ADVERTISEMENT

എടക്കര ∙ കവളപ്പാറ ദുരന്തത്തിന് തിങ്കളാഴ്ച 3 വയസ്സാകും. 2019 ഓഗസ്റ്റ് 8ന് മുത്തപ്പൻകുന്നിലുണ്ടായ ഉരുപ്പൊട്ടലിൽ ‌ഒലിച്ചുപോയത് 59 ജീവനുകൾ. ആഴ്ചകൾ നീണ്ട തിരച്ചിലിൽ 48 മൃതദേഹങ്ങൾ കണ്ടെത്തി. 11 പേർ ഇപ്പോഴും മണ്ണിലെവിടെയോ അലിഞ്ഞുകിടക്കുന്നു.മനുഷ്യ ജീവനുകൾക്കു പുറമേ ഒട്ടേറെ വീടുകളും പുരയിടവും കൃഷിസ്ഥലങ്ങളും ഉരുളെടുത്തു. ഉറ്റവരും ബന്ധുക്കളും നഷ്ടപ്പെട്ടതിന്റെ വേദനയ്ക്കൊപ്പം ഇന്നും ദുരിതങ്ങൾ തുടരുന്നു.

   കവളപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങൾക്ക് ആനക്കല്ലിൽ നിർമിച്ച വീടുകൾ. വെള്ളവും വെളിച്ചവും വഴിയും ഇല്ലാത്തതിനാൽ ഈ വീടുകളിൽ താമസം തുടങ്ങിയിട്ടില്ല.
കവളപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങൾക്ക് ആനക്കല്ലിൽ നിർമിച്ച വീടുകൾ. വെള്ളവും വെളിച്ചവും വഴിയും ഇല്ലാത്തതിനാൽ ഈ വീടുകളിൽ താമസം തുടങ്ങിയിട്ടില്ല.

പുനരധിവാസപ്പട്ടികയിൽ 156 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. സുമനസ്സുകളും വിവിധ സ്ഥാപനങ്ങളും സംഘടനകളും കൈകോർത്തപ്പോൾ അവരിൽ പലർക്കും താമസ സൗകര്യമൊരുങ്ങി. ഒട്ടേറെപ്പേർക്ക് സർക്കാർ സഹായവും തുണയായി.എന്നാൽ, ദുരന്തത്തിൽ വലിയ നഷ്ടമുണ്ടായ 32 ആദിവാസി കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇപ്പോഴും സ്വന്തം ഇടമായിട്ടില്ല.

ആദ്യം പുനരധിവസിപ്പിക്കേണ്ടിയിരുന്നത് ഇവരെയായിരുന്നെങ്കിലും മൂന്നാം വാർഷികത്തിലും അവർ ഓഡിറ്റോറിയത്തിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നു. 6 മാസത്തിനകം പുനരധിവസിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.

ഞങ്ങൾ ഇവിടെയുണ്ട്, എവിടേക്ക് പോകും

‘‘ദുരന്തത്തിന്റെ അടുത്ത വാർഷികം വരുമ്പോഴും ഞങ്ങൾ ഇവിടെത്തന്നെയുണ്ടാകും. പോകാനൊരിടം ഞങ്ങൾ‌ക്കില്ലല്ലോ, ഞങ്ങളെ ആരും മനുഷ്യരായി കാണുന്നില്ലല്ലോ’’ പോത്തുകല്ലിൽ ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന ശാന്തയുടെ വാക്കുകളാണ്. കവളപ്പാറ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ഓടിയെത്തിയപ്പോൾ ആകെയുണ്ടായിരുന്നത് ഉടുത്ത വസ്ത്രങ്ങൾ മാത്രമായിരുന്നുവെന്ന് അവർ പറയുന്നു. സ്വന്തം വീട്ടിലേക്ക് മാറുന്നതിന് ആദ്യമെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു.

എന്നാൽ ഇപ്പോൾ ആ പ്രതീക്ഷ പോലും നഷ്ടപ്പെട്ടതായി അവർ പറയുന്നു.ശാന്തയുടേത് ഉൾപ്പെടെ 14 കുടുംബങ്ങളാണ് ഇവിടെ ഇപ്പോഴും കഴിയുന്നത്. നേരത്തേ, അറുപതോളം കുടുംബങ്ങളുണ്ടായിരുന്നു. പല കുടുംബങ്ങളും വാടക വീടുകളിലേക്കും മറ്റും മാറുകയായിരുന്നു.

കൃഷി ഭൂമി വീണ്ടെടുക്കാനോ നഷ്ടപരിഹാരത്തിനോ തയാറല്ല

ഉരുൾപൊട്ടലിൽ ഏക്കർ കണക്കിന് കൃഷിഭൂമിയാണ് നഷ്ടമായത്. രണ്ടും മൂന്നു ഏക്കർ കൃഷി ഭൂമി നഷ്ടപ്പെട്ടവരുണ്ട്. ഉരുൾമൂടിയ കൃഷിയിടം പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയായിട്ടില്ല. മറ്റെവിടെയെങ്കിലും പകരം ഭൂമി അനുവദിക്കുകയോ അർഹമായ സഹായധനം നൽകുകയോ വേണമെന്നും ആവശ്യമുയർന്നു. ഒന്നും നടപ്പായില്ല. ഒടുവിൽ കർഷകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

വായ്പ തരില്ല, പ്രകൃതി ഇനിയും ക്ഷോഭിച്ചാലോ!

കവളപ്പാറ ഉൾപ്പെടുന്ന ഭൂദാനം പ്രദേശത്തുള്ളവർക്ക് ദുരന്തത്തിനു ശേഷം ബാങ്കുകളിൽനിന്നു വായ്പ നിഷേധിക്കുന്നതായി വാർഡ് അംഗം എം.എസ്.ദിലീപ്കുമാർ പറയുന്നു. ഇനിയുമൊരു പ്രകൃതിക്ഷോഭം ഉണ്ടായാൽ പണയപ്പെടുത്തുന്ന വസ്തു നഷ്ടപ്പെട്ട് വായ്പ തിരിച്ചടവ് മുടങ്ങുമോയെന്ന ആശങ്കയാണത്രെ കാരണം.

മക്കളുടെ പഠനം, വിവാഹം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കാണ് വായ്പക്കായി ബാങ്കുകളെ സമീപിക്കുന്നത്. വായ്പ കിട്ടാതെ വന്നപ്പോൾ വസ്തു വിൽക്കാമെന്ന് കരുതിയാൽ വാങ്ങാനും ആരും തയാറാവുന്നില്ലെന്നു ദിലീപ് പറഞ്ഞു.

ഇപ്പോൾ കെട്ടിട ഉടമയുടെ കാരുണ്യത്തിൽ

കവളപ്പാറ ദുരന്തത്തിന്റെ മൂന്നാം വാർഷികത്തിൽ അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മയുടെ ഇരകൾ കൂടിയാണ് 14 ആദിവാസി കുടുംബങ്ങൾ. ഇവർ കഴിയുന്ന പോത്തുകല്ലിലെ ഓഡിറ്റോറിയത്തിനുള്ള വാടക നൽകുന്നത് ഐടിഡിപി നിർത്തി. ക്യാംപിലുള്ളവർക്ക് ഭക്ഷണത്തിനുള്ള ചെലവും നൽകില്ലെന്നാണ് അവരുടെ നിലപാട്. ജൂൺ 30ന് ശേഷം ക്യാംപ് വിട്ടുപോകാൻ നിർദേശം നൽകുകയും ചെയ്തു. ഇപ്പോൾ ഒരു മാസം കഴിഞ്ഞെങ്കിലും കെട്ടിട ഉടമ ഇറക്കിവിടാത്തതു കൊണ്ട് മാത്രമാണ് ഇവർ ഇവിടെ കഴിയുന്നത്. വാടക എങ്ങനെ നൽകുമെന്ന് അറിയില്ല.  ഭക്ഷണത്തിന് തന്നെ വക കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്ന് ഇവർ പറയുന്നു.

വീടൊരുങ്ങി; വെള്ളവും വെളിച്ചവും വഴിയുമില്ല

ഉപ്പട ആനക്കല്ലിലാണ് 32 ആദിവാസി കുടുംബങ്ങൾക്ക് പുനരധിവാസം ഒരുക്കുന്നത്. 16 വീടുകളുടെ നിർമാണം പൂർത്തിയായി. എന്നാൽ, വെള്ളവും വെളിച്ചവും വഴിയും ഇല്ല. അതുകൊണ്ടു തന്നെ അവർക്ക് താമസം മാറാൻ സാധിക്കുന്നില്ല.വീട് വയ്ക്കാനുള്ള സ്ഥലത്തിനും വീട് നിർമാണത്തിനും മാത്രമാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. ബാക്കി സൗകര്യങ്ങൾ ഒരുക്കാൻ ഫണ്ടില്ല. ഐടിഡിപിയോ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളോ ഫണ്ട് അനുവദിക്കാ‍ൻ തയാറാകുന്നുമില്ല.

പാതിവഴിയിൽ മുടങ്ങിയ വീടുകളുടെ പണി ആശങ്കയിലുമാണ്. വീട് നി‍ർമാണത്തിന് അക്കൗണ്ടിൽ വന്ന പണം ചിലരൊക്കെ മറ്റാവശ്യങ്ങൾക്ക് ചെലവഴിക്കുകയും ചെയ്തു. വീട് നിർമാണത്തിനുള്ള പണമായിരുന്നുവെന്ന് അറിഞ്ഞില്ലെന്നാണ് അവർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com