കൊളത്തൂർ ∙ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ ആൽമരം പൊട്ടിവീണു. കാറിലുണ്ടായിരുന്ന ദമ്പതികളും കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊളത്തൂർ–വളാഞ്ചേരി റോഡിൽ അമ്പലപ്പടി മൂർക്കനാട് റോഡ് പരിസരത്ത് ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. വിളയൂർ കരിങ്ങനാട് സ്വദേശി ഇടത്തോൾ അൽത്താഫ് (31), ഭാര്യ നാഫിയ (23), മകൻ അഫ്‌ദൽ (4) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ഈ സമയം ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. മരത്തോടൊപ്പം വൈദ്യുതി ലൈനും കാലും സമീപത്ത് പൊട്ടിവീണതോടെ ഓടിക്കൂടിയ ആളുകളും ആദ്യം കാറിന് സമീപത്തേക്ക് അടുക്കാൻ ഭയന്നു. കാൽ മണിക്കൂറോളം പുറത്തിറങ്ങാനാവാതെ കാറിനുള്ളിൽ കുടുങ്ങി. പിന്നീട് ഒരുവശത്തെ മരം നീക്കി ഡോർ തുറന്ന് യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് അഗ്നിരക്ഷാ സംഘവും കൊളത്തൂർ സിഐ സജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ കാറിനു മുകളിൽ വീണ മരം വെട്ടിനീക്കിയത്.
മരണത്തെ മുഖാമുഖം കണ്ടു
∙ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളാണ് കടന്നു പോയതെന്ന് അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട അൽത്താഫ്. മഴയ്ക്കിടെ വീശിയടിച്ച ശക്തമായ കാറ്റിൽ കാറിന് മുകളിലേക്ക് ശക്തിയിൽ എന്തോ വന്ന് വീഴുകയായിരുന്നു. മുന്നിലേക്കും പിന്നിലേക്കും നോക്കിയപ്പോൾ ആകെ മരവും ചില്ലകളും മൂടിയ നിലയിലായിരുന്നു. അവയ്‌ക്കിടയിൽ വൈദ്യുതി ലൈനുകളും ഉണ്ടായിരുന്നു. കാർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സമയം വൈദ്യുതി ഇല്ലാതിരുന്നതാണ് രക്ഷയായത്. പരുക്കേൽക്കാതെയാണ് പുറത്തെത്തിയതെന്ന് ആദ്യം വിശ്വസിക്കാനായില്ല.2 ദിവസം മുൻപാണ് പ്രവാസിയായ അൽത്താഫ് അവധിക്ക് നാട്ടിലെത്തിയത്. എടയൂർ റോഡിലെ ഭാര്യവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം.