നന്നമ്പ്ര ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒപിയിൽ ഒരു ഡോക്ടർ മാത്രം. രാവിലെ വന്ന രോഗികൾക്ക് ഡോക്ടറെ കാണാൻ കഴിയുന്നത് ഉച്ചയ്ക്കു ശേഷം. ആശുപത്രിയിലെ 2 സ്ഥിരം ഡോക്ടർമാരും അവധിയിൽ പോയതോടെ ആശുപത്രി പ്രവർത്തനം താളംതെറ്റി. മെഡിക്കൽ ഓഫിസറായി എത്തിയ ഡോക്ടർ ചുമതലയേറ്റ ശേഷം 2 മാസത്തെ അവധിയിൽ പോയതാണ്.
മെഡിക്കൽ ഓഫിസറുടെ ചുമതല വഹിച്ചിരുന്ന രണ്ടാമത്തെ ഡോക്ടറും അവധിയിൽ പോയതോടെ രോഗികൾ ദുരിതത്തിലായി. എൻആർഎച്ച്എം നിയമിച്ച താൽക്കാലിക ഡോക്ടർ മാത്രമാണ് ഒപിയിലുള്ളത്. പഞ്ചായത്ത് നിയമിച്ച സായാഹ്ന ഒപിയിലെ ഡോക്ടറെ രാവിലത്തെ ഒപിയിലേക്ക് നിയമിച്ചിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ഒപി നിർത്തിവച്ചെന്ന പരാതിയെ തുടർന്ന് വീണ്ടും സായാഹ്ന ഒപി തുടങ്ങിയിരിക്കുയാണ്. ആശുപത്രിയിൽ നാനൂറിലേറെ പേരാണ് ദിവസം ഒപിയിലെത്തുന്നത്.
ഒരു ഡോക്ടറെ കൊണ്ടു മാത്രം ഇത്രയും രോഗികളെ ചികിത്സിക്കാൻ കഴിയില്ല. രാവിലെ വന്ന് ഒപി ടിക്കറ്റെടുക്കുന്ന രോഗികൾക്ക് ഉച്ചയ്ക്ക് ശേഷമാണ് ഡോക്ടറെ കാണാൻ സാധിക്കുന്നത്. രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരികയാണ്. ഡോക്ടർമാർ ഇല്ലാത്തതിനാൽ ആശുപത്രിയിൽ എന്നും ബഹളമാണ്. പഞ്ചായത്ത് ആവശ്യപ്പെട്ടതിനെ തുടർന്ന് പകരം ഡോക്ടറെ നിയമിക്കാമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.