ADVERTISEMENT

കോട്ടയ്ക്കൽ ∙ ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കണമെന്ന ആശയത്തിന്റെ വക്താവായിരുന്നു ഡോ. പി.കെ.വാരിയരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആയുർവേദാചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാല മുൻ മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ.വാരിയരുടെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയുടെ കാലത്ത് വൈദ്യശാസ്ത്രത്തിന്റെ എല്ലാ ശാഖകളും ഏതെല്ലാം തരത്തിൽ സഹായകരമായെന്നു ലോകം കണ്ടു. രോഗ പ്രതിരോധത്തിൽ ആയുർവേദത്തിന്റെ പങ്ക് ലോകത്തിനു കൂടുതൽ മനസ്സിലായെന്നു അദ്ദേഹം പറഞ്ഞു.

ഡോ. പി.കെ.വാരിയർ അനുസ്‍മരണത്തോടനുബന്ധിച്ച് ജീവനക്കാർ നിർമിച്ച സ്നേഹ വീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ആര്യവൈദ്യശാല സിഇഒ ഡോ. ജി.സി. ഗോപാലപിള്ള, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം.വാരിയർ, മന്ത്രി വി.അബ്‌ദുറഹിമാൻ, ട്രസ്റ്റിമാരായ ഡോ. കെ.മുരളീധരൻ, സി.ഇ.ഉണ്ണിക്കൃഷ്‌ണൻ തുടങ്ങിയവർ സമീപം.           ചിത്രം: മനോരമ
ഡോ. പി.കെ.വാരിയർ അനുസ്‍മരണത്തോടനുബന്ധിച്ച് ജീവനക്കാർ നിർമിച്ച സ്നേഹ വീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ആര്യവൈദ്യശാല സിഇഒ ഡോ. ജി.സി. ഗോപാലപിള്ള, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം.വാരിയർ, മന്ത്രി വി.അബ്‌ദുറഹിമാൻ, ട്രസ്റ്റിമാരായ ഡോ. കെ.മുരളീധരൻ, സി.ഇ.ഉണ്ണിക്കൃഷ്‌ണൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

ആയുർവേദത്തെ പുതിയ കാലത്തിനനുസൃതമായി ചിട്ടപ്പെടുത്തുന്നതിൽ ആര്യവൈദ്യശാല സ്ഥാപകൻ ഡോ.പി.എസ്.വാരിയർ വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങളും ദൗത്യവും ഏറെ മുന്നോട്ടുകൊണ്ടുപോയത് ഡോ. പി.കെ.വാരിയരാണ്. അക്കാര്യത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ചരിത്രപരമാണ്. പ്രവർത്തിച്ച എല്ലാ മേഖലകളിലും ധർമത്തെ ഉയർത്തിപ്പിടിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ വലിയ മഹത്വമെന്നു ഗവർണർ പറഞ്ഞു. പി.കെ.വാരിയർ റിസർച് ഫൗണ്ടേഷൻ രൂപീകരണ പ്രഖ്യാപനം ചടങ്ങിൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം.വാരിയർ നിർവഹിച്ചു. ഡോ.പി.കെ.വാരിയരുടെ ഓർമയ്ക്കായി ആര്യവൈദ്യശാല ജീവനക്കാർ 2 പാവപ്പെട്ട കുടുംബങ്ങൾക്കു നിർമിച്ചു നൽകിയ സ്നേഹ വീടുകളുടെ താക്കോൽ ഗവർണർ കൈമാറി.

കോട്ടയ്ക്കലിൽ ഡോ. പി.കെ.വാരിയർ അനുസ്‍മരണ ചടങ്ങിനു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം.വാരിയർ, ആര്യവൈദ്യശാല സിഇഒ ഡോ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റി സി.ഇ.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ചേർന്ന് യാത്രയാക്കുന്നു. ചിത്രം: മനോരമ
കോട്ടയ്ക്കലിൽ ഡോ. പി.കെ.വാരിയർ അനുസ്‍മരണ ചടങ്ങിനു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം.വാരിയർ, ആര്യവൈദ്യശാല സിഇഒ ഡോ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റി സി.ഇ.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ചേർന്ന് യാത്രയാക്കുന്നു. ചിത്രം: മനോരമ

മന്ത്രി വി.അബ്ദുറഹിമാൻ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. ജി.സി.ഗോപാലപിള്ള, ട്രസ്റ്റിയും അഡിഷനൽ ചീഫ് ഫിസിഷ്യനുമായ ഡോ.കെ.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ സാഹിത്യകാരന്മാരായ എം.ടി.വാസുദേവൻ നായർ, സി.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

ആര്യവൈദ്യശാല ഈ രണ്ട് വീടുകളുടെ ഐശ്വര്യം

കോട്ടയ്ക്കൽ ∙ ആയുർവേദപ്പെരുമയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആചാര്യന്റെ ഓർമ ഇനി 2 കുടുംബങ്ങൾക്കു തണലാകും. മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ. പി.കെ.വാരിയരുടെ ഓർമയ്ക്കായി ആര്യവൈദ്യശാല ജീവനക്കാർ നിർമിച്ച 2 സ്നേഹവീടുകൾ കുടുംബങ്ങൾക്കു കൈമാറി.അനുസ്മരണ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാനാണ് താക്കോൽ കൈമാറിയത്. കിഴക്കേപുരക്കൽ ശിവകുമാറിന്റെയും പരേതനായ മതാരി അബുവിന്റെയും കുടുംബങ്ങൾക്കാണ് വീടുവച്ച് നൽകിയത്.ശിവകുമാർ പക്ഷാഘാതം വന്നു ദീർഘനാളായി മുളിയൻക്കുന്നിലെ വാടക വീട്ടിൽ കിടപ്പിലാണ്. ജീവകാരുണ്യ പ്രവർത്തകരായ നാസർ മാനു, ഫൈസൽ കോട്ടയ്ക്കൽ എന്നിവരുടെ ഇടപെടലിൽ കോട്ടയ്ക്കൽ - മാറാക്കര റോഡിലെ മദ്രസപ്പടിയിൽ 3 സെന്റ് സ്ഥലം വ്യക്തി സൗജന്യമായി നൽകി. 

ഈ സ്ഥലത്താണ് ആര്യവൈദ്യശാല വീടു വച്ചു നൽകിയത്.ദീർഘകാലം കാൻസർ രോഗത്തോട് മല്ലിട്ട് മാതാരി അബു 8 മാസം മുൻപ് മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സുബൈദ പാറയിൽ സ്ട്രീറ്റിലെ വാടക ക്വാർട്ടേഴ്സിലാണ് കഴിയുന്നത്. ഇവർക്കായി നാട്ടുകാർ വാങ്ങിയ വില്ലൂരിലെ 3 സെന്റ് സ്ഥലത്താണ് ആര്യവൈദ്യശാല വീട് നിർമിച്ചത്. ഇരുകുടുംബങ്ങളുടെയും ദുരവസ്ഥയെക്കുറിച്ച് നൽകിയ മനോരമ വാർത്തകളാണ് തുണയായത്.നാസർമാനു, ഫൈസൽ കോട്ടയ്ക്കൽ, പത്തൂർ വിനോദ്, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.

പി.കെ.വാരിയർ രോഗമുക്തിയിലൂടെ ആളുകളെ പുതിയ മനുഷ്യരാക്കി: എംടി

കോട്ടയ്ക്കൽ ∙ മനുഷ്യന്റെ വ്യഥകൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു എന്നതാണ് ഡോ. പി.കെ.വാരിയരെ പോലുള്ളവരുടെ മഹത്വമെന്ന് എം.ടി.വാസുദേവൻ നായർ. ആളുകൾക്കു രോഗമുക്തി നൽകി അവരെ പുതിയ മനുഷ്യരാക്കി മാറ്റാൻ അദ്ദേഹത്തിനു സാധിച്ചു.പി.കെ.വാരിയർ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു പുരുഷായുസ്സിൽ ചെയ്യേണ്ടത് മുഴുവൻ ചെയ്താണ് പി.കെ.വാരിയർ വിട വാങ്ങിയതെന്ന് ചടങ്ങിൽ പങ്കെടുത്ത സി.രാധാകൃഷ്ണൻ പറഞ്ഞു.ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം.വാരിയർ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ, അഡീഷനൽ ചീഫ് ഫിസിഷ്യൻ ഡോ.കെ.ബാലചന്ദ്രൻ, ട്രസ്റ്റി കെ.ആർ.അജയ്, എ.കെ.ബി.നായർ, ഡോ.ഡി.രാമനാഥൻ, ഡോ.കെ.സി.അജിത് കുമാർ, ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണൻ, രാമചന്ദ്രൻ മാന്തൊടി, ടി.എം.മധുസൂദനൻ, എം.വി.രാമചന്ദ്രൻ, കെ.പി.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

നിറഞ്ഞുനിന്നു, സ്മാരകം വേണമെന്ന ആവശ്യം

കോട്ടയ്ക്കൽ ∙ പി.കെ.വാരിയർ അനുസ്മരണ പരിപാടിയിൽ നിറഞ്ഞുനിന്നത് അദ്ദേഹത്തിന് ഉചിതമായ സ്മാരകം വേണമെന്ന ആവശ്യം. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ചടങ്ങിൽ ഉറപ്പുനൽകി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീറും സ്മാരകം യാഥാർഥ്യമാക്കാനാവശ്യമായ നടപടികൾക്കു പിന്തുണ അറിയിച്ചു.

മന്ത്രിയുടെ വീട്ടിൽ  പെരുന്നാൾ സൽക്കാരം കൂടി ഗവർണർ

തിരൂർ ∙ പെരുന്നാൾ സൽക്കാരം കൂടാ‍ൻ മന്ത്രിയുടെ വീട്ടിൽ ഗവർണർ എത്തി. ഇന്നലെ വൈകിട്ടാണ് കോട്ടയ്ക്കലിലെ പരിപാടിക്കു ശേഷം മന്ത്രി വി.അബ്ദുറഹിമാന്റെ തിരൂരിലെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. വീട്ടിലെത്തിയ ഗവർണറെ മന്ത്രിയും കുടുംബാംഗങ്ങളും സ്വീകരിച്ചു. തുടർന്ന് വീട്ടിൽ ഒരുക്കിയ സ്നേഹവിരുന്നിൽ മന്ത്രിക്കും കുടുംബത്തിനുമൊപ്പം അദ്ദേഹം പങ്കെടുത്തു.പെരുന്നാൾ സമയമായതിനാൽ മന്ത്രിയെ കണ്ട് ആശംസ അറിയിക്കാൻ എത്തിയതാണെന്നു ഗവർണർ പറഞ്ഞു. ഒരു കോൽക്കളി സെറ്റ് മന്ത്രി ഗവർണർക്കു സമ്മാനിച്ചു. ഗവർണർക്ക് മന്ത്രി കോൽക്കളിയെക്കുറിച്ച് വിശദീകരിച്ചു നൽകി. ഇരുവരും കോലുകൾ കയ്യിൽ പിടിച്ച് താളമിടുകയും ചെയ്തു. ഗവർണറെത്തിയ വിവരമറിഞ്ഞ് മന്ത്രിയുടെ വീടിനു മുൻപിൽ തടിച്ചു കൂടിയവർക്കെല്ലാം പെരുന്നാൾ ആശംസകൾ നേർന്നാണ് അദ്ദേഹം മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com