ADVERTISEMENT

അങ്ങാടിപ്പുറം∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ ട്രെയിൻ സർവീസുകൾ 2 വർഷത്തിനു ശേഷം സാധാരണ നിലയിലേക്ക് എത്തുന്നു. പാലക്കാട്–നിലമ്പൂർ സർവീസ് ഉൾപ്പെടെ ഇന്നലെ 2 ട്രെയിനുകൾ ആരംഭിച്ചു. ജൂലൈ ഒന്നിന് ശേഷിച്ച 4 ട്രെയിൻ സർവീസ് കൂടി ആരംഭിക്കുന്നതോടെ  പാതയിൽ മുഴുവൻ സർവീസുകളും ആകും. അതേസമയം എല്ലാ ട്രെയിനുകളുടെയും സമയക്രമം മാറ്റിയത് യാത്രക്കാർക്ക് ദുരിതമായി. പല കണക്‌ഷൻ ട്രെയിനുകളും യാത്രക്കാർക്ക് ലഭിക്കാത്ത സാഹചര്യമാണ്. ജൂലൈ ഒന്നിന് ആരംഭിക്കുന്ന ഒരു ട്രെയിൻ സർവീസ് രാവിലെ 9ന് ഷൊർണൂരിൽ നിന്നാരംഭിച്ച് 10.40ന് നിലമ്പൂരിലെത്തും.

തിരിച്ച് 11.10ന് നിലമ്പൂരിൽനിന്നു  പുറപ്പെട്ട് ഉച്ചയ്‌ക്ക് 12.50ന് ഷൊർണൂരിൽ എത്തുന്നവിധമാണ് സമയക്രമം. നിലമ്പൂരിൽനിന്ന് രാത്രി 8ന് പുറപ്പെട്ട് 9.40ന് ഷൊർണൂരിലെത്തുന്നതും ഷൊർണൂരിൽനിന്ന് 8.10ന് പുറപ്പെട്ട് 10ന് നിലമ്പൂരിലെത്തുന്നതുമാണ് മറ്റു 2 ട്രെയിനുകൾ. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ 3 സർവീസുകളാണ് പാതയിൽ പുനഃസ്ഥാപിച്ചത്. ഇന്നലെ മുതൽ 5 വീതം ട്രെയിനുകൾ ഇരു വശങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. കോവിഡിനെ തുടർന്ന് നിർത്തലാക്കിയ പാലക്കാട്–നിലമ്പൂർ സർവീസും ഉച്ചയ്‌ക്കുള്ള ഷൊർണൂർ–നിലമ്പൂർ പാസഞ്ചർ സർവീസുകളുമാണ് അൺ റിസർവ്‌ഡ് സ്‌പെഷൽ എക്‌സ്‌പ്രസായി ഇന്നലെ സർവീസ് തുടങ്ങിയത്.

പുലർച്ചെ 5.55ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 8.50ന് നിലമ്പൂരിലെത്തും. തിരിച്ച് വൈകിട്ട് 4.10ന് നിലമ്പൂരിൽനിന്നു പുറപ്പെട്ട് 7.25ന് പാലക്കാട്ടെത്തും. ഇന്നലെ ആരംഭിച്ച ഷൊർണൂർ–നിലമ്പൂർ എക്‌സ്‌പ്രസ് ഉച്ചയ്‌ക്ക് 2.05ന് ഷൊർണൂരിൽനിന്നു പുറപ്പെട്ട് 3.45ന് നിലമ്പൂരിലെത്തും.  മറ്റു റെയിൽവേ പാതകളിലെല്ലാം ട്രെയിൻ സർവീസ് ആരംഭിച്ചപ്പോഴും ഇവിടെ സർവീസുകൾ ഭാഗികമായി ആരംഭിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് മുഴുവൻ സർവീസുകളും ആരംഭിക്കുന്നത്.

അതേസമയം കോവിഡിനു മുൻപുണ്ടായിരുന്ന സമയക്രമീകരണം മാറ്റി പുതിയ സമയക്രമം വന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി ആക്ഷേപം ശക്തമാണ്. 10 ട്രെയിനുകളും പുതുക്കിയ സമയക്രമത്തിലാണ് പുനഃസ്ഥാപിച്ചത്. ശേഷിച്ച ട്രെയിനുകളുടെ പ്രഖ്യാപിച്ച സമയക്രമവും യാത്രക്കാർക്ക് ഗുണകരമല്ലെന്നാണ് ആക്ഷേപം. കോവിഡിനു മുൻപ് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് രാവിലെ ഏഴിനുള്ള സർവീസ് പുനഃസ്ഥാപിക്കുമ്പോൾ നിലമ്പൂരിൽനിന്ന് അതിരാവിലെ പുറപ്പെടുന്ന രീതിയിൽ ക്രമീകരിക്കണമെന്നാണ് യാത്രക്കാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നത്. 

അങ്ങനെയാണെങ്കിൽ ഷൊർണൂരിൽനിന്ന് ജന്മശതാബ്‌ദി പോലുള്ള ട്രെയിനുകൾക്ക് കണക്‌ഷൻ ലഭിക്കും. കോവിഡിനു മുൻപ് രാവിലെ 9ന് പുറപ്പെട്ടിരുന്ന ട്രെയിൻ 10.10ന് പുറപ്പെടുന്ന വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ ഷൊർണൂരിൽനിന്ന് പരശുറാം, ശബരി, നേത്രാവതി എക്‌സ്‌പ്രസുകൾക്ക് കണക്‌ഷൻ ലഭിച്ചിരുന്നത് ഇല്ലാതായി. ഉച്ചയ്‌ക്ക് 3.10ന് പുറപ്പെടുന്ന നിലമ്പൂർ–കോട്ടയം എക്‌സ്‌പ്രസ് ട്രെയിനിനാകട്ടെ ഷൊർണൂർ വരെയുള്ള പാതയിൽ വാണിയമ്പലം, അങ്ങാടിപ്പുറം സ്‌റ്റേഷനുകളിൽ മാത്രമാണ് സ്‌റ്റോപ്. .

തിരുത്തണം; റെയിൽവേക്ക് എംപിയുടെ കത്ത്

മലപ്പുറം ∙ ഷൊർണൂർ - നിലമ്പൂർ റൂട്ടിൽ നിർത്തിവച്ച ട്രെയിനുകൾ പുനരാരംഭിച്ചപ്പോൾ അശാസ്ത്രീയ സമയക്രമംമൂലം യാത്രക്കാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ മാനേജർ ബി.ജി.മല്യക്ക് വീണ്ടും കത്തയച്ച് എം.പി.അബ്ദുസ്സമദ് സമദാനി എം.പി. ഷൊർണൂരിൽനിന്നുള്ള ഒട്ടേറെ കണക്‌ഷൻ ട്രെയിനുകളാണ് പുതിയ സമയക്രമംമൂലം യാത്രക്കാർക്ക് നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

കോവിഡിനു മുൻപ് രാവിലെ 5.30ന് നിലമ്പൂരിൽനിന്ന് പുറപ്പെട്ടിരുന്ന ട്രെയിനിനു പകരം വന്ന വണ്ടി ഇപ്പോൾ രാവിലെ ഏഴിനാണ് യാത്ര ആരംഭിക്കുന്നത്. ഇതുകാരണം കണ്ണൂർ -തിരുവനന്തപുരം ജനശതാബ്‌ദി, കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി എക്‌സ്‌പ്രസ്, ഷൊർണൂർ-കോയമ്പത്തൂർ ട്രെയിൻ (56604) എന്നിവയെ ആശ്രയിക്കുന്ന യാത്രക്കാർക്ക് സമയത്ത് ഷൊർണൂരിൽ എത്താനാകുന്നില്ല. 06468 ഷൊർണൂർ എക്സ്പ്രസ് സ്പെഷൽ രാവിലെ 10.10നു പകരം കോവിഡിനു മുൻപുള്ള സമയക്രമമായ 9.20നു തന്നെ പുറപ്പെടുകയാണെങ്കിൽ നാഗർകോവിലിലേക്കുള്ള പരശുറാം എക്സ്പ്രസ് ഉൾപ്പെടെ 7 ട്രെയിനുകൾക്കെങ്കിലും കണക്‌ഷൻ ലഭിക്കും.

എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ, മംഗളൂരു റൂട്ടിൽ യാത്രചെയ്യുന്ന ഒട്ടേറെ യാത്രക്കാർക്ക് ഇത് സഹായകരമാവുമെന്നും കത്തിൽ സൂചിപ്പിച്ചു.  എറണാകുളം ജംക്‌ഷൻ - പാലക്കാട് മെമു (06798) ട്രെയിൻ ഷൊർണൂർ ജംക്‌ഷൻ വഴി സർവീസ് നടത്തിയാൽ കൂടുതൽ യാത്രക്കാർക്ക് എറണാകുളത്തേക്കും പാലക്കാട്ടേക്കും യാത്രചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. അശാസ്ത്രീയ സമയക്രമം പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്നും മന്ത്രി ഉൾപ്പെടെയുള്ളവരോട് നിരന്തരമായി ആവശ്യപ്പെട്ടു വരികയാണെന്നും എന്നാൽ റെയിൽവേ ഇതിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും സമദാനി അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com