ബഫർ സോണിൽ സർക്കാരുകൾക്ക് താക്കീതായി കർഷക മാർച്ച്

ബഫർ സോൺ വിഷയത്തിലെ സർക്കാരുകളുടെ നിലപാടിനെതിരെ മാനന്തവാടി, താമരശ്ശേരി രൂപതകളിൽ ഉൾപ്പെടുന്ന മലപ്പുറം മേഖലയിലെ വിവിധ സംഘടനകളുടെ നേത‍ൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് പശ്ചിമഘട്ട കർഷക സംരക്ഷണ സമിതി മലപ്പുറം ജില്ലാ ജനറൽ കൺവീനർ മോൺ. തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

മലപ്പുറം ∙ ബഫർസോൺ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് പശ്ചിമഘട്ട കർഷക സംരക്ഷണ സമിതിയുടെ കൂറ്റൻ പ്രകടനം. എന്തു വിലകൊടുത്തും കർഷകമണ്ണ് സംരക്ഷിക്കുമെന്ന പ്രഖ്യാപനമായി, മഴ അവഗണിച്ച് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പങ്കെടുത്ത കലക്ടറേറ്റ് മാർച്ച്. മാനന്തവാടി–താമരശ്ശേരി രൂപതകൾക്കു കീഴിലെ വിവിധ സംഘടനകളുടെ മലപ്പുറം മേഖലയിലെ പ്രവർത്തകരാണ് അണിനിരന്നത്. രാവിലെ 11.30ന് കലക്ടറുടെ ബംഗ്ലാവ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു.

തുടർന്ന് നടത്തിയ ധർണ പശ്ചിമഘട്ട കർഷക സംരക്ഷണ സമിതി മലപ്പുറം ജില്ലാ ജനറൽ കൺവീനർ മോൺ. തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപത വികാരി ജനറൽ മോൺ. ജോൺ ഒറവുങ്കര അധ്യക്ഷത വഹിച്ചു. ജോസ് പള്ളത്ത്, പാസ്റ്ററൽ കൗൺസിൽ അംഗം ബീനാ ജോസഫ്, സമിതി ജില്ലാ കോഓർഡിനേറ്റർ ഫാ.സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, ജോസ് കാര്യങ്കൽ എന്നിവർ പ്രസംഗിച്ചു. ഫൊറോന വികാരിമാരായ ഫാ.തോമസ് പെരിയത്ത്, ഫാ.ബിജു തുരുത്തേൽ, ഫാ.ആന്റോ മൂലയിൽ, ഫാ.ജിൽസ് കാരിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.

കർഷകരുടെ ഒരിഞ്ചു ഭൂമി പോലും ബഫർസോണിന് വിട്ടു കൊടുക്കാനാകില്ല. കർഷകരുടെ താൽപര്യം സംരക്ഷിക്കുന്ന രൂപത്തിൽ വനഭൂമിയുടെ അതിരുകൾ പുനഃക്രമീകരിച്ച് ബഫർസോൺ നിശ്ചയിക്കട്ടെ. കർഷകരുടെ നെഞ്ചത്തു കയറാനാണ് ഭാവമെങ്കിൽ നോക്കിനിൽക്കില്ല. കൃഷിഭൂമി വനഭൂമിയാക്കാനാണ് ഉദ്ദേശ്യമെങ്കിൽ ശക്തമായി എതിർക്കും. മോൺ. ജോൺ ഒറവുങ്കര താമരശ്ശേരി രൂപത വികാരി ജനറൽ

ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകണം. കർഷകർക്കുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച്  മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ അവഗണിച്ചു. തെറ്റുപറ്റിയെന്ന് തോന്നുന്നെങ്കിൽ തിരുത്തണം. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കർഷകരുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ്. കർഷകർക്ക് നീതിയാണ് വേണ്ടത്. അതു കിട്ടിയില്ലെങ്കിൽ സെക്രട്ടേറിയറ്റ് സമരം അടക്കം ആലോചിക്കേണ്ടി വരും.  മോൺ. തോമസ് മണക്കുന്നേൽ പശ്ചിമഘട്ട കർഷക സംരക്ഷണ സമിതി  മലപ്പുറം ജില്ലാ ജനറൽ കൺവീനർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS