ADVERTISEMENT

തിരൂർ ∙ ഓണത്തിനു നാട്ടിലെത്താ‍ൻ മലബാറുകാർക്ക് താംബരത്തുനിന്നുള്ള ഒരു സ്പെഷൽ ട്രെയിൻ മാത്രം. മുംബൈ, ബെംഗളൂരു, ഡൽഹി തുടങ്ങിയ നഗരങ്ങളിൽനിന്ന് എത്താനുള്ളവർ മറ്റു വഴികൾ തേടണം. കോവിഡും മറ്റും കാരണം കാലങ്ങളായി ഓണമാഘോഷിക്കാൻ നാട്ടിലെത്താത്ത മലയാളികൾ ഇത്തവണ കൂട്ടത്തോടെ എത്താനുള്ള ശ്രമത്തിലാണ്.  ട്രെയിനുകളിലെല്ലാം സെപ്റ്റംബർ ആദ്യവാരംതന്നെ സീറ്റുകൾ കിട്ടാത്ത സ്ഥിതിയായി. കിട്ടുന്ന വണ്ടികളിൽ നാട്ടിലെത്താൻ കൂട്ടത്തോടെയുള്ള ബുക്കിങ്ങും തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ സീറ്റുകൾ മുഴുവൻ തീരും. റെയിൽവേ കൂടുതൽ സ്പെഷൽ സർവീസുകൾ നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.

എന്നാൽ താംബരത്തു നിന്ന് മംഗളൂരുവിലേക്ക് സെപ്റ്റംബർ 2ന് ഒരു സ്പെഷൽ ഫെയർ ട്രെയിൻ ഓടിക്കുന്നതല്ലാതെ മലബാറിലേക്ക് മറ്റു വണ്ടികളൊന്നും അനുവദിച്ചിട്ടില്ല. ഈ വണ്ടി മംഗളൂരുവിൽ എത്തി അടുത്ത ദിവസം തിരിക്കുകയും ചെയ്യും. ഒരു എസി ഫസ്റ്റ് ക്ലാസ്, 2 എസി ടു ടയർ, 12 സ്ലീപ്പർ ക്ലാസ്, 4 ജനറൽ സിറ്റിങ്, ഭിന്നശേഷിക്കാർക്കുള്ള സിറ്റിങ്ങും ലഗേജ് വാനും ചേർന്ന 2 കോച്ചുകളുമാണ് ഇതിലുള്ളത്.

മുംബൈ, ബെംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മലബാറിലേക്ക് ഒരു ഓണക്കാല ട്രെയിൻ പോലും റെയിൽവേ അനുവദിച്ചിട്ടില്ല. ഈ ഭാഗങ്ങളിൽ നിന്നെല്ലാം  ഓണത്തിനു ധാരാളം മലയാളികൾ നാട്ടിലേക്ക് വരാൻ കാത്തിരിക്കുകയാണ്. റെയിൽവേ കനിഞ്ഞില്ലെങ്കിൽ വിമാനത്തെ ആശ്രയിക്കേണ്ടി വരും. സീസൺ ആയതിനാൽ വൻ തുക നൽകേണ്ടി വരുമെന്ന ആശങ്കയിലാണിവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com