ADVERTISEMENT

കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണം നടക്കുന്ന ഭാഗങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്ന നടപടികളുമായി കരാർ കമ്പനി. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ പലയിടത്തും റോഡ് നിർമാണത്തിനായി ആഴമേറിയ കുഴിയെടുത്തിട്ടുണ്ട്. നിലവിലെ റോഡിനോട് ചേർന്നാണ് ഇങ്ങനെ പുതിയ പാതയ്ക്കായി ആഴംകൂട്ടുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കുന്നതിനായി റോഡിൽ നിന്ന് അൽപം മാറിയാൽ താഴ്ചയിലേക്കാണ് വീഴുക.

ഈ ഭാഗത്ത് കോൺക്രീറ്റ് തൂണുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. ആഴമേറിയ ഭാഗത്തെ വേർതിരിച്ചിരിക്കുന്നത് ഒരു റിബൺ ഉപയോഗിച്ചാണ്. രാത്രിയിൽ എതിർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ ഇടതുവശത്തെ ആഴമേറിയ ഭാഗം ശ്രദ്ധയിൽപെടില്ലെന്നും പരാതിയുണ്ട്. റോഡ് പണിയുടെ ഭാഗമായി ലോറികളിൽ മണ്ണ് കൊണ്ടുപോകുന്നതിനാൽ നിലവിലെ ദേശീയപാതയിൽ പലയിടത്തും ചെളി നിറഞ്ഞിരിക്കുയാണ്.

രാത്രിയിൽ ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതും പതിവായിട്ടുണ്ട്. സംഭവത്തെ തുടർന്ന് യാത്രക്കാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പുതിയ പാത നിർമാണത്തിനൊപ്പം നിലവിലെ പാതയിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളും കരാർ കമ്പനി കൈക്കൊള്ളണമെന്ന ആവശ്യമാണ് ഉയരുന്നത്.

കേസെടുക്കും: പൊലീസ്

വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്ന നടപടികൾ ഉണ്ടായാൽ ജോലിക്കാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. കുഴിക്കുന്ന ഭാഗത്തുനിന്ന് ലോറികൾ മണ്ണുമായി കയറുന്നത് നിലവിലെ റോഡിലേക്കാണ്. മഴ പെയ്തതോടെ റോഡിൽ ചെളി നിറഞ്ഞത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ഇനി കേസെടുക്കുമെന്നും കുറ്റിപ്പുറം സിഐ ശശീന്ദ്രൻ മേലയിൽ പറഞ്ഞു. ആഴമേറിയ ഭാഗങ്ങളിൽ വാഹനങ്ങളുടെ സുരക്ഷയ്ക്കായി റിഫ്ലക്ടർ സംവിധാനങ്ങളും താൽക്കാലിക ബാരിക്കേഡുകളും നിർമിക്കണമെന്നും ആവശ്യപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com