ADVERTISEMENT

നിലമ്പൂർ ∙ വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ കുതിച്ചുചാട്ടം അഭിമാനകരമാണെന്ന് രാഹുൽ ഗാന്ധി എംപി പറഞ്ഞു. നേട്ടം കൈവരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ അഭിനന്ദിക്കുന്നതായി അമൽ കോളജിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എസ്എസ്എൽസി പ്രതിഭകൾക്ക് ജില്ലാ പഞ്ചായത്തിന്റെ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.    വിദ്വേഷ പ്രചാരണത്തിന്റെ കാലഘട്ടത്തിൽ യുവതലമുറ സ്നേഹം, സാഹോദര്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളുടെ വക്താക്കളാകണം. ഭിന്നതകളില്ലാതെ ഒറ്റക്കെട്ടായി നിന്നതു കൊണ്ടാണ് ഇന്ത്യ ലോകത്ത് സാമ്പത്തിക ശക്തിയായി വളർന്നത്. വൈവിധ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വളർച്ച ലോക രാജ്യങ്ങൾ അത്ഭുതത്തോടെയാണ് കണ്ടത്. 

ജനത്തെ ഭിന്നിപ്പിക്കുന്നത് രാജ്യത്തെ തകർച്ചയിലെത്തിക്കുമെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.പി.കെ.ബഷീർ എംഎൽഎ അധ്യക്ഷത വഹിച്ചു. എംപിമാരായ കെ.സി.വേണുഗോപാൽ, പി.വി.അബ്ദുൽ വഹാബ്, എ.പി.അനിൽകുമാർ എംഎൽഎ, ആര്യാടൻ ഷൗക്കത്ത്, വി.എസ്.ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരസമിതി അധ്യക്ഷരായ നസീബ അസീസ്, സറീന ഹസീബ് എൻ.എ.കരീം, ആലിപ്പറ്റ ജമീല, അംഗങ്ങളായ പി.കെ സി.അബ്ദുറഹ്മാൻ, ഷെറോണ റോയ്, വി.കെ.എം.ഷാഫി, അമൽ കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.വി.അലി മുബാറക്, പ്രിൻസിപ്പൽ ഡോ. സക്കറിയ വർഗീസ്, സി.എച്ച്.ഇക്ബാൽ, മുഹമ്മദ് റിയാസ്, വിജയഭേരി കോഓർഡിനേറ്റർ ടി.സലീം, തോമസ് അലക്സ്, സെക്രട്ടറി റഷീദ് നാലകത്ത് എന്നിവർ പ്രസംഗിച്ചു. 100 % വിജയം നേടിയ സ്കൂകൂളുകളെയും അനുമോദിച്ചു.

ചോദ്യങ്ങളുമായി കുട്ടികൾ; ചിരിയിൽ പൊതിഞ്ഞ ഉത്തരങ്ങളുമായി രാഹുൽ

നിലമ്പൂർ ∙ അനുമോദന ചടങ്ങിൽ വിദ്യാർഥികളുമായി സംവദിച്ച് രാഹുൽ ഗാന്ധി എംപി. അങ്ങയുടെ റോൾ മോഡലും പ്രവർത്തനങ്ങൾക്ക് പ്രചോദനവും ആരാണെന്ന് നാരോക്കാവ് എൻഎച്ച്എസ്എസിലെ സുരഭി കൃഷ്ണയുടെ ചോദ്യം. റോൾ മോഡലായി പ്രത്യേകിച്ച് എടുത്തു പറയാൻ ആരുമില്ല. ജനങ്ങളിൽ നിന്നാണ് താൻ പ്രചോദനം ഉൾക്കൊളളുന്നതെന്ന് രാഹുൽ മറുപടി നൽകി.ഇത്രയും ലാളിത്യത്തോടെ എങ്ങനെ പെരുമാറാൻ കഴിയുന്നതെന്നാണ് കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ നിൻഹയ്ക്ക് അറിയേണ്ടിയിരുന്നത്. ലാളിത്യമാണ് തന്റെ ഊർജമെന്ന് രാഹുൽ വിശദീകരിച്ചു. സത്യം പറയുന്നതാണ് ശക്തിയെന്നും കൂട്ടിച്ചേർത്തു. അധികാരവും ആർഭാടവും അത് പ്രകടിപ്പിക്കുന്നവരുടെ ദൗർബല്യമാണ് കാണിക്കുന്നത്– രാഹുൽ അഭിപ്രായപ്പെട്ടു.ഏറ്റവും ആകർഷിച്ച വ്യക്തി, പുസ്തകം ഏതാണെന്ന് കീഴുപറമ്പ് ജിഎച്ച്എസ്എസിലെ ജീവ ശിവന് അറിയേണ്ടിയിരുന്നത്. പ്രത്യേകമായി  എടുത്തു പറയാൻ കഴിയില്ല, ഓരോ വ്യക്തിയിലും പുസ്തകത്തിലുംനിന്ന് പല പാഠങ്ങളാണ് നാം ഉൾക്കൊള്ളുന്നത്. 

ആകർഷിച്ച പുസ്തകങ്ങളുടെ പട്ടിക അയച്ചുതരാമെന്നും രാഹുൽ പറഞ്ഞു. തന്റെ മുത്തശ്ശി അങ്ങയുടെ ആരാധികയാണെന്ന് ജീവ പറഞ്ഞപ്പോൾ മുത്തശ്ശിയുടെ ആരാധകനാണ് താനെന്ന് അവരെ അറിയിക്കണമെന്നായി രാഹുൽ.രാഹുൽ ഗാന്ധി എംപി, പിഎം (പ്രൈം മിനിസ്റ്റർ) ആയി എന്ന് അറിയപ്പെടുമെന്നാണ് നതന്യ ചോദിച്ചത്. അത് നിങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് ചിരിച്ചുകൊണ്ടു രാഹുൽ പറഞ്ഞു.താങ്കൾക്കെതിരായ അസത്യ പ്രചാരണങ്ങളെ ധൈര്യത്തോടെ എങ്ങനെ നേരിടാൻ കഴിയുന്നു എന്ന് അടുത്ത ചോദ്യം ഉയർന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ലെന്ന് രാഹുൽ. മറ്റുള്ളവർ എന്തു പറയുമെന്ന്  വേവലാതിപ്പെടാതെ കർമനിരതരാകുക. ആക്ഷേപങ്ങളെ പുഞ്ചിരിയോടെ നേരിടാൻ കഴിയണമെന്ന്  ബുദ്ധകഥ വിവരിച്ച് രാഹുൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com