തീയിൽ കുരുത്ത നേതാവ്, ജയിലിൽ കൊള്ളാത്ത വീര്യം, തടവറ തോറ്റുപോയ കാലം; ആര്യാടൻ മുഹമ്മദിനെ അനുസ്മരിക്കുന്നു

തിരഞ്ഞെടുപ്പിൽ വോട്ടഭ്യർഥിക്കുന്ന ആര്യാടൻ മുഹമ്മദ് (ഫയൽ ചിത്രം)
SHARE

‘കോഴിക്കോട് സബ് ജയിലിലെ കമ്പിക്കൂടിനകത്തുനിന്ന് ആര്യാടൻ ഞങ്ങളെ നോക്കി. മാസങ്ങൾക്ക് മുൻപ് മാനാഞ്ചിറ മൈതാനത്ത് കണ്ട നേതാവിൽ നിന്ന് അൽപം ഉശിര് കൂടിയതുപോലെയാണ് എനിക്കു തോന്നിയത്’. മുതിർന്ന കോൺഗ്രസ് നേതാവ് സി.ഹരിദാസ് ആര്യാടൻ മുഹമ്മദിനെ അനുസ്മരിക്കുന്നു

പൊന്നാനി ∙ കുറ്റം സഖാവ് കുഞ്ഞാലിയുടെ കൊലപാതകമാണ്.. ആര്യാടൻ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നു. പാർട്ടിയിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയ ഇൗ സംഭവം നടക്കുന്നതിനു ദിവസങ്ങൾക്ക് മുൻപാണ് ഞാൻ ആര്യാടൻ മുഹമ്മദ് എന്ന നേതാവിനെ ആദ്യമായി കാണുന്നത്. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് കെഎസ്‍യു സംസ്ഥാന സമ്മേളനം നടക്കുകയായിരുന്നു.. ആവേശത്തോടെ ഞാനും താനൂരിൽ നിന്നുള്ള യു.കെ.ഭാസിയും സമ്മേളന നഗരിയിലുണ്ട്.

സി.ഹരിദാസ്

ഞാൻ പാലക്കാട് ജില്ലയുടെ ഭാഗമായതിനാൽ അതുവരെ ആര്യാടനെ നേരിട്ട് പരിചയമില്ല. ഭാസിക്ക് നന്നായി അറിയാം. അന്നത്തെ സ്‌ലാക്ക് ഷർട്ടുമിട്ടൊരാൾ ഭാസിയുടെ ചുമലിൽ തട്ടി വിശേഷം ചോദിക്കാനെത്തി. ഭാസി എന്നെ ചൂണ്ടിക്കൊണ്ട് അദ്ദേഹത്തിന് പരിചയപ്പെടുത്തി.. ഇത് സി.ഹരിദാസ്. അദ്ദേഹം എനിക്ക് കൈ തന്നു. ഭാസി പറഞ്ഞു..– ‘ഇതാണ് ആര്യാടൻ മുഹമ്മദ്’.

തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ നിലമ്പൂരിൽ ജീപ്പിൽ വന്നിറങ്ങുന്ന ആര്യാടൻ മുഹമ്മദ്. (ഫയൽ ചിത്രം)

ജയിലിൽ കൊള്ളാത്ത വീര്യം

∙ കൊലക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ട ആര്യാടൻ ഇരട്ടിക്കരുത്തോടെ നിൽക്കുകയായിരുന്നു. കോഴിക്കോട് സബ് ജയിലിൽ ഞാനും ഭാസിയും ആര്യാടനെ കാണാൻ പോയി. ആര്യാടന്റെ ബാപ്പയും അന്ന് അവിടെയുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും ആര്യാടൻ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. പ്രവർത്തനം ഉൗർജിതമാക്കാൻ അറിയിച്ചു.

ആര്യാടൻ ജയിലിനകത്തായി അയാളുടെ കാലം കഴിഞ്ഞുവെന്ന കരക്കമ്പികൾ പുറത്ത് ഉയരുമ്പോഴാണ് പഴയതിനെക്കാൾ കരുത്തോടെ ആര്യാടൻ ജയിലിൽ കഴിഞ്ഞത്. മാനാഞ്ചിറ മൈതാനത്ത് ആദ്യമായി കാണുമ്പോഴുള്ളതിനെക്കാൾ ഇരട്ടി ഉൗർജം ജയിലിനകത്തു കിടക്കുന്ന ആ മനുഷ്യന്റെ മുഖത്തുണ്ടായിരുന്നു.

തടവറ തോറ്റുപോയ കാലം

∙ മഞ്ചേരിയിൽ എം.പി.ഗംഗാധരന്റെ വീട്ടിൽ അടിയന്തര പാർട്ടി യോഗം ചേർന്നു. മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടിരിക്കുന്നു. പാർട്ടിക്ക് പുതിയ ഡിസിസി പ്രസിഡന്റ് വേണം. ആർക്കും തർക്കമുണ്ടായിരുന്നില്ല. ഡിസിസി പ്രസിഡന്റ് ജയിലിൽ കിടക്കുന്ന ആര്യാടൻ തന്നെയാവട്ടെ. പാർട്ടി ഒറ്റക്കെട്ടായി ആ തീരുമാനത്തെ അംഗീകരിച്ചു. പി.ടി.മോഹനകൃഷ്ണൻ വൈസ് പ്രസിഡന്റുമായി.

തൊട്ടുപിന്നാലെ മലപ്പുറത്ത് ഷൺമുഖദാസിന്റെ നേതൃത്വത്തിൽ ചേർന്ന യൂത്ത് കോൺഗ്രസ് യോഗത്തിൽ എന്നെ പ്രഥമ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. ആര്യാടൻ ജയിലിൽ നിന്ന് അറിയിച്ചതു പ്രകാരം അരീക്കോടുനിന്നുള്ള കെപിസിസി അംഗമായി എന്നെ തിരഞ്ഞെടുത്തു. വൈകാതെ ആര്യാടന് ജാമ്യം കിട്ടി. കോഴിക്കോട് നിന്ന് നൂറോളം കാറുകളുടെ അകമ്പടിയോടെ ഞങ്ങൾ ആര്യാടനെ നിലമ്പൂരിലെ വീട്ടിലെത്തിച്ചു.

കോട്ടപ്പടിയിലെ ഒറ്റമുറി ഓഫിസ്

∙ മലപ്പുറത്ത് പാർട്ടിക്ക് ഒരു ഓഫിസ് വേണം. കുറഞ്ഞ വാടകയ്ക്ക് ഞങ്ങൾ കോട്ടപ്പടിയിൽ ഓടുമേഞ്ഞ ഒരു പഴയ കെട്ടിടത്തിന്റെ തട്ടിൻപുറത്ത് ഒറ്റ മുറി ഒപ്പിച്ചു. പിന്നെ അവിടെയായിരുന്നു ഞങ്ങളുടെ ജീവിതം. ഞാനും ഭാസിയും ആര്യാടനും എത്രയോ ദിവസങ്ങൾ ആ ഒറ്റമുറിയിൽ കഴിച്ചു കൂട്ടി. കെട്ടിടത്തോടു ചേർന്ന് ഒരു കിണറുണ്ട്. അവിടെയാണ് കുളി. താഴെ ഒരു ഹോട്ടലുണ്ട് അവിടെയാണ് ഭക്ഷണം.

ചില ദിവസങ്ങളിൽ കുറച്ചപ്പുറത്തുള്ള പുഴയിലേക്ക് ഞാനും ഭാസിയും കുളിക്കാൻ പോകും. ആര്യാടന് കിണറിന്റെ കൊട്ടത്തളം തന്നെയായിരുന്നു എന്നും കുളിമുറി. ചിലപ്പോൾ നിലമ്പൂരിൽ ആര്യാടന്റെ വീട്ടിലും ഞങ്ങൾ തങ്ങാറുണ്ട്. ഒരാഴ്ചയൊക്കെ തുടർച്ചയായി നിന്ന കാലമുണ്ട്. അക്കാലത്താണ് ആ ഭിന്നിപ്പുണ്ടായത്. പാർട്ടിയിലെ പിളർപ്പ്.

ഡിസിസിക്ക് കിട്ടിയ ജീപ്പ്

∙ കോൺഗ്രസ് നേതൃത്വം എല്ലാ ഡിസിസികൾക്കും ഓരോ ജീപ്പ് അനുവദിച്ച കാലം. മലപ്പുറത്ത് ഞങ്ങൾക്കും കിട്ടി ഒരു ഉഗ്രൻ ജീപ്പ്. തട്ടിൻപുറത്തെ പാർട്ടി ഓഫിസിൽ നിന്ന് ഡ്രൈവിങ് പഠിക്കാനായി ആര്യാടനും ഞാനും ഭാസിയും ഒരുങ്ങിയിറങ്ങി. പെട്ടെന്നു പഠിക്കാൻ ഏറ്റവും നല്ലത് അരീക്കോടാണെന്ന് ആരോ പറഞ്ഞു. ഞങ്ങളങ്ങനെ ജീപ്പുമായി അരീക്കോടെത്തി.

ഞാൻ കുറേ ശ്രമിച്ചിട്ടും ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഗിയറും ക്ലച്ചും കൺഫ്യൂഷനാക്കി കൊണ്ടേയിരുന്നു.. ഭാസി കുറച്ചൊക്കെ പഠിച്ചു.. പിന്നെ ആര്യാടന്റെ ഉൗഴമായിരുന്നു.. ആത്മവിശ്വാസത്തോടെയുള്ള ആര്യാടന്റെ പോക്ക് ഇടയ്ക്കൊന്ന് പതറി. ജീപ്പ് തലകീഴായി മറിഞ്ഞു.. ഭാഗ്യത്തിന് നിസ്സാര പരുക്കോടെ രക്ഷപ്പെട്ടെങ്കിലും അതോടെ ഡ്രൈവിങ് പഠിക്കാനുളള ഉദ്യമം ഉപേക്ഷിക്കേണ്ടി വന്നു.

നിലമ്പൂരിൽ ഹരി മത്സരിക്കട്ടെ

∙ സി.അച്യുതമേനോൻ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രി കെ.കരുണാകരനുമായിരുന്ന കാലത്താണ് ആന്റണി വിഭാഗത്തിലേക്ക് ഞങ്ങൾ ചേക്കേറിത്തുടങ്ങിയത്. വലത്തുനിന്ന് ഇടത്തോട്ടേക്കായി ഞങ്ങളുടെ യാത്ര. തൊട്ടുപിന്നാലെ 1980ൽ ലോക്സഭാ തിര‍ഞ്ഞെടുപ്പ് വന്നപ്പോൾ പൊന്നാനിയിൽ നിന്നുള്ള കോൺഗ്രസ് (യു) സ്ഥാനാർഥിയായി ആര്യാടൻ നിയോഗിക്കപ്പെട്ടു. ഇടതുപക്ഷത്തോടൊപ്പമായിരുന്നു ഞങ്ങൾ ഉൾപ്പെട്ട കോൺഗ്രസ് (യു) അന്ന്. ഇതിനിടയിലാണ് നിയമസഭാ തിര‍ഞ്ഞെടുപ്പിന്റെ പ്രഖ്യാപനവും വരുന്നത്. വെളിയങ്കോട് അങ്ങാടിയിൽ ആര്യാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനമറിയുന്നത്.

ഉടൻ ആര്യാടൻ പറഞ്ഞു.. ‘നിലമ്പൂരിൽ ഹരി മത്സരിക്കട്ടെ..’– ആര്യാടന് ഞാൻ പിടികൊടുത്തില്ല. ഞാൻ ആര്യാടന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് നീങ്ങി. ഇതിനിടയിൽ പുറത്തൂരിൽ ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ നിലമ്പൂരിൽ നിന്നുള്ള പ്രവർത്തകർ വന്ന് എന്നെ കയ്യോടെ കൂട്ടിക്കൊണ്ടുപോയി. നിയമസഭാ സ്ഥാനാർഥിയാക്കി. ഇഎംഎസ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനത്തിൽ നിലമ്പൂരുകാർക്ക് ഇഎംഎസ് എന്നെ പരിചയപ്പെടുത്തി..വോട്ടഭ്യർഥിച്ചു..– ‘ഇടതുപക്ഷ മുന്നണി സ്ഥാനാർഥി സി.ഹരിദാസിനെ വിജയിപ്പിക്കണം.’

10 ദിവസം എംഎൽഎ

∙ ടി.കെ.ഹംസയ്ക്കെതിരെ നിലമ്പൂർ മണ്ഡലത്തിൽ നിന്നു വ്യക്തമായ ഭൂരിപക്ഷത്തോടെ ഞാൻ ജയിച്ചു. ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ആര്യാടൻ തോറ്റു. ജയത്തിനു തുല്യമുള്ള തോൽവിയെന്നു പറയേണ്ടി വരും ആര്യാടന്റേത്. പക്ഷേ, നേതാവ് തോറ്റു.. ഞാൻ ജയിച്ചു. പാർട്ടി സംവിധാനം മുന്നോട്ടുപോകാൻ ആ രാഷ്ട്രീയം തിരുത്തേണ്ടിയിരുന്നു.. ആര്യാടൻ ജയിക്കുക തന്നെ വേണം. അതായിരുന്നു പാർട്ടി തീരുമാനം.. എന്റെയും. പി.സി.ചാക്കോയുടെ വീട്ടിൽ അടിയന്തര യോഗം ചേർന്നു.. ആന്റണിയും ഉമ്മൻ ചാണ്ടിയുമെല്ലാമുണ്ടായിരുന്നു.

ഞാൻ രാജിവച്ച് ആര്യാടൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുക.. ആ തീരുമാനത്തിലേക്ക് പാർട്ടിയെത്തി. ഞാൻ അനുസരിച്ചു.. അങ്ങനെ 10 ദിവസം മാത്രം നീണ്ട നിലമ്പൂരിൽ നിന്നുള്ള എന്റെ നിയമസഭാംഗത്വം ഞാൻ രാജിവച്ചു. ഏറ്റവും കുറഞ്ഞകാലം എംഎൽഎ സ്ഥാനത്തിരുന്ന വ്യക്തി എന്ന റെക്കോർഡ് ഇപ്പോഴും എന്റെ പേരിലാണ്. നടന്ന ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ജയിച്ചു. തൊട്ടുപിന്നാലെ എന്നെ രാജ്യസഭയിലേക്ക് അയയ്ക്കാനും തീരുമാനമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}