ADVERTISEMENT

മലപ്പുറം∙ കിഡ്നി രോഗികൾക്കു ഡയാലിസിസിന് സഹായധനം നൽകുന്ന പദ്ധതി ഏറ്റെടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ നിർവഹണ ഉദ്യോഗസ്ഥർക്കു മടി. ജില്ലയിലെ ഒരു തദ്ദേശസ്ഥാപനവും ഇതുവരെ പദ്ധതി ഏറ്റെടുത്തിട്ടില്ല. 14ാം പഞ്ചവത്സര പദ്ധതിയുടെ മാർഗനിർദേശ പ്രകാരം പഞ്ചായത്തുകൾക്ക് കിഡ്നി രോഗികൾക്കു ഡയാലിസിസ് നടത്തുന്നതിനു സഹായധനം നൽകാം. ആഴ്ചയിൽ 1,000 രൂപ വച്ച് ഒരുമാസം പരമാവധി 4,000 രൂപവരെയാണു നൽകുക.

നേരത്തേ പദ്ധതിയുടെ നിർവഹണച്ചുമതല ജില്ലാ മെഡിക്കൽ ഓഫിസർക്കായിരുന്നു. ഇതുമൂലമുള്ള പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ നിർവഹണച്ചുമതല അതതു തദ്ദേശ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫിസർമാർക്കു സർക്കാർ കൈമാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച നിർദേശം ലഭിച്ചില്ലെന്നു പറഞ്ഞാണു പദ്ധതി നിർവഹണത്തിൽനിന്ന് പിന്നോട്ടു നിൽക്കുന്നത്.

കിഡ്നി രോഗികൾക്കു സഹായധനം നൽകുന്നതിലുള്ള പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സർക്കാരിനു കത്തു നൽകിയിരുന്നു. സഹായധനം രോഗികൾക്കു നേരിട്ട് അക്കൗണ്ടിലേക്കു നൽകണമെന്ന നിർദേശമൊഴികെയുള്ളവയെല്ലാം സർക്കാർ അംഗീകരിച്ചു. ഇതുപ്രകാരം സർക്കാർ പുതിയ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

∙ തദ്ദേശ സ്ഥാപനങ്ങൾക്ക് ‍ഡയാലിസിസ് രോഗികൾക്കു സഹായധനം നൽകാൻ വിഹിതം വകയിരുത്താം. (ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ 25% വീതവും ഗ്രാമ പഞ്ചായത്ത് 50 ശതമാനവും). ഇതിനു ജില്ലാ ആസൂത്രണ സമിതി അംഗീകാരം വാങ്ങണം.
∙ കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മറ്റു സർക്കാർ സഹായങ്ങൾ എന്നിവ ലഭിക്കുന്ന രോഗികളെ ഒഴിവാക്കി വേണം ഗുണഭോക്തൃ പട്ടിക തയാറാക്കാൻ. പട്ടികയ്ക്കു ഗ്രാമസഭയുടെ അംഗീകാരം വേണം.
∙ ഗുണഭോക്തൃ പട്ടിക തയാറാക്കിയ ശേഷം കൂട്ടിച്ചേർക്കേണ്ടി വരുന്ന ഗുണഭോക്താക്കൾക്കുള്ള വിഹിതം ജില്ലാ/ ബ്ലോക്ക് പഞ്ചായത്തുകൾക്കു നൽകാൻ കഴിയാത്തപക്ഷം അവ മുഴുവൻ പഞ്ചായത്തുകൾ വഹിക്കണം. ഇതിനും ഗ്രാമസഭയുടെ അംഗീകാരം നേടണം.
∙ സഹായധനം സർക്കാർ/ സ്വകാര്യ ആശുപത്രികൾക്കാണു നൽകേണ്ടത്. ജില്ലയ്ക്കു പുറത്തുള്ള ആശുപത്രികളിലേക്കാണെങ്കിലും തുക നൽകാം.

മെഡിക്കൽ ഓഫിസർമാരുടെ യോഗം ചേരും

കിഡ്നി രോഗികൾക്കു ഡയാലിസിസിനുള്ള സഹായധനം നൽകുന്ന പ്രോജക്ടുകൾ വയ്ക്കുന്നതിൽ പഞ്ചായത്തുകൾ പിറകോട്ടു പോയ സാഹചര്യത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ ജില്ലയിലെ മെഡിക്കൽ ഓഫിസർമാരുടെ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com