ADVERTISEMENT

എടക്കര ∙ വഴിക്കടവ്  ചെക്പോസ്റ്റിൽ 132 കിലോഗ്രാം കഞ്ചാവുമായി പിടിയിലായവർ ജില്ലയിൽ കഞ്ചാവ് മൊത്തവിതരണം നടത്തുന്ന സംഘത്തിലെ  കണ്ണികളാണെന്ന് എക്സൈസ്. ജില്ലയിലെ വിവിധയിടങ്ങളിലെ കച്ചവടക്കാർക്ക് നൽകാനുള്ള  കഞ്ചാവ് എത്തിക്കുന്നതിനിടയിലാണ് 132.3 കിലോഗ്രാം കഞ്ചാവുമായി സംഘം എക്സൈസ് ചെക്പോസ്റ്റിൽ പിടിയിലാത്. 

കൊണ്ടോട്ടി തവനൂർ കൈതമൂല അബ്ദുൽ സമദ് (23), അരീക്കോട് കുഴിമണ്ണ മഠത്തിങ്കൽ ഷഫീഖ് (23), കോഴിക്കോട് പന്തീരാങ്കാവ് കുഴിപ്പള്ളി അമൽ (24),  തിരൂർ കൽപകഞ്ചേരി പ്ലാവില  വടക്കേതിൽ  ഷഹദ് (23), കൊണ്ടോട്ടി കുഴിമണ്ണ കണ്ണാടിപ്പറമ്പി‍ൽ നവാസ് ഷരീഫ് (22) എന്നിവരാണു പിടിയിലായത്. മഞ്ചേരി ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

കഞ്ചാവ് കാറിന്റെ ഡിക്കിക്കുള്ളിൽ ഒളിപ്പിച്ച് നാടുകാണി  ചുരം വഴി കേരളത്തിലേക്കു കടക്കാനുള്ള ശ്രമത്തിനിടയിൽ വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഘം പിടിയിലായത്. 2 കാറുകളിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. ഇതി‍ൽ ഒന്ന് പൈലറ്റ് വാഹനമായിരുന്നു. കഞ്ചാവുമായി സംഘമെത്തുന്നതായി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. മൈസൂരുവിൽനിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും ഇതിനുള്ള പണം 5 പേരും തുല്യമായി വീതിച്ചെടുക്കുകയായിരുന്നെന്നും എക്സൈസ് അധികൃതർ‍ പറഞ്ഞു.

എംഡിഎംഎയുമായി പിടിയിൽ

ബെംഗളൂരുവിൽനിന്നു വിൽപനയ്ക്കു കൊണ്ടുവന്ന 31.92 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കുഴിമണ്ണ കിഴിശ്ശേരി കളത്തിങ്ങൽ വീട്ടിൽ അനൂപ് (27) ആണ് പൊലീസ് പരിശോധനയ്ക്കിടെ പിടിയിലായത്. അരീക്കോട്ടും പരിസര പ്രദേശങ്ങളിലും എംഡിഎംഎ വിൽപന നടത്തിയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുമെന്ന് ഇൻസ്‌പെക്ടർ എം.അബ്ബാസലി പറഞ്ഞു. എസ്‌ഐ യു.കെ.ജിതിൻ, സിപിഒമാരായ സജീവ്, രതീഷ്, ഷിബു എന്നിവരാണു പ്രതിയെ പിടികൂടിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com