പോകാനെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണത്തിലാണ് ദിവസങ്ങൾക്കു ശേഷം നിഷാദ് അലിയെ പിടികൂടിയത്. സാമ്പത്തിക ബാധ്യത തീർക്കാൻ പണം കണ്ടെത്തുന്നതിനായാണ് ഇവരെ കൊലപ്പെടുത്തി ആഭരണങ്ങളും മറ്റും കൈക്കലാക്കിയതെന്നാണ് പൊലീസ് കേസ്.

തന്റെ വീട്ടിലെത്തിയ പ്രതിക്ക് ആയിഷ ചായ നൽകിയതായുള്ള സൂചനകളുണ്ടായിരുന്നു. ഇതിൽ നിന്നാണ് അടുത്ത ബന്ധുവിലേക്ക് അന്വേഷണം നീണ്ടത്. ചായ കുടിച്ച ശേഷം പിറകിൽ നിന്ന് ആയിഷയുടെ വായ പൊത്തിപ്പിടിച്ചതായും കുതറി മാറുന്നതിനിടെ നിലത്തു വീണ് അവരുടെ തലയ്ക്ക് മുറിവേറ്റതായും നിഷാദ് പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് കഴുത്തിലും മുഖത്തും കൈകൊണ്ട് അമർത്തിയാണ് കൊല നടത്തിയതെന്നാണ് കേസ്.

മോറിസ് കോയിൻ ഇടപാടിൽ നിഷാദ് അലിക്ക് 50 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അതിൽ 2 ലക്ഷം രൂപ നൽകാമെന്നേറ്റ അവസാന ദിനമായിരുന്നു ആയിഷ കൊല്ലപ്പെട്ട ജൂലൈ 16. ഈ പണം കണ്ടെത്തുന്നതിനായി കൊല നടത്തിയെന്നാണ് കേസ്. നിഷാദ് താൽക്കാലിക അധ്യാപനായി ജോലി ചെയ്തിരുന്ന മമ്പാട്ടെ സ്‌കൂളിൽ നിന്ന് പണവും ക്യാമറയും മോഷ്ടിച്ച കേസും ഇയാൾക്കെതിരെ ഉണ്ടായിരുന്നു. നാടിനെ നടുക്കിയ കൊലപാതകമെന്ന നിലയിൽ പരിഗണിക്കപ്പെടുന്ന കേസിൽ വിധിയെന്താകുമെന്നാണ് ഇനി അറിയാനുള്ളത്.

മാലാപറമ്പിൽ മരിച്ചതാര്? കൊന്നതാര്?

യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പെരിന്തൽമണ്ണയിലെ കേസിൽ 18 വർഷമാകാറായിട്ടും തുമ്പൊന്നുമില്ല. ആരാണ് കൊല്ലപ്പെട്ടതെന്നോ എന്തിനാണ് കൊല്ലപ്പെട്ടതെന്നോ ഇന്നു വരെ കണ്ടെത്താനായില്ല. ഒരുകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട കേസ് ഇപ്പോൾ ഏകദേശം എഴുതിത്തള്ളിയ നിലയിലാണ്.അങ്ങാടിപ്പുറം–കൊളത്തൂർ റോഡിലെ മാലാപറമ്പിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് 2004 ഡിസംബർ 28 ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നായിരുന്നു പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്.       

ആദ്യം ഊർജിതമായി നടന്ന അന്വേഷണം പിന്നെ സ്തംഭിച്ചു. പൊലീസ് അന്വേഷണം സംബന്ധിച്ച് ഒട്ടേറെ ആക്ഷേപങ്ങളും വിവാദങ്ങളും ഉണ്ടായി. ഒടുവിൽ 2009 ൽ തെളിയിക്കാൻ കഴിയാത്ത കേസുകളുടെ ഗണത്തിൽ ഉൾപ്പെടുത്തി ഈ കേസിന്റെ അന്വേഷണവും സ്തംഭിച്ചു.  എന്നാൽ, ലോക്കൽ പൊലീസിനെ ഒഴിവാക്കി കേസിന്റെ അന്വേഷണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റി ബ്ലേഡ് ആക്‌ഷൻ ഫോറം സെക്രട്ടറി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com