ഈ മാറ്റത്തിനു കാരണം മമ്മൂട്ടി, അനുഗ്രഹം വേണം; തീയെടുക്കാത്ത ആത്മവിശ്വാസത്തിന്റെ കൈപിടിച്ചു ഷാഹിന

ഡോ. ഷാഹിന
ഡോ. ഷാഹിന
SHARE

കുറ്റിപ്പുറം ∙ തന്റെ ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഡോ. ഷാഹിന. കണ്ണാടിയിൽ നോക്കി ഷാഹിന പറയും. തന്റെ മുഖം മാറിവരുന്നുണ്ട്. ഈ മാറ്റത്തിനു കാരണക്കാരനായ നടൻ മമ്മൂട്ടിയുടെ അരികിൽ വേഗം എത്തണം. കല്യാണത്തിനു മുൻപ് അനുഗ്രഹം വാങ്ങണം...  ഈയൊരു കൂടിക്കാഴ്ചയ്ക്കുള്ള തയാറെടുപ്പിലാണ് കൊച്ചി ഇടപ്പള്ളി സ്വദേശിയും തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെ‍ഡിക്കൽ ഓഫിസറുമായ ഡോ. ഷാഹിന. ഷാഹിനയെ മമ്മൂട്ടി അറിയുന്നത് ഒരുവർഷം മുൻപാണ്.

മുഖത്തടക്കം പൊള്ളലേറ്റ ഒരു പെൺകുട്ടി ആത്മവിശ്വാസത്തോടെ നടത്തിയ ഫോട്ടോഷൂട്ടാണ് മമ്മൂട്ടിയുടെ ശ്രദ്ധ ആകർഷിച്ചത്. അഞ്ചാം വയസ്സിൽ കറന്റ് കട്ടിന്റെ സമയത്ത് വീട്ടിലിരുന്ന് പഠിക്കുന്നതിനിടെ മണ്ണെണ്ണ വിളക്കിൽനിന്ന് തീപടർന്നാണ് ഷാഹിനയ്ക്കു പൊള്ളലേൽക്കുന്നത്. 75 ശതമാനം പൊളളലേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടി. ഒന്നര വർഷംനീണ്ട ചികിത്സയ്ക്കൊടുവിൽ സ്കൂളിൽ തിരിച്ചെത്തി. മിടുക്കിയായി പഠിച്ചു. പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ പ്രവേശനം നേടി ഹോമിയോ ഡോക്ടറായി. സർക്കാർ സർവീസിൽ പ്രവേശിച്ചു.

തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെ‍ഡിക്കൽ ഓഫിസറായി തുടരുമ്പോൾ കഴിഞ്ഞ വർഷമാണ് സുഹൃത്തും ഫൊട്ടോഗ്രഫറുമായ വിഷ്ണു സന്തോഷിന്റെ ആവശ്യപ്രകാരം ഫോട്ടോഷൂട്ടിൽ ഷാഹിന എത്തുന്നത്. ഈ ഫോട്ടോഷൂട്ട് കണ്ടാണ് മമ്മൂട്ടി ഷാഹിനയെക്കുറിച്ച് അന്വേഷിക്കുന്നത്. താൻ ഡയറക്ടറായ ‘പത​ഞ്ജലി ഹെർബൽസ്’ വഴി ഷാഹിനയുടെ ചികിത്സ മമ്മൂട്ടി ഏറ്റെടുത്തു. 8 മാസമായി പതഞ്ജലി ഡയറക്ടറും ചികിത്സകനായ ജോതിഷ്കുമാറിന്റെ നേതൃത്വത്തിലാണ് സൗജന്യ ചികിത്സ. ഷാഹിനയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ മാറഞ്ചേരി സ്വദേശി നിയാസ് ആണ് വിവാഹാലോചനയുമായി എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹനിശ്ചയം. ഒക്ടോബറിലാണ് വിവാഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS