തേഞ്ഞിപ്പലം ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കാലിക്കറ്റ് സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അരിയല്ലൂർ സ്വദേശി എം.മണികണ്ഠൻ (38) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. വിദ്യാർഥിനിയെ സ്കൂൾ സമയത്ത് സഹപാഠികൾക്കൊപ്പം ക്യാംപസിൽ കണ്ടപ്പോൾ മൊബൈലിൽ ചിത്രം പകർത്തിയശേഷം പ്രിൻസിപ്പലിനെയും രക്ഷിതാവിനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ ഫോൺ നമ്പർ വാങ്ങി.
ചിത്രം ഡിലീറ്റ് ചെയ്യണമെങ്കിൽ ക്യാംപസിലേക്കു വരണമെന്ന് ആവശ്യപ്പെട്ടു വിളിച്ചുവരുത്തി പകൽ ക്യാംപസിലെ ആളൊഴിഞ്ഞ ഭാഗത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി.വിമുക്തഭടനായ മണികണ്ഠൻ 7 മാസം മുൻപാണ് യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്കു കയറിയത്. ഇയാളെ ജോലിയിൽനിന്നു പിരിച്ചുവിട്ടതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി.ഷൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.