ADVERTISEMENT

മലപ്പുറം ∙ മലബാറിൽ ആഴത്തിൽ വേരുകളാഴ്ത്തിയാണു ആര്യാടൻ മുഹമ്മദ് കേരള രാഷ്ട്രീയത്തിൽ വന്മരമായി വളർന്നത്. ഉന്നതങ്ങളിലേക്കു വളർന്നപ്പോൾ വേരുകളുമായുള്ള ബന്ധം മുറിഞ്ഞില്ല, കൊടുങ്കാറ്റിനും ഇളക്കാനാവാത്ത ഒറ്റമരം പോലെ അതു കരുത്തുറ്റതായി മാറുകയും ചെയ്തു. പ്രവർത്തകരെ ചേർത്തുപിടിക്കുന്ന, പാർട്ടി വികാരം ഉയർത്തിപ്പിടിക്കുന്ന ഈ ആര്യാടൻ ശൈലി അദ്ദേഹത്തെ അണികളുടെ മനസ്സിൽ കിരീടംവയ്ക്കാത്ത സുൽത്താനാക്കി. ആളിലും അർഥത്തിലും ലീഗിനും സിപിഎമ്മിനും പിന്നിൽ മൂന്നാം കക്ഷിയാണു മലപ്പുറത്തെ കോൺഗ്രസ്. തലയെടുപ്പിലും ജനസമ്മതിയിലും ആര്യാടൻ പക്ഷേ, എക്കാലവും മുൻ നിരയിലുണ്ടായിരുന്നു.

ആര്യാടൻ മുഹമ്മദിന്റെ ഭൗതികശരീരം മലപ്പുറം ഡിസിസിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ പ്രാർഥന നടത്തുന്ന മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി.

മല കയറി, ഒറ്റയാനായി

അവിഭക്ത കോഴിക്കോട് ജില്ലയിലാണു ആര്യാടൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ഇന്നത്തെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളും പാലക്കാട് ജില്ലയുടെ ഒരു ഭാഗവും ഉൾപ്പെടുന്നതാണു അന്നത്തെ കോഴിക്കോട്. ഡിസിസിയുടെ പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിമാരിലൊരാളായെങ്കിലും മലപ്പുറം ജില്ലാ രൂപീകരണത്തിനു ശേഷമായിരുന്നു ആര്യാടന്റെ രാഷ്ട്രീയ വളർച്ച. കിഴക്കൻ ഏറനാട്ടിന്റെ ഭൂപടത്തിൽ ചുവപ്പുരാശി പടരുന്നു കാലം.

ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം നിലമ്പൂരിലെ വീട്ടിലെത്തിച്ചപ്പോൾ വിതുമ്പുന്ന ബന്ധുക്കൾ.

ജില്ലയുടെ മറ്റു ഭാഗങ്ങളിൽ ശക്തമായിരുന്ന ലീഗ് രാഷ്ട്രീയത്തെ മറികടന്നു സിപിഎമ്മിന്റെ വളർച്ച അതിവേഗമായിരുന്നു. മേഖലയിലെ തോട്ടം തൊഴിലാളികളും പാവപ്പെട്ടവരുമായിരുന്നു സിപിഎമ്മിന്റെ അടിത്തറ. അക്കാലത്താണ് ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ ഭാഗമായി നിലമ്പൂർ എസ്റ്റേറ്റ് യൂണിയൻ രൂപീകരിച്ച് ആര്യാടൻ കാടു കയറിത്തുടങ്ങിയത്. കിലോമീറ്ററുകളോളം നടന്ന് തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു.

1. നിലമ്പൂരിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് സമീപം., 2. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പി.വി.അബ്ദുൽ വഹാബ് എംപി, ടി.കെ.ഹംസ എന്നിവർ‌ ആര്യാടൻ മുഹമ്മദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

അവരെ കോൺഗ്രസിനു കീഴിൽ അണിനിരത്തി. തോട്ടം തൊഴിലാളികളുടെ വീടുകളിൽ കിടന്നുറങ്ങി, വീട്ടിൽ നിന്നു മാസങ്ങളോളം വിട്ടു നിന്നു അന്ന് ആര്യാടൻ നടത്തിയ കഠിനാധ്വാനമാണു കിഴക്കൻ ഏറനാട്ടിൽ കോൺഗ്രസിനെ ഇന്നും രാഷ്ട്രീയ ശക്തിയായി നിലനിർത്തുന്നത്. ആ കാടു കയറ്റങ്ങളോടെയാണു മലബാർ രാഷ്ട്രീയത്തിലെ ഒറ്റയാനിലേക്കുള്ള ആര്യാടന്റെ വളർച്ചയുടെ തുടക്കം.

കൊണ്ടത് ലീഗിനെങ്കിൽ പറഞ്ഞത് ആര്യാടൻ

കൊച്ചി, തിരുവിതാംകൂർ മേഖലകളിൽ നിന്നു വ്യത്യസ്തമായി ലീഗിനോടുള്ള എതിർപ്പ് മലബാറിലെ കോൺഗ്രസുകാരുടെ ജനിതക ഘടനയിലുണ്ട്. കേരള രൂപീകരണത്തിനു മുൻപ് മദ്രാസ് അസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പുകളിലും സ്വാതന്ത്ര്യത്തിനു മുൻപ് നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പുകളിലും ലീഗും കോൺഗ്രസും നേരിട്ടായിരുന്നു ഏറ്റുമുട്ടിയത്. കേരളത്തിന്റെ രൂപീകരണത്തിനു ശേഷം രാഷ്ട്രീയ സമ്മർദം ലീഗുമായി സഖ്യം അനിവാര്യമാക്കിയെങ്കിലും മലബാറിലെ കോൺഗ്രസുകാർ അതുൾക്കൊണ്ടിരുന്നില്ല.

മലബാറിലെ കോൺഗ്രസുകാരുടെ ഈ വികാരത്തെ തൃപ്തിപ്പെടുത്തുന്നതായിരുന്നു ആര്യാടന്റെ ലീഗ് വിമർശനങ്ങൾ. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെയും സി.കെ.ഗോവിന്ദൻ നായരെയും ഗുരുതുല്യരായി കാണുന്ന ആര്യാടനു മറ്റൊന്നാകാനാകുമായിരുന്നില്ല. ലീഗിന്റെ പരമോന്നത നേതാവായ പാണക്കാട് തങ്ങൾക്കെതിരെ പോലും വിമർശനമുന്നയിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു അതു കൊണ്ടുവരാൻ ഒരിക്കൽ പോലും ആര്യാടൻ തയാറായില്ല.

തിരൂരങ്ങാടിയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എ.കെ.ആന്റണി മത്സരിച്ചപ്പോൾ പ്രചാരണച്ചുമതല ആര്യാടനായിരുന്നു. അന്നു ലീഗ് നൽകിയ സഹായത്തിനു നന്ദി പറയാൻ ആര്യാടൻ മടിച്ചില്ല. വർഗീയതയ്ക്കെതിരെ അടിയുറച്ച നിലപാടെടുത്ത ആര്യാടൻ, തീവ്ര സ്വഭാവമുള്ള സംഘടനകൾ മുസ്‌ലിം സമുദായത്തിൽ സ്വാധീനമുറപ്പിക്കുന്നതു തടയുന്നതിൽ ലീഗിനുള്ള പങ്ക് അംഗീകരിച്ചിരുന്നു. മുസ്‌ലിം ലീഗുമായി അഭിപ്രായ ഭിന്നതയുള്ള സമുദായ സംഘടനകൾ യുഡിഎഫിൽ നിന്നു അകലുന്നതു ഒരു പരിധിവരെ പിടിച്ചു നിർത്താനും ആര്യാടന്റെ മലബാർ തന്ത്രങ്ങൾക്കായിട്ടുണ്ട്.

സമസ്തയിലെ പിളർപ്പിനു ശേഷം കാന്തപുരം വിഭാഗത്തിന്റെ പരിപാടികളിൽ നിത്യ സാന്നിധ്യമായിരുന്നത് ഉദാഹരണം. ഒരു പ്രായം കഴിഞ്ഞാൽ പ്രതാപം അവസാനിക്കുന്നതാണു കോൺഗ്രസിലെ പതിവ്. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. ആര്യാടൻ പക്ഷേ, അവസാനകാലം വരെ ജനകീയനായി, സ്വീകാര്യനായി നിലകൊണ്ടു. മറുപക്ഷത്ത് നേതാക്കൾ മാറി മാറി വന്നു. സിപിഎമ്മിൽ ഇമ്പിച്ചി ബാവ മുതൽ പാലോളിവരെയുള്ളവർ വന്നു.

ലീഗിൽ പാണക്കാട് തങ്ങൾ കുടുംബത്തിലെ തലമുറകൾ മാറി. കാലം കരുത്തു കൂട്ടിയ നിലമ്പൂർ തേക്കുപോലെ ആര്യാടൻ മലബാറിലെ കോൺഗ്രസ് മുഖമായി തലയുയർത്തി നിന്നു. ലീഗും ആര്യാടനും വാക്കുകൾ കൊണ്ടു രൂക്ഷമായി ഏറ്റുമുട്ടുന്ന കാലം. ആര്യാടൻ മിതത്വം പാലിക്കണമെന്ന പ്രസ്താവനകൾ കോൺഗ്രസ് നേതാക്കളിൽ നിന്നു തന്നെ വന്നു തുടങ്ങിയിരുന്നു. ഹൈക്കമാൻഡ് നേതാക്കളുൾപ്പെടെ പങ്കെടുത്ത് കോട്ടപ്പടിയിൽ കോൺഗ്രസിന്റെ പൊതുയോഗം. കൈ കൊണ്ട് ഷർട്ടിന്റെ കോളർ ഉയർത്തി, ഉന്നംവയ്ക്കുന്നതു പോലെ ആര്യാടൻ പ്രസംഗിച്ചു തുടങ്ങി.

മലപ്പുറത്തെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം ആർക്കു മുന്നിലും അടിയറവയ്ക്കില്ലെന്നായിരുന്നു പ്രസംഗത്തിന്റെ കാതൽ. പ്രസംഗം അവസാനിച്ചപ്പോൾ കയ്യടിയും ആര്യാടനുള്ള ജയ് വിളികളും നീണ്ടു നിന്നതു കാൽ മണിക്കൂർ നേരം. അണികളുടെ ‘ഹൈക്കമാൻഡ്’ ആരാണെന്നു അതോടെ ബോധ്യപ്പെട്ടു. അതെ, നിലമ്പൂരിലെ ആര്യാടൻ ഹൗസ് തെക്കൻ മലബാറിലെ കോൺഗ്രസ് പ്രവർത്തകരുടെ ആശാകേന്ദ്രമായിരുന്നു, ആര്യാടൻ അവരുടെ ഒരേയൊരു ഹൈക്കമാൻഡും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com