ADVERTISEMENT

മലപ്പുറം ∙ പ്ലസ് വൺ ആദ്യ അലോട്മെന്റിൽ അവസരം ലഭിച്ചവരുടെ പ്രവേശനം പൂർത്തിയായി. രണ്ടാം അലോട്മെന്റ് പട്ടിക 15ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റിൽ 34,103 വിദ്യാർഥികൾക്കാണ് അവസരം ലഭിച്ചത്. അലോട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക/ സ്ഥിര പ്രവേശനം നേടാത്തവരെ അടുത്ത അലോട്മെന്റുകളിൽ ഒഴിവാക്കും. ‌ജനറൽ വിഭാഗം, മുസ്‍ലിം, ഈഴവ, തിയ്യ, ബില്ലവ, വിശ്വകർമ സീറ്റുകളിൽ മുഴുവൻ അലോട്മെന്റായി. 

രണ്ടാം അലോട്മെന്റിനായി 45,997 പേരാണു കാത്തിരിക്കുന്നത്. ഇവർ വീണ്ടും അപേക്ഷ നൽകേണ്ട.ആകെ പരിഗണിച്ച 46,256 മെറിറ്റ് സീറ്റുകളിൽ സ്പോർട്സ്, സംവരണ വിഭാഗത്തിലേതടക്കം 12,153 സീറ്റുകളാണ് ഒഴിവുള്ളത്. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ സീറ്റുകൂടി രണ്ടാംഘട്ട അലോട്മെന്റിനായി പരിഗണിക്കും. എസ്ടി, എസ്‍സി, മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കം (ഇഡബ്ല്യുഎസ്) വിഭാഗങ്ങളിലാണ് സീറ്റുകൾ കൂടുതലും ഒഴിവുള്ളത്. ഈ വർഷം 80,100 പേരാണ് അപേക്ഷിച്ചത്.

മൂന്നാം അലോട്മെന്റ് 22ന് നടക്കും. മുഖ്യഘട്ടത്തിലെ പ്രവേശനം 24ന് പൂർത്തിയാക്കി 25ന് ക്ലാസുകൾ ആരംഭിക്കും.പിന്നാക്ക /ന്യൂനപക്ഷ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ കമ്യുണിറ്റി ക്വോട്ടയിലേക്കുള്ള അപേക്ഷ സ്വീകരണവും തുടങ്ങിയിട്ടുണ്ട്. 15ന് ഇതിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് 16 മുതൽ പ്രവേശനം തുടങ്ങും.

എസ്എസ്എൽസി സർട്ടിഫിക്കറ്റ് വിതരണം ചെയ്തില്ല

എസ്എസ്എൽസി ഫലം വന്ന് രണ്ടു മാസമാകാറായിട്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടില്ല. ജൂൺ 15ന് ആണ് എസ്എസ്എൽസി ഫലം വന്നത്. പ്ലസ് വൺ പ്രവേശനത്തിനു സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ മതിയെങ്കിലും മറ്റു സംസ്ഥാനങ്ങളിലടക്കം പഠിക്കുന്നവർക്ക് ഒറിജിനൽ സർട്ടിഫിക്കറ്റ് തന്നെ വേണം.

പ്ലസ് വൺ പ്രവേശനത്തിനു ജാതി, നേറ്റിവിറ്റി തുടങ്ങിയവ തെളിയിക്കുന്നതിനും എസ്എസ്എൽസി സർട്ടിഫിക്കറ്റാണ് ആധികാരിക രേഖ. അതേസമയം എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com