ഹജ് കർമങ്ങളിൽ പങ്കെടുക്കാൻ കാൽനടയാത്ര; ശിഹാബുദ്ദീനു നടന്ന് താണ്ടാൻ 8640 കിലോമീറ്റർ!

ശിഹാബുദ്ദീൻ
ശിഹാബുദ്ദീൻ
SHARE

ആതവനാട് ∙ അടുത്ത വർഷത്തെ ഹജ് കർമങ്ങളിൽ പങ്കെടുക്കാൻ കാൽനടയാത്രയ്ക്കായി ഒരുങ്ങി ചോറ്റൂരിലെ ചേലമ്പാടൻ ശിഹാബുദ്ദീൻ‍ (30). വിവിധ രാജ്യങ്ങളിലൂടെ 8640 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് 8 മാസം കൊണ്ട് സൗദിയിലെത്താനാകുമെന്നാണു കണക്കാക്കുന്നത്. ഇതിനായി പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വീസ ലഭിക്കാനുള്ള നടപടിയും പൂർത്തിയാക്കി. ജൂൺ 2ന് യാത്ര പുറപ്പെടും. 

6 വർഷം സൗദിയിൽ ജോലി ചെയ്തിരുന്ന ശിഹാബുദ്ദീൻ മക്കയും മദീനയും ഉൾപ്പെടെ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഹജ് ചെയ്യാനായിരുന്നില്ല. നാട്ടിലെത്തി കൂട്ടുകാർക്കൊപ്പം ബിസിനസ് ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ വർഷം ഹജ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായത്. കാൽനടയായി പോകാനാണ് ആഗ്രഹമെന്ന് ഉമ്മ സൈനബയോടു പറഞ്ഞപ്പോൾ പൂർണസമ്മതം. കുടുംബാംഗങ്ങളും സമ്മതം നൽകിയതോടെ പോകാനുള്ള വഴികളെക്കുറിച്ചായി ആലോചന. 

പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ വേണം സൗദിയിലെത്താൻ. അറബിക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ അറിയാം എന്നത് ആത്മവിശ്വാസം നൽകി. ഓരോ രാജ്യത്തെയും ഭാഷ, ഭക്ഷണരീതി, സംസ്കാരം, കാലാവസ്ഥ തുടങ്ങിയവയെല്ലാം പഠിച്ചു. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ റൂട്ട് മാപ്പും തയാറാക്കി.  45 ദിവസം ഡൽഹിയിൽ താമസിച്ചാണ് രേഖകൾ ശരിയാക്കിയത്. കെഎംസിസിയുടെ സഹായവുമുണ്ടായി. 

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെ കണ്ടശേഷമാണ് യാത്ര‌യ്ക്ക് തീയതി തീരുമാനിച്ചത്. തയാറെടുപ്പിനായി ഇ.ടി.മുഹമ്മദ് ബഷീർ എംപി, കുറുക്കോളി മൊയ്തീൻ എംഎൽഎ, ഡോ. ടി. ഹഫീസ്, ഹസീബ് ഒറ്റപ്പാലം, സുനിൽ, ഷംസു മുഴങ്ങാണി തുടങ്ങിയവരുടെ സഹായം ലഭിച്ചതായി ശിഹാബുദ്ദീൻ പറയുന്നു. ശബ്നയാണ് ശിഹാബുദ്ദീന്റെ ഭാര്യ. മകൾ മുഹ്മിന സൈനബ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA