ADVERTISEMENT

മലപ്പുറം∙ കോഴിക്കോട്– ഗ്രീൻഫീൽഡ് ഹൈവേക്കായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയിലെ കല്ലിടൽ ഇന്നു തുടങ്ങും. പാലക്കാട് അതിർത്തിയായ എടപ്പറ്റ വില്ലേജിൽ ഇന്നു രാവിലെ 10ന് ആദ്യ കല്ലിടും. ഒരു മാസത്തിനകം കല്ലിടൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് ഭൂമിയേറ്റെടുക്കലിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുൺ പറഞ്ഞു. റോഡ് ഉൾപ്പെടെ സൗകര്യങ്ങളില്ലാത്ത ഗ്രാമീണ മേഖലയിലാണു കല്ലിടുന്നത്. ചില മേഖലകളിൽ കല്ല് ചുമന്നു കൊണ്ടുപോകേണ്ടിവരും. കല്ലിടൽ തുടങ്ങിയതിനു ശേഷമേ പൂർത്തിയാകാനെടുക്കുന്ന കൃത്യമായ കാലയളവ് പറയാനാകൂവെന്നു അദ്ദേഹം പറഞ്ഞു.

ആകെ 2144 കല്ലുകൾ 

ജില്ലയിലൂടെ 53 കിലോമീറ്റർ ദൂരമാണു പാത കടന്നുപോകുന്നത്. ആകെ ഏറ്റെടുക്കുന്നത് 240 ഹെക്ടർ ഭൂമി. പാലക്കാട് അതിർത്തിയായ എടപ്പറ്റയിൽ തുടങ്ങി കോഴിക്കോട് അതിർത്തിയായ വാഴയൂർ വരെ 4 താലൂക്കുകളിലായി 15 വില്ലേജുകളിലാണു ഭൂമിയേറ്റെടുക്കുന്നത്. 50 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലുമാണു കല്ലിടുക. ആകെ 2144 കല്ലുകളാണു ജില്ലയിൽ സ്ഥാപിക്കുന്നത്.

ഉടമസ്ഥർ സ്ഥലത്തെത്തണം

കല്ലിടുന്ന സമയത്ത് ഭൂമിയുടെ ഉടമസ്ഥർ ആധാരവും നികുതിച്ചീട്ടുമായി സ്ഥലത്തെത്തണം. പാത കടന്നുപോകുന്ന ഇടങ്ങളിലെ ജനപ്രതിനിധികളുടെ യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നു. ജനപ്രതിനിധികൾ വഴിയാണ് ഭൂവുടമസ്ഥരെ വിവരങ്ങൾ അറിയിച്ചത്. റവന്യു ജീവനക്കാർ ജില്ലയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. ഭൂവുടമകൾ വിവരങ്ങൾ അറിഞ്ഞിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

നഷ്ടപരിഹാരം പിന്നീട് 

കല്ലിടൽ പൂർത്തിയായ ശേഷം റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തും. ഓരോ വ്യക്തിയിൽനിന്ന് എത്ര ഭൂമിയാണു ഏറ്റെടുക്കുന്നതെന്ന് ഈ ഘട്ടത്തിലാണു വ്യക്തമാകുക. ഏറ്റെടുക്കുന്ന ഭൂമിക്കും വസ്തുക്കൾക്കും നൽകുന്ന നഷ്ടപരിഹാരം അതിനു ശേഷമായിരിക്കും തീരുമാനിക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com