ADVERTISEMENT

തിരൂർ ∙ സ്വാതന്ത്ര്യസമര ചരിത്രത്തിൽ സവിശേഷ ഇടമുള്ള നാടാണ് തിരൂർ. നിയമലംഘന സമരവും വ്യക്തി സത്യഗ്രഹവുമെല്ലാം നടന്ന നാട്. വാഗൺ കൂട്ടക്കൊലയെന്ന ബ്രിട്ടിഷ് ക്രൂരതയുടെ കണ്ണീർ ഓർമകൾ പേറുന്ന നാട്. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 100 പേരെ കുത്തിനിറച്ച ആ വാഗൺ പുറപ്പെടുന്നത്. അതിൽ 64 പേർ ശ്വാസംകിട്ടാതെ പിടഞ്ഞു മരിച്ചു.  6 പേർ ചികിത്സയിലിരിക്കെയും മരിച്ചു. ബ്രിട്ടിഷ് ക്രൂരതയുടെ നടുക്കുന്ന മുഖം വെളിവാക്കിയ സംഭവമായിരുന്നു വാഗൺ കൂട്ടക്കൊല. മാപ്പു പറഞ്ഞാൽ ജയിലിൽ നിന്ന് വിട്ടയയ്ക്കാമെന്നു പറഞ്ഞ ഉദ്യോഗസ്ഥരോട് മാപ്പു പറയില്ലെന്നും വിട്ടയയ്ക്കേണ്ടെന്നും മറുപടി നൽകിയ കെ.ദാമോദരനും ഈ നാട്ടുകാരനാണ്. 

താനൂരിൽ നടന്ന നിയമലംഘന സമരത്തിൽ പങ്കെടുത്തപ്പോഴാണ് കെ.ദാമോദരനെ പട്ടാളം അറസ്റ്റ് ചെയ്യുന്നത്. മാപ്പ് പറയാൻ തയാറാകാത്തതിനാൽ കോയമ്പത്തൂരിലെ ജയിലിൽ 2 വർഷത്തോളം അദ്ദേഹത്തിനു തടവിൽ കഴിയേണ്ടി വന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനു ചുക്കാൻ പിടിച്ചിരുന്ന കോൺഗ്രസ് പ്രവർത്തകൻ  താനൂരിലെ ഉമൈക്കാനക്ക് കുഞ്ഞിക്കാദറിനെ ചങ്കുവെട്ടിയിൽ നിന്ന് ചതിയിലൂടെയാണ് പട്ടാളം പിടികൂടിയത്. തൂക്കിലേറ്റാൻ വിധിക്കപ്പെട്ട അദ്ദേഹത്തോട് പട്ടാളം അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു. തന്റെ ഭാര്യ ഗർഭിണിയാണെന്നും ജനിക്കുന്നത് ആൺകുഞ്ഞാണെങ്കിലും പെൺകുഞ്ഞാണെങ്കിലും ബ്രിട്ടിഷ് സാമ്രാജ്യത്തോടു സന്ധിയില്ലാ സമരം ചെയ്യുമെന്നുമാണ് തൂക്കിലേറ്റപ്പെടുന്നതിനു തൊട്ടു മുൻപ് ആ ധീര ദേശാഭിമാനി ഉദ്യോഗസ്ഥരുടെ കണ്ണിൽ നോക്കി മറുപടി നൽകിയത്. 

ഗാന്ധിജി വ്യക്തി സത്യഗ്രഹത്തിനു ആഹ്വാനം ചെയ്തപ്പോൾ തിരൂർ റെയിൽവേ സ്റ്റേഷനു മു‍ൻപിലെത്തി പ്രസംഗിച്ചായിരുന്നു പുന്നയ്ക്കൽ കുട്ടിശങ്കരൻ നായർ സമരത്തിൽ പങ്കെടുത്തത്. വിവരമറിഞ്ഞ് ഓടിയെത്തിയ പട്ടാളം കുട്ടിശങ്കരൻനായരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഒരു വർഷത്തോളം അദ്ദേഹത്തെ ജയിലിൽ അടയ്ക്കുകയും ചെയ്തു.മുൻ കെപിസിസി പ്രസിഡന്റായിരുന്ന പി.കെ.മൊയ്തീൻകുട്ടിയെയും കെ.പി.കേളുനായരെയും ഇവിടെ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ സ്മരണയ്ക്കായി റെയിൽവേ സ്റ്റേഷനു മുൻപിൽ അഞ്ചുവിളക്ക് എന്ന പേരിൽ ഒരു സ്മാരകമുണ്ട്. ഫ്രീഡം ലൈറ്റ് എന്നും ഇത് അറിയപ്പെടുന്നു. വി.സി.മാധവമേനോനും അതുപോലുള്ള ഒട്ടേറെ സമരസേനാനികളും ഇത്തരത്തിൽ ഈ നാട്ടിൽ നിന്ന് രാജ്യത്തിനു വേണ്ടി അറസ്റ്റ് വരിച്ചവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com