നിലമ്പൂർ ∙ നഗരത്തിൽ തെരുവുനായ ആക്രമണത്തിൽ 12 പേർക്ക് പരുക്ക്. ചക്കാലക്കുത്ത്, വീട്ടിക്കുത്ത്, നഗരസഭാ ബസ് സ്റ്റാൻഡ്, മണലോടി ഭാഗങ്ങളിലുള്ളവർക്കാണ് കടിയേറ്റത്. നിലമ്പൂർ ചക്കാലക്കുത്തിലെ അതിഥിത്തൊഴിലാളി ബിശ്വാസിന്റെ മകൻ സൗരവ് (5), കോവിലകത്തുമുറി യു.ടി.രാമചന്ദ്രൻ (63), വള്ളിയമ്പാടം പനമണ്ണ് ശ്രീനിവാസൻ (52), കല്ലേമ്പാടം പടിക്കൽ പുത്തൻവീട്ടിൽ പ്രേംകുമാറിന്റെ മകൻ പ്രിൻസ് (10), വീട്ടിക്കുത്ത് മംഗലഭവനിൽ കൃഷ്ണൻ (52), പള്ളിക്കുത്ത് ജെസി രാജു (49), പെരിന്തൽമണ്ണ കല്ലുകോട്ടക്കൽ ഇസ്മായിൽ (64), മയ്യംതാനി ചൊവേലികുടിയിൽ മനു (32),
കാരാട് തൊണ്ടേൻവീട്ടിൽ അഖിൽ (19), ഊർങ്ങാട്ടിരി കെ.ടി.നൗഷാദ് (43), മുതീരി ഫാസില (45), വല്ലപ്പുഴ മൂരിക്കൽ നൂർജഹാൻ (38) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കാലക്കുത്തുനിന്ന് 4.30ന് ആണ് നായ ആക്രമണം തുടങ്ങിയത്. മുറ്റത്തു കളിച്ചുക്കുകയായിരുന്ന സൗരവിനെ ദേഹമാസകലം കടിച്ചു. ബൈപാസ് റോഡിൽ കളിക്കുമ്പോഴാണ് പ്രിൻസിനെ കടിച്ചത്. ബസ് കാത്തു നിൽക്കുമ്പോഴാണ് ഇസ്മായിൽ, അഖിൽ, നൗഷാദ് എന്നിവരെ ആക്രമിച്ചത്. വീട്ടിക്കുത്ത് റോഡിൽവച്ച് മറ്റുള്ളവർക്ക് കടിയേറ്റു.
യാത്രക്കാരിൽ പലരും ഓടി രക്ഷപ്പെട്ടു. നായയെ പിടികൂടാൻ രാത്രി വൈകിയും തിരച്ചിൽ നടത്തുന്നു. അലഞ്ഞു നടക്കുന്ന പശുക്കൾ, നായ്ക്കൾ എന്നിവയെയും കടിച്ചതായി പറയുന്നു. പരുക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനിടെ അത്യാഹിത വിഭാഗത്തിലേക്ക് തെരുവുനായ ഓടിക്കയറാൻ ശ്രമിച്ചത് പരിഭ്രാന്തി പരത്തി. ഒരു മാസം മുൻപ് കടിയേറ്റ വീട്ടമ്മ ഇപ്പോഴും ചികിത്സയിലാണ്. തെരുവുനായ ശല്യം കഴിഞ്ഞ നഗരസഭാ കൗൺസിലിലും താലൂക്ക് സഭയിലും ചർച്ചയായി.